മലപ്പുറം: നിലമ്പൂരില്‍ പാരമ്പര്യ വൈദ്യന്‍ ഷാബ ഷെരീഫിനെ കൊന്നു വെട്ടി നുറുക്കി പുഴയില്‍ എറിഞ്ഞ കേസില്‍ മുഖ്യപ്രതി ഷൈബിന്‍ അഷ്റഫിന്റെ ഭാര്യ ഫസ്നയെ പൊലീസ് അറസ്റ്റ് ചെയ്തു. വയനാട്ടില്‍ നിന്നാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. ഫസ്നയ്ക്ക് കുറ്റകൃത്യത്തെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നും തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നെന്നും പൊലീസ് വ്യക്തമാക്കി.
ഒരു വര്‍ഷത്തോളം ചങ്ങലയ്ക്കിട്ട് പീഡിപ്പിച്ച ശേഷമാണ് മൈസൂരു സ്വദേശിയായ വൈദ്യനെ കൊലപ്പെടുത്തിയത്. മൃതദേഹം കണ്ടെത്താനാകാത്ത കേസില്‍ പരമാവധി ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. 2019 ഓഗസ്റ്റിലാണ് മൈസൂരു സ്വദേശിയായ പാരമ്പര്യ വൈദ്യന്‍ ഷാബാ ഷരീഫിനെ നിലമ്പൂരിലേക്ക് തട്ടിക്കൊണ്ടു വന്നത്.
വ്യവസായിയായ നിലമ്പൂര്‍ മുക്കട്ട സ്വദേശി ഷൈബിന്‍ അഷ്‌റഫും സംഘവുമാണ് വൈദ്യനെ തട്ടിക്കൊണ്ടു വന്നത്. മൂലക്കുരുവിനുള്ള ഒറ്റമൂലി മരുന്നിന്റെ രഹസ്യം ചോര്‍ത്താനായിരുന്നു ഇത്. ഒരു വര്‍ഷം ചങ്ങലയ്ക്കിട്ട് പീഡിപ്പിച്ചിട്ടും വൈദ്യന്‍ മരുന്നിന്റെ രഹസ്യം പറഞ്ഞു കൊടുത്തിരുന്നില്ല. 2020 ഒക്ടോബറില്‍ മര്‍ദ്ദനത്തിനിടെ ഷാബാ ഷരീഫ് മരിക്കുകയായിരുന്നു.
തുടര്‍ന്ന് മൃതദേഹം കഷണങ്ങളാക്കി ചാലിയാറില്‍ തള്ളാന്‍ ഷൈബിന്‍ അഷ്റഫ് കൂട്ടുകാരുടെ സഹായം തേടി. ഇവര്‍ക്ക് പ്രതിഫലം നല്‍കാമെന്ന് വാഗ്ദാനം ചെയ്തെങ്കിലും നല്‍കിയില്ല. 2022 ഏപ്രില്‍ 24ന് കൂട്ടുപ്രതികളായ സുഹൃത്തുക്കള്‍ ഷൈബിന്‍ അഷ്റഫിനെ ബന്ദിയാക്കി പണം കവര്‍ന്നു. കവര്‍ച്ചയില്‍ പരാതിയുമായി ഷൈബിന്‍ പൊലീസിനെ സമീപിച്ചതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.
പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ കൊലപാതക രഹസ്യം ഇവര്‍ വെളിപ്പെടുത്തുകയായിരുന്നു. ഇവര്‍ നല്‍കിയ പെന്‍ഡ്രൈവില്‍ നിന്ന് വൈദ്യനെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പൊലീസിന് കിട്ടി. മുഖ്യ പ്രതി ഷെബിന്‍ അഷ്‌റഫ്, മൃതദേഹം പുഴയിലെറിയാല്‍ സഹായിച്ച വയനാട് സ്വദേശികളായ ഷിഹാബുദ്ദീന്‍, നൗഷാദ്, നിലമ്പൂര്‍ സ്വദേശി നിഷാദ് എന്നിവര്‍ അറസ്റ്റിലാവുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.