കോംഗോ: യു.എന്‍ സമാധാന സേനയുടെ ഭാഗമായ രണ്ട് ഇന്ത്യന്‍ സൈനികര്‍ ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച യു.എന്‍ വിരുദ്ധ പ്രക്ഷോഭത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ അഞ്ചുപേര്‍ മരിച്ചിരുന്നു. ഇതില്‍ രണ്ടു പേര്‍ ബി.എസ്.എഫ് സൈനികരാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. കോംഗോയുടെ കിഴക്കന്‍ നഗരമായ ഗോമയില്‍ രണ്ടാംദിനം നടന്ന പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. 50 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
രാജ്യത്ത് സമാധാനം പുനസ്ഥാപിക്കാനുള്ള യു.എന്‍ ദൗത്യത്തിന്റെ ഭാഗമായാണ് ബി.എസ്.എഫ് സൈനികര്‍ കോംഗോയിലെത്തിയത്. പട്ടാള ഭരണത്തിനു കീഴില്‍ അടിച്ചമര്‍ത്തപ്പെട്ട കോംഗോ ജനതയെ സംരക്ഷിക്കാന്‍ യു.എന്‍ സമാധാന സേനക്ക് കഴിഞ്ഞില്ലെന്ന് ആരോപിച്ചാണ്
നൂറിലധികം വരുന്ന പ്രക്ഷോഭകാരികള്‍ രാജ്യത്ത് അക്രമം അഴിച്ചുവിട്ടത്. പ്രക്ഷോഭകാരികള്‍ക്കു നേരെ യു.എന്‍ സമാധാന സേന കണ്ണീര്‍ വാതകം പ്രയോഗിക്കുകയും പലതവണ വെടിയുതിര്‍ക്കുകയും ചെയ്തു. വെടിയേറ്റ് രണ്ടു പ്രക്ഷോഭകാരികളും കൊല്ലപ്പെട്ടു.
'രണ്ട് ധീരരായ ഇന്ത്യന്‍ സമാധാന സേനാംഗങ്ങളുടെ നഷ്ടത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായും ഹീനമായ ആക്രമണം നടത്തിയ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ആവശ്യപ്പെട്ടു. സൈനികളുടെ കുടുംബാംഗങ്ങളെ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. മരിച്ച സൈനികരുടെ പേരു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
കോംഗോയില്‍ സ്ഥാപിച്ചിട്ടുള്ള ഇന്ത്യന്‍ സമാധാന സേനയുടെ സൈനികബേസ് കൊള്ളയടിക്കാനും തീയിടാനുമുള്ള കൊള്ളക്കാരുടെ ശ്രമം ഇന്ത്യന്‍ സേന തകര്‍ത്തു. സൈനിക ക്യാമ്പും ആശുപത്രിയും അടങ്ങുന്ന സേനാബേസ് ആക്രമിച്ചു കൊള്ളയടിക്കാനാണ് ആയുധധാരികള്‍ ശ്രമിച്ചത്.
കോംഗോയിലെ യുഎന്‍ സമാധാനദൗത്യമായ മോനസ്‌കോയുടെ ഭാഗമായാണ് ഇന്ത്യന്‍ സമാധാന സേന ഇവിടെ നിലയുറപ്പിച്ചത്. ഐക്യരാഷ്ട്രസഭയുടെ ചില ഓഫിസുകളും കൊള്ളയടിക്കാനായി ശ്രമം നടക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഇതെക്കുറിച്ച് ശക്തമായ നിരീക്ഷണം നടത്തിവരികയാണെന്നും സേനാവൃത്തങ്ങള്‍ അറിയിച്ചു. വിന്യസിച്ചിരിക്കുന്ന മേഖലകളില്‍ യുഎന്‍ ഉദ്യോഗസ്ഥരുടെയും വസ്തുവകകളുടെയും സംരക്ഷണം ഇന്ത്യന്‍ സേനാംഗങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്.
കോംഗോയില്‍ ഉടലെടുത്തിരിക്കുന്ന സായുധ സംഘര്‍ഷങ്ങളെ നേരിടാനാണ് വിവിധ രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ മോനസ്‌കോ ദൗത്യം യുഎന്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. മേയ് 22-ന് കോംഗോ ദേശീയ ആര്‍മിയെയും മോനസ്‌കോയെയും ലക്ഷ്യമിട്ട് നടന്ന സായുധസംഘങ്ങളുടെ ആക്രമണം ഇന്ത്യന്‍ ആര്‍മി ഉള്‍പ്പെട്ട സമാധാന സേന പരാജയപ്പെടുത്തിയിരുന്നു.
യുഎന്‍ സമാധാനസേനയില്‍ ശക്തമായ പങ്കാളിത്തം ഇന്ത്യന്‍ സേനയ്ക്കുണ്ട്. ലോകമാകെ യു.എന്‍ നടപ്പിലാക്കിയിരിക്കുന്ന 14 സമാധാന സേനകളില്‍ എട്ടിലും ഇന്ത്യന്‍ സേനയുടെ സാന്നിധ്യമുണ്ട്.
5400ല്‍ അധികം ഇന്ത്യന്‍ സൈനികര്‍ ഇതിന്റെ ഭാഗമായി ലോകത്ത് വിവിധയിടങ്ങളില്‍ സേവനം അനുഷ്ഠിക്കുന്നു. കോംഗോ, ലബനന്‍, സൗത്ത് സുഡാന്‍, സിറിയ, സഹാറാ മേഖല, സൈപ്രസ് മേഖല തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.