ഇടുക്കി മെഡിക്കല്‍ കോളജിന് കേന്ദ്ര അംഗീകാരം: 100 സര്‍ക്കാര്‍ സീറ്റില്‍ കൂടി എം.ബി.ബി.എസ് പ്രവേശനം

ഇടുക്കി മെഡിക്കല്‍ കോളജിന് കേന്ദ്ര അംഗീകാരം: 100 സര്‍ക്കാര്‍ സീറ്റില്‍ കൂടി എം.ബി.ബി.എസ് പ്രവേശനം

തിരുവനന്തപുരം: ഇടുക്കി ഗവൺമെന്റ് മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥി പ്രവേശനത്തിന് ദേശീയ മെഡിക്കല്‍ കമ്മീഷന്റെ അനുമതി. നീണ്ട പരിശ്രമത്തിനൊടുവിലാണ് അനുമതി ലഭിക്കുന്നത്.

100 എം.ബി.ബി.എസ് സീറ്റാണ് അനുവദിച്ചത്. ഈ വര്‍ഷം ക്ലാസ് ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇടുക്കി മെഡിക്കല്‍ കോളജിന് അംഗീകാരമായതോടെ സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളുടെ എണ്ണം 11 ആയി. നിലവില്‍ 10 കോളജുകളില്‍ 1555 എം.ബി.ബി.എസ് സീറ്റാണുള്ളത്. അത് 1655 ആയി ഉയരും.

നേരത്തേ ഇടുക്കി മെഡിക്കല്‍ കോളജില്‍ 2014, 15 വര്‍ഷങ്ങളില്‍ 50 വിദ്യാര്‍ഥികളെ വീതം മെഡിക്കല്‍ കൗണ്‍സില്‍ അനുമതിയോടെ പ്രവേശിപ്പിച്ചിരുന്നെങ്കിലും 2016 ല്‍ അംഗീകാരം ലഭിച്ചില്ല. സൗകര്യമില്ലാത്ത കോളജില്‍നിന്ന് വിദ്യാര്‍ഥികളെ മറ്റ് കോളജുകളിലേക്ക് മാറ്റി.

പിന്നീട് അംഗീകാരം വീണ്ടെടുക്കാനുള്ള നടപടി വൈകി. മതിയായ സൗകര്യമില്ലാതെ തുടങ്ങിയ കോളജില്‍ തുടര്‍വികസന പ്രവര്‍ത്തനങ്ങള്‍ നടക്കാത്തതാണ് അന്ന് തിരിച്ചടിയായത്. ദേശീയ മെഡിക്കല്‍ കമ്മീഷൻ നിര്‍ദേശിച്ച രീതിയിലുള്ള ഭൗതിക സൗകര്യങ്ങള്‍ ഒരുക്കിയും അധ്യാപകരെയും ജീവനക്കാരെയും നിയമിച്ചുമാണ് വീണ്ടും അനുമതിക്കായി കമ്മീഷനെ സമീപിച്ചത്.

സര്‍ക്കാര്‍ മേഖലയിലെ 1655 എം.ബി.ബി.എസ് സീറ്റുകള്‍ക്ക് പുറമെ 19 സ്വാശ്രയ മെഡിക്കല്‍ കോളജുകളിലായി 2350 എം.ബി.ബി.എസ് സീറ്റുകളുമുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.