കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപത ആര്‍ച്ച് ബിഷപ്പ് ആന്റണി കരിയിലിന്റെ രാജി സ്വീകരിച്ച ഫ്രാന്‍സിസ് മാര്‍പാപ്പ അതിരൂപതയുടെ അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്ററായി ആര്‍ച്ചുബിഷപ്പ് ആന്‍ഡ്രൂസ് താഴത്തിനെ നിയമിച്ചു. ഇതുസംബന്ധിച്ച പ്രഖ്യാപനം ജൂലൈ 30 ശനിയാഴ്ച ഇറ്റാലിയന്‍ സമയം ഉച്ചയ്ക്ക് 12ന് വത്തിക്കാനിലും ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30ന് സഭാ കാര്യാലയമായ മൗണ്ട് സെന്റ് തോമസിലും എറണാകുളം-അങ്കമാലി അതിരൂപതയുടെ ആസ്ഥാനത്തൂം നടന്നു.
അതിരൂപതയുടെ പുതിയ ഭരണ സംവിധാനത്തെക്കുറിച്ചുള്ള അറിയിപ്പ് ജൂലൈ 29 വെള്ളിയാഴ്ച്ച ഡല്‍ഹിയില്‍ നിന്ന് അപ്പസ്തലിക് ന്യൂണ്‍ഷോ ആര്‍ച്ചു ബിഷപ്പ് ലിയോപോള്‍ദോ ജിറേല്ലി മേജര്‍ ആര്‍ച്ചു ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കു നല്‍കിയിരുന്നു. തൃശൂര്‍ അതിരൂപതയുടെ മെത്രാപ്പോലീത്തന്‍ ആര്‍ച്ചു ബിഷപ്പിന്റെ സ്ഥാനത്തു തുടര്‍ന്നുകൊണ്ടായിരിക്കും മാര്‍ ആന്‍ഡ്രൂസ് താഴത്ത് എറണാകുളം-അങ്കമാലി അതിരൂപതയില്‍ അപ്പോസ്തലിക് അഡ്മിനിസ്രടേറ്ററുടെ ചുമതല നിര്‍വ്വഹിക്കുന്നത്. അദ്ദേഹം ഇന്നു മുതല്‍ ചുമതലയില്‍ പ്രവേശിക്കും.
പൗരസ്ത്യ സഭാ നിയമത്തിലെ 234ാം നമ്പര്‍ കാനന്‍ അനുസരിച്ചാണ് സേദെ പ്ലേന അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പൗരസ്ത്യ സഭകള്‍ക്കായുള്ള കാര്യാലയത്തിന്റെ അധ്യക്ഷന്‍ കര്‍ദിനാള്‍ ലെയണാര്‍ദോ സാന്ദ്രി നല്‍കിയിരിക്കുന്നത്.
എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലിത്തന്‍ ആര്‍ച്ചു ബിഷപ്പായി മേജര്‍ ആര്‍ച്ചു ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തുടരുമ്പോള്‍ത്തന്നെ മാര്‍പാപ്പ അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കുന്ന സാഹചര്യത്തെ സൂചിപ്പിക്കുന്ന ലാറ്റിന്‍ പദമാണ് സേദെ പ്ലേന. അതിരൂപതയുടെ ഭരണകാര്യങ്ങളില്‍ അഡ്മിനിസ്‌ട്രേറ്ററുടെ അധികാരാവകാശങ്ങള്‍ നിയമനപത്രത്തില്‍ വ്യക്തമാക്കുകയാണ് ചെയ്യുന്നത്. ഇതിന് മുമ്പ് ഇപ്രകാരം അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്ററായി ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത് 2018ല്‍ നിയമിതനായിരുന്നു.
ആര്‍ച്ചു ബിഷപ്പ് ആഡ്രൂസ് താഴത്തിന് നല്‍കിയിരിക്കുന്ന നിയമന പത്രത്തില്‍ അപ്പോസ്തലിക് അഡ്മിനിസ്‌ടേറ്ററുടെ ഉത്തരവാദിത്വങ്ങളും അവകാശങ്ങളും കൃത്യമായി നിര്‍ണയിച്ചിട്ടുണ്ട്. ഒരു രൂപതാ മെത്രാന്റെ അവകാശങ്ങളോടും ഉത്തരവാദിത്വങ്ങളോടും കൂടിയാണ് അതിരൂപതയില്‍ അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റര്‍ പ്രവര്‍ത്തിക്കുന്നത്. മേജര്‍ ആര്‍ച്ചു ബിഷപ്പിനോടും സിനഡിനോടും ആലോചന തേടാമെങ്കിലും അതിരൂപതയുടെ ഭരണ നിര്‍വ്വഹണത്തില്‍ പരിശുദ്ധ സിംഹാസനത്തോടാണ് അഡ്മിനിസ്‌ട്രേറ്റര്‍ നേരിട്ട് ഉത്തരവാദിത്വപ്പെട്ടിരിക്കുന്നത്.
വിശുദ്ധ കുര്‍ബാനയുടെ ഏകീകൃത അര്‍പ്പണ രീതി അതിരൂപതയില്‍ നടപ്പിലാക്കേണ്ടതിനെക്കുറിച്ചും ആവശ്യമായ സാഹചര്യങ്ങളില്‍ നിശ്ചിത കാലഘട്ടത്തിലേക്ക് ഒഴിവു നല്‍കുന്നതിനെക്കുറിച്ചും നിയമന പത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
1951 ഡിസംബര്‍ 13ന് ജനിച്ച ആര്‍ച്ചുബിഷപ്പ് ആഡ്രുസ് താഴത്ത് 1977 മാര്‍ച്ച് 14നാണ് വൈദികനായി അഭിഷിക്തനായത്. സഭാ നിയമത്തില്‍ ഡോക്ടറേറ്റ് ബിരുദം നേടിയ ശേഷം
അതിരൂപതയിലും സഭാ തലത്തിലും വിവിധ മേഖലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2004 മെയ് ഒന്നാം തീയതി തൃശൂര്‍ അതിരൂപതയുടെ സഹായ മെത്രാനായി അഭിഷേകം ചെയ്യപ്പെട്ട മാര്‍ താഴത്ത് 2007 മാര്‍ച്ച് 18ന് അതിരൂപതയുടെ അധ്യക്ഷ സ്ഥാനത്തേയ്ക്ക് ഉയര്‍ത്തപ്പെട്ടു.
പെര്‍മനന്റ് സിനഡ് അംഗം, പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ ചെയര്‍മാന്‍, വിദ്യാഭ്യാസ കമ്മിറ്റി കണ്‍വീനര്‍, കെ.സി.ബി.സി ജാഗ്രതാ കമ്മീഷന്‍ അംഗം, കെ.സി.ബി.സി വിദ്യാഭ്യാസ കമ്മീഷന്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. എറണാകുളം-അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനു പൗരസ്ത്യ സഭകള്‍ക്കായുള്ള കാര്യാലയം റോമിലേക്ക് വിളിപ്പിച്ച മെത്രാന്‍മാരില്‍ മാര്‍ ആന്‍ഡ്രൂസ് താഴത്തും ഉള്‍പ്പെട്ടിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.