കാബൂള്‍: അഫ്ഗാനിസ്താനില്‍ ട്വന്റി20 ടൂര്‍ണമെന്റിനിടെ നടന്ന ചാവേര്‍ സ്ഫോടനത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കാബൂളിലെ രാജ്യാന്തര സ്റ്റേഡിയത്തില്‍, ഐപിഎല്‍ മാതൃകയില്‍ നടന്ന ഷ്പജീസ ക്രിക്കറ്റ് ലീഗ് മത്സരത്തിനിടെയായിരുന്നു ക്രിക്കറ്റ് ആരാധകരെ നടുക്കിയ സ്ഫോടനം നടന്നത്.
പ്രാദേശിക സമയം ഇന്നലെ വൈകീട്ട് 4.30നായിരുന്നു സംഭവം. പാമിര്‍ സല്‍മിയും ബന്ദ് ഇ അമീര്‍ ഡ്രാഗണ്‍സും സമ്മില്‍ നടന്ന മത്സരത്തിനിടെയായിരുന്നു ഗാലറിയില്‍ ആരാധകര്‍ക്കിടയില്‍നിന്ന് ഉഗ്രശബ്ദത്തില്‍ സ്ഫോടനം നടന്നത്. ഗ്രനേഡ് പൊട്ടിത്തെറിച്ചായിരുന്നു സ്ഫോടനം. സ്ഫോടനം നടന്നതോടെ താരങ്ങളും കാണികളും ചിതറിയോടി. ഉടന്‍ തന്നെ താരങ്ങളെ ബങ്കറുകളിലേക്കു മാറ്റി. പരിക്കേറ്റ ആരാധകരെ കാബൂളിലെ ആശുപത്രികളില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് ആണ് മരണസംഖ്യ പുറത്തുവിട്ടത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗുട്ടറസിന്റെ ട്വീറ്റില്‍ സൂചിപ്പിക്കുന്നു. സംഭവസമയത്ത് യു.എന്‍ ഉദ്യോഗസ്ഥരും സ്റ്റേഡിയത്തിലുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. രാജ്യാന്തര മാനുഷിക നിയമത്തില്‍ സിവിലിയന്മാര്‍ക്കു നേരെയുള്ള ആക്രമണം ശക്തമായി നിരോധിക്കപ്പെട്ടിട്ടുണ്ടെന്ന് ഗുട്ടറസ് ട്വീറ്റില്‍ ചൂണ്ടിക്കാട്ടി.
സ്ഫോടനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച മത്സരം പിന്നീട് പുനരാരംഭിച്ചിരുന്നു. താരങ്ങളും ടീം സ്റ്റാഫും വിദേശികളുമെല്ലാം സുരക്ഷിതരാണെന്നാണ് അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചത്. ഐ.പി.എല്‍ മാതൃകയില്‍ 2013-ലാണ് അഫ്ഗാനില്‍ ഷ്പജീസ ക്രിക്കറ്റ് ലീഗ് ആരംഭിച്ചത്. താലിബാന്‍ അധികാരം പിടിച്ച ശേഷം നടക്കുന്ന ആദ്യത്തെ ടൂര്‍ണമെന്റാണ് ഇപ്പോള്‍ നടക്കുന്നത്. ദേശീയ ടീമിലെ നിരവധി താരങ്ങള്‍ വിവിധ ടീമുകള്‍ക്കായി കളിക്കുന്നുണ്ട്.
ഐ.എസ്. ഭീകരരാണ് സ്ഫോടനത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. താലിബാന്‍ അഫ്ഗാനിസ്താന്റെ ഭരണം ഏറ്റെടുത്തശേഷം ഐ.എസ്. ഭീകരര്‍ രാജ്യത്തിന്റെ പലഭാഗങ്ങളിലും സ്ഫോടനങ്ങള്‍ നടത്തിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.