സ്വര്‍ണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയ കേസ്; മുഖ്യപ്രതിക്കെതിരെ പീഡനക്കേസ്

സ്വര്‍ണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയ കേസ്; മുഖ്യപ്രതിക്കെതിരെ പീഡനക്കേസ്

കോഴിക്കോട്: പെരുവണ്ണാമൂഴിയില്‍ സ്വര്‍ണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയ കേസില്‍ മുഖ്യപ്രതിക്കെതിരെ പീഡനക്കേസ്. കൊടുവള്ളി സ്വദേശി മുഹമ്മദ് സ്വാലിഹിനെതിരെയാണ് പീഡനത്തിന് പെരുവണ്ണാമൂഴി പൊലീസ് കേസെടുത്തത്. പത്തനംതിട്ട സ്വദേശിയായ യുവതിയുടെ മൊഴിയെത്തുടര്‍ന്നാണ് കേസ്.

അതേസമയം കാണാതായ ഇര്‍ഷാദിന്റെ കുടുംബം നാളെ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കും. പന്തിരിക്കര സൂപ്പിക്കട സ്വദേശി ഇര്‍ഷാദിനെ തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട് പത്തനംതിട്ട കോന്നി സ്വദേശിയായ യുവതിയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. യുവതിയില്‍ നിന്നാണ് അന്വേഷണ സംഘത്തിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്.

സ്വര്‍ണകടത്ത് സംഘത്തിലെ പ്രധാനിയായ കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് സ്വാലിഹ് പല തവണ പീഡിപ്പിച്ചതായാണ് യുവതിയുടെ മൊഴി. ഇവരുടെ ഭര്‍ത്താവാണ് ഇര്‍ഷാദിനെ സ്വാലിഹിന്റെ നേതൃത്വത്തിലുളള സ്വര്‍ണ കടത്ത് സംഘത്തിന് പരിചയപ്പെടുത്തിയത്. എന്നാല്‍ സംഘം നല്‍കിയ സ്വര്‍ണം ഇര്‍ഷാദ് കൈമാറിയില്ല. തുടര്‍ന്നാണ് സംഘം യുവതിയുടെ ഭര്‍ത്താവിനെ വിദേശത്ത് തടങ്കലിലാക്കിയത്. പിന്നീട് യുവതിയെ ഉപയോഗിച്ച് സ്വര്‍ണം വീണ്ടെടുക്കാനായിരുന്നു ശ്രമം.

സ്വര്‍ണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാന്‍ യുവതി ഇര്‍ഷാദിന്റെ വീട്ടില്‍ എത്തിയിരുന്നു. യുവതിക്കും ഭര്‍ത്താവിനും സ്വര്‍ണക്കടത്ത് സംഘവുമായുള്ള ബന്ധം വ്യക്തമായതിനെത്തുര്‍ന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതിനിടയിലാണ് സ്വാലിഹിനെതിരെ യുവതി മൊഴി നല്‍കിയത്.

സ്വാലിഹ് ഇപ്പോള്‍ വിദേശത്താണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്ത് സംഘത്തിലെ പ്രധാന പ്രതികളില്‍ പലരും വിദേശത്താണ്. എന്നാല്‍ ഇര്‍ഷാദ് എവിടെയെന്ന് കണ്ടെത്താന്‍ ഇതുവരെ പൊലീസിനായിട്ടില്ല. അന്വേഷണ സംഘം വിവിധ സ്‌ക്വാഡുകളായി തിരിഞ്ഞ് വയനാട് മലപ്പുറം ജില്ലകളിലും പരിശോധന നടത്തുകയാണ്. ഇര്‍ഷാദിന്റെ സഹോദരന് ലഭിച്ച ശബ്ദ സന്ദേശം പൊലീസ് പരിശോധിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.