മൈക്കോലൈവ്: തെക്കന്‍ ഉക്രെയ്ന്‍ തുറമുഖ നഗരമായ മൈക്കോലൈവില്‍ ഞായറാഴ്ച ഉണ്ടായ റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ രാജ്യത്തെ പ്രധാന ധാന്യ കയറ്റുമതിക്കാരനായ വ്യവസായി കൊല്ലപ്പെട്ടു. കാര്‍ഷിക കമ്പനിയായ നിബുലോണിന്റെ സ്ഥാപകനും ഉടമയുമായ ഒലെക്സി വഡതുര്‍സ്‌കിയും ഭാര്യയുമാണ് അവരുടെ വീട്ടില്‍ വച്ച് കൊല്ലപ്പെട്ടതെന്ന് മൈക്കോളീവ് ഗവര്‍ണര്‍ വിറ്റാലി കിം ടെലിഗ്രാമില്‍ പറഞ്ഞു.
വഡതുര്‍സ്‌കിയുടെ മരണത്തെ 'ഉക്രെയ്‌ന്റെ വലിയ നഷ്ടം' എന്ന് പ്രസിഡന്റ് വോളോഡിമര്‍ സെലന്‍സ്‌കി വിശേഷിപ്പിച്ചു. 430 മില്യണ്‍ ഡോളറിന്റെ ആസ്ഥിയുള്ള വഡതുര്‍സ്‌കി ഉക്രെയ്‌നിലെ ഏറ്റവും വലിയ സമ്പന്നരില്‍ ഒരാളാണ്.
റഷ്യന്‍ അധിനിവേശ ഖേര്‍സണ്‍ മേഖലയുമായി അതിര്‍ത്തി പങ്കിടുന്ന മൈക്കോളൈവ് കേന്ദ്രമായി ഗോതമ്പ്, ബാര്‍ലി എന്നിവയുടെ ഉല്‍പാദനവും കയറ്റുമതിയും ചെയ്യുന്ന സ്ഥാപനമാണ് നിപുലോണ്‍. ധാന്യ കയറ്റുമതിക്കായി സ്വന്തമായി കപ്പല്‍ ടെര്‍മിനലും കമ്പനിക്കുണ്ട്. 12 ലധികം മിസൈലുകള്‍ മൈക്കോളൈവ് മേഖലയില്‍ പതിച്ചതായി മേയര്‍ ഒലെക്സാണ്ടര്‍ സെന്‍കെവിച്ച് പറഞ്ഞു.
''അഞ്ച് മാസത്തെ യുദ്ധത്തില്‍ നഗരത്തിലുണ്ടായ ഏറ്റവും രൂക്ഷമായ ആക്രമമാണിത്. വീടുകളും സ്‌കൂളുകളും തകര്‍ക്കപ്പെട്ടു. നിരവധി ആളുകള്‍ക്ക് പരിക്കേറ്റു. ജീവഭയം മൂലം ആളുകള്‍ക്ക് ജോലിക്ക് പോകാന്‍ പോലും കഴിയാത്ത ഭീതിജനകമായ അന്തരീക്ഷമാണ്''- മേയര്‍ സെന്‍കെവിച്ച് പറഞ്ഞു.
മിസൈല്‍ ആക്രമണം ഉണ്ടായ ഒലെക്സി വഡതുര്‍സ്‌കിയുടെ വീടിന് മുന്നില്‍ പരിശോധന നടത്തുന്ന ഉദ്യോഗസ്ഥര്‍
അതേസമയം റഷ്യന്‍ അധിനിവേശ സെവാസ്റ്റോപോളില്‍ റഷ്യയുടെ കരിങ്കടല്‍ കപ്പല്‍ ആസ്ഥാനം ലക്ഷ്യമിട്ട് നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ അഞ്ച് റഷ്യന്‍ നാവികസേന ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു. റഷ്യ ഉക്രെയ്‌നെതിരെ യുദ്ധക്കുറ്റം ആരോപിച്ചെങ്കിലും ഉക്രെയ്ന്‍ അത് നിഷേധിച്ചു. ആക്രമണം നടന്നത് ഉക്രെയ്‌ന്റെ ഭൂമിയില്‍ നിന്നാണെന്നും പുറത്തുനിന്നല്ലെന്നും റഷ്യന്‍ പാര്‍ലമെന്റ് അംഗം ഓള്‍ഗ കോവിറ്റിഡി പറഞ്ഞു.
യുക്രെയ്‌നില്‍നിന്ന് 170 കിലോമീറ്റര്‍ അകലെയാണ് സെവസ്റ്റോപോള്‍ നഗരം. റഷ്യന്‍ നാവികസേനയുടെ കരിങ്കടല്‍ വ്യൂഹത്തിന്റെ ആസ്ഥാനം ഇവിടെയാണ്. 2014ല്‍ റഷ്യ പിടിച്ചെടുത്ത പ്രദേശമാണിത്.
അതേസമയം, ലോകം അറിഞ്ഞതിനും അപ്പുറമുള്ള യുദ്ധത്തിന്റെ അതിക്രൂര മുഖം വെളിപ്പെടുത്തുന്ന കത്തോലിക്ക കന്യാസ്ത്രീയുടെ വീഡിയോ സന്ദേശം ലോക മനസാക്ഷിയെ നൊമ്പരപ്പെടുത്തുന്ന ശബ്ദമായി മാറുന്നു. യുദ്ധത്തിന്റെ ക്രൂരമായ മുഖം വെളിവാക്കുന്നതാണ് മലയാളിയായ സിസ്റ്റര്‍ ലിജി പയ്യപ്പിള്ളി ഉക്രെയ്‌നിലെ തന്റെ കോണ്‍വെന്റില്‍ നിന്ന് തയാറാക്കിയ വീഡിയോ സന്ദേശം.
യുദ്ധത്തിന്റെ ആരംഭഘട്ടത്തില്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ കാട്ടിയ ജാഗ്രതയും സമഗ്രതയും ഇപ്പോഴുണ്ടാകാത്തത് യുദ്ധം ശമിച്ചെന്ന തെറ്റായ സന്ദേശം ആളുകള്‍ക്ക് പകരാനിടയാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് വീഡിയോ സന്ദേശം ആരംഭിക്കുന്നത്. യുദ്ധം അവസാനിച്ചിട്ടില്ല. രാജ്യത്തെങ്ങും ഭീതികരമായ അവസ്ഥ നിലനില്‍ക്കുകയാണ്. മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന വളരെ ദാരുണ സംഭവങ്ങളാണ് ഓരോ ദിവസവും ഇവിടെ സംഭവിക്കുന്നത്.
കഴിഞ്ഞ 29-ാം തീയതി ഒരു ഉക്രെയ്‌നിയന്‍ പട്ടാളക്കാരനെ അതിധാരുണമായി പീഡിപ്പിച്ച് കൊലചെയ്യുന്നതിന്റെ ദൃശ്യം വിറങ്ങലിച്ച മുഖവും നിറഞ്ഞൊഴുകുന്ന കണ്ണുമായി ഇവിടുത്തെ ജനങ്ങള്‍ക്ക് നോക്കി നില്‍ക്കേണ്ടി വന്നു. റഷ്യന്‍ സൈന്യം പിടികൂടിയ ഒരു ഉക്രെയ്ന്‍ പട്ടാളക്കാരനെ ജനമധ്യത്തില്‍വച്ച് അദ്ദേഹത്തിന്റെ ജനനേന്ദ്ര്യം കട്ടര്‍ ഉപയോഗിച്ച് മുറിച്ചു കളഞ്ഞ ശേഷം കാലുകള്‍ ഇരു വാഹനങ്ങളിലായി കെട്ടിയിട്ട് ഇരു ദിശയിലേക്ക് വേഗത്തില്‍ ഓടിച്ചു അതി ക്രൂരമായി കൊലപ്പെടുത്തി.
ലോക മനസാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു ഈ സംഭവം. മനുഷ്യനായ ആര്‍ക്കെങ്കിലും ചെയ്യാന്‍ കഴിയുന്ന ക്രൂരതയാണോ എന്ന് പോലും ചോദിച്ചുപോയ നിമിഷം. കഴിഞ്ഞ ദിവസം റോഡിലൂടെ അമ്മയ്‌ക്കൊപ്പം നടന്നു പോയ കുഞ്ഞ് മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന മറ്റൊരു ദാരുണ സംഭവവും കന്യാസ്ത്രീ തന്റെ വീഡിയോ സന്ദേശത്തിലൂടെ വിവരിക്കുന്നുണ്ട്.
27 ഓളം പിഞ്ചു കുഞ്ഞുങ്ങളാണ് അടുത്ത ദിവസങ്ങളിലായി ഇത്തരത്തില്‍ കൊല്ലപ്പെട്ടത്. യുദ്ധം എങ്ങനെങ്കിലും ഒന്ന് അവസാനിച്ചിരുന്നെങ്കില്‍ എന്ന് അലമുറയിട്ട് കേഴുകയാണ് ഇവിടുത്തെ അമ്മമാരെന്നും കന്യാസ്ത്രീ തന്റെ വീഡിയോ സന്ദേശത്തിലൂടെ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.