ചൈനീസ് ഗവേഷണ കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി ശ്രീലങ്ക; ജാഗ്രതയില്‍ ഇന്ത്യന്‍ നാവികസേന

ചൈനീസ് ഗവേഷണ കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി ശ്രീലങ്ക; ജാഗ്രതയില്‍ ഇന്ത്യന്‍ നാവികസേന

ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധി മൂലം കലാപം രൂക്ഷമായ ശ്രീലങ്കയിലെ ഹമ്പന്‍ടോട്ട തുറമുഖത്ത് ചൈനീസ് ഗവേഷണ കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കിയതോടെ ഇന്ത്യന്‍ നാവിക സേന അതീവ ജാഗ്രതയില്‍. വിമാനനിരീക്ഷണ കപ്പലായ 'യുങ് വാങ് 5' നാണ് അനുമതിയെന്ന് കരസേനാ വക്താവ് കേണല്‍ നളിന്‍ ഹെറാത്ത് പറഞ്ഞു. നിരവധി രാജ്യങ്ങളില്‍ നിന്നുള്ള സൈനിക-ചരക്ക് കപ്പലുകള്‍ക്ക് തുറമുഖത്ത് അനുമതി നല്‍കാറുണ്ടെന്നും ചൈനീസ് കപ്പലിനും ഇതേ മാനദണ്ഡമാണ് സ്വീകരിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. ഈ മാസം 11 മുതല്‍ 17 വരെ കപ്പല്‍ തുറമുഖത്ത് ഉണ്ടാകുമെന്നാണ് സൂചന.

അതേസമയം, തന്ത്രപ്രധാനമായ ഹമ്പന്‍ടോട്ട തുറമുഖത്ത് ചൈനീസ് ഗവേഷണകപ്പല്‍ എത്തുന്നത് സുരക്ഷാ-സാമ്പത്തിക താത്പര്യങ്ങള്‍ക്ക് വെല്ലുവിളിയാകുമെന്ന വിലയിരുത്തലിലാണ് ഇന്ത്യ. മേഖലയിലെ സ്ഥിതിഗതികള്‍ സൂക്ഷമമായി നിരീക്ഷിക്കുകയാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.

ഉപഗ്രഹ നിരീക്ഷണ സംവിധാനമടക്കമുള്ള കപ്പലിനെ ചൈന ചാരപ്രവര്‍ത്തിക്ക് ഉപയോഗിക്കുകയാണെന്നും കപ്പല്‍ ലങ്കന്‍ തീരത്ത് തുടരുന്നത് ഇന്ത്യക്ക് സുരക്ഷാ ഭീഷണിയാണെന്നും സര്‍ക്കാര്‍ ശ്രീലങ്കയെ അറിയിച്ചു കഴിഞ്ഞു. ശ്രീലങ്ക നേരത്തെ ഈ ചൈനീസ് കപ്പലിന് അനുമതി നിഷേധിച്ചിരുന്നതാണ്.

കപ്പല്‍ ശ്രീലങ്കയിലെത്തുന്നതിന്റെ കൃത്യമായ ഉദ്ദേശ്യം വ്യക്തമല്ല. ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് ഏറെ വെല്ലുവിളി ഉയര്‍ത്തുന്നതാണ് ചൈനയുടെ നീക്കമെന്നാണ് വിലയിരുത്തല്‍.

അധികാരത്തില്‍ നിന്ന് പുറത്തായ രാജപക്സെ കുടുംബം ഹമ്പന്‍ടോട്ടയില്‍ നിന്നുള്ളവരാണ്. ചൈനീസ് വായ്പ ഉപയോഗിച്ച് രാജപക്സെ സഹോദരന്മാര്‍ മേഖലയില്‍ ഒട്ടേറെ പദ്ധതികളാണ് ആരംഭിച്ചത്. വിവിധ പദ്ധതികള്‍ക്കായി ലങ്ക ചൈനയില്‍ നിന്നും വന്‍ തുകകള്‍ കടമെടുത്തിട്ടുണ്ട്. ശ്രീലങ്കയുടെ പ്രതിസന്ധി മുതലെടുത്ത് ആ രാജ്യത്തെ സമ്മര്‍ദ്ദത്തിലാക്കിയാണ് ചൈന പ്രകോപനം സൃഷ്ടിക്കുന്നത്.

ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചൈനയുടെ സൈനിക സാന്നിധ്യം ഇന്ത്യയ്ക്ക് ആശങ്ക പകരുമെന്നും ചൈനീസ് കപ്പലിന് ഇടം നല്‍കി ശ്രീലങ്ക അതു വര്‍ധിപ്പിക്കരുതെന്നും ശ്രീലങ്കയിലെ പ്രധാന തമിഴ് ന്യൂനപക്ഷ പാര്‍ട്ടി ടിഎന്‍എ പറഞ്ഞു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.