അഞ്ച് ഡാമുകളില്‍ റെഡ് അലേര്‍ട്ട്; വലിയ അണക്കെട്ടുകള്‍ ഉടന്‍ തുറക്കില്ലെന്ന് സര്‍ക്കാര്‍

അഞ്ച് ഡാമുകളില്‍ റെഡ് അലേര്‍ട്ട്; വലിയ അണക്കെട്ടുകള്‍ ഉടന്‍ തുറക്കില്ലെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: മഴ കനത്തതോടെ സംസ്ഥാനത്തെ ഡാമുകളില്‍ അതിവേഗം ജലനിരപ്പ് ഉയരുന്നു. അഞ്ചു ഡാമുകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കല്ലാര്‍കുട്ടി, പൊന്മുടി, കുണ്ടള, ലോവര്‍ പെരിയാര്‍, ഇരട്ടയാര്‍ ഡാമുകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മീങ്കര, മംഗലം ഡാമുകളില്‍ ഓറഞ്ച് അലര്‍ട്ടാണ്.

ജലസേചന വകുപ്പിന് കീഴിലുള്ള 17 ഓളം അണക്കെട്ടുകളില്‍ നിന്നു വെള്ളം പുറത്ത് വിടുന്നുണ്ട്. കെഎസ്ഇബിയുടെ വലിയ അണക്കെട്ടുകളില്‍ വെള്ളം പുറത്തുവിടേണ്ട സാഹചര്യം നിലവിലില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.

അതേസമയം, ജലനിരപ്പ് ഉയരുന്നുണ്ടെങ്കിലും ഇടുക്കി അടക്കമുള്ള വലിയ ഡാമുകള്‍ ഉടന്‍ തുറക്കേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. നെയ്യാര്‍ ഡാമിന്റെ നാല് ഷട്ടറുകളും അഞ്ച് സെന്റീ മീറ്റര്‍ വീതം ഉയര്‍ത്തി. പേപ്പാറ ഡാമിന്റെ നാല് ഷട്ടറുകളും തുറന്നു. അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ 140 സെന്റീ മീറ്റര്‍ ഉയര്‍ത്തി.

പത്തനംതിട്ട മൂഴിയാര്‍ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ 30 സെന്റി മീറ്റര്‍ വീതം ഉയര്‍ത്തി. പമ്പാ തീരത്ത് ജാഗ്രതാനിര്‍ദേശം നല്‍കി. പെരിങ്ങലിക്കുത്ത് ഡാമിന്റെ ഇപ്പോള്‍ തുറന്നിരിക്കുന്ന സ്പില്‍വേ ഷട്ടറുകള്‍ക്ക് പുറമെ ഒരു സ്ലൂയിസ് ഗേറ്റ് കൂടി തുറക്കും. ഇടുക്കി കുണ്ടള ഡാമിന്റെ അഞ്ച് ഷട്ടറുകള്‍ നാളെ തുറക്കും. മുല്ലപ്പെരിയാറില്‍ നിന്ന് തമിഴ്‌നാട് വീണ്ടും വെള്ളം കൊണ്ടുപോകാന്‍ തുടങ്ങി.

അണക്കെട്ടുകളിലെ ജലനിരപ്പ് സംബന്ധിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഡാം മാനേജ്മന്റ് കമ്മിറ്റി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.