ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ സൈനിക കമാന്‍ഡര്‍ ഉള്‍പ്പടെ സഞ്ചരിച്ച ഹെലികോപ്ടര്‍ തകര്‍ന്നു വീണ് ആറുപേര്‍ മരിച്ചു. പാക് സൈന്യത്തിലെ സുപ്രധാന സ്ഥാനം വഹിക്കുന്ന ലെഫ്റ്റനന്റ് ജനറല്‍ സര്‍ഫ്രാസ് അലി ഉള്‍പ്പെടെയുള്ളവരുടെ മരണം പാക്കിസ്ഥാന് അപ്രതീക്ഷിത ഞെട്ടലാണ് സമ്മാനിച്ചത്.
പാക്കിസ്ഥാനില്‍ നിന്ന് സ്വാതന്ത്രം നേടാന്‍ പോരാടുന്ന വിമതരുടെ ശകതികേന്ദ്രമായ ബലൂചിസ്ഥാനില്‍ വച്ചാണ് ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടത്. ഇത് അട്ടിമറി സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബലൂച് വിമതരും പാക് സൈന്യവും തമ്മില്‍ ശക്തമായ പോരാട്ടം നടക്കുന്ന സ്ഥലത്താണ് ഹെലികോപ്ടര്‍ തകര്‍ന്നു വീണത്. വെടിവച്ചിട്ടതാകാമെന്ന സംശയത്തിലാണ് സൈന്യം.
ബലൂചിസ്താനിലെ പ്രളയ ദുരുതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്ന ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടതെന്ന് ഇന്റര്‍ സര്‍വീസ് പബ്ലിക് റിലേഷന്‍സ് വിശദീകരിച്ചു. കറാച്ചിയില്‍ നിന്ന് പുറപ്പെട്ട എ.എസ് 350 ഹെലികോപ്റ്ററായിരുന്നു അപകടത്തില്‍പെട്ടത്. ബ്രിഗേഡ്. അംജദ് ഹനീഫ് (ഡി.ജി. കോസ്റ്റ് ഗാര്‍ഡ്), മാജ് സഈദ് (പൈലറ്റ്), മാജ് തല്‍ഹ (കോ പൈലറ്റ്), നായ്ക് മുദസിര്‍ (ഹെലി ക്ര്യൂ) തുടങ്ങിയവരായിരുന്നു ഹെലികോപ്റ്ററില്‍ സര്‍ഫ്രാസ് അലിയോടൊപ്പം ഉണ്ടായിരുന്നത്.
പാക്കിസ്ഥാനിലെ ഏറ്റവും വലിയ പ്രവിശ്യയാണ് ബലൂചിസ്ഥാന്‍. ഒരുകാലത്ത് സ്വതന്ത്ര രാജ്യമായിരുന്നു ബലൂചിസ്ഥാന്‍. പിന്നീട് ബ്രിട്ടീഷ് കോളനിയുടെ ഭാഗമായി. 1947 ആഗസ്റ്റ് 11 ന് ബ്രിട്ടീഷുകാരില്‍ നിന്ന് സ്വാതന്ത്ര്യം നേടി. എന്നാല്‍ പാക് ഭരണകൂടം ബലൂചിസ്ഥാനെ അവരുടെ അധീനതയിലാക്കി. ഇന്ന് പാക്കിസ്ഥാന്റെ ആറ് പ്രവിശ്യകളിലൊന്നാണ് ബലൂചിസ്ഥാന്‍.
പ്രകൃതിവാതക ശേഖരത്താല്‍ സമ്പന്നമാണ് ഈ പ്രവിശ്യ. പാക്കിസ്ഥാന്റെ ആകെ ഭൂവിസ്തൃതിയുടെ 40 ശതമാനത്തോളം വരുന്ന ബലൂചിസ്ഥാന്‍ ഭൂമിശാസ്ത്രപരമായി ഏറെ പ്രത്യേകതകളുള്ള തന്ത്രപ്രധാന മേഖലയാണ്. മിഡില്‍ ഈസ്റ്റ്, സൗത്ത് വെസ്റ്റ് ഏഷ്യ, സെന്‍ട്രല്‍ ഏഷ്യ സൗത്ത് ഏഷ്യ എന്നിവിടങ്ങളിലായി അതിര്‍ത്തിപങ്കിടുന്നു ഈ പ്രദേശം.
ഇറാനിലെ ഇസ്ലാമിക് റിപ്പബ്‌ളിക്കിനെതിരെ പൊരുതുന്ന സുന്നി വിമതരുടെ പ്രധാന താവളമാണിവിടം. അറേബ്യന്‍ കടലുമായി ചൈനയെ ബന്ധിപ്പിക്കുന്ന പാക്കിസ്ഥാനിലൂടെയുള്ള സാമ്പത്തിക ഇടനാഴി ബലൂചിസ്ഥാനിലെ മക്രാന്‍ തീരത്താണ്. ഇവിടുത്തെ ഗ്വാദര്‍ തുറമുഖം ചൈനീസ് നാവികസേനയുടെ താവളമാക്കാന്‍ പാക്കിസ്ഥാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
സെന്‍ട്രല്‍ ഏഷ്യയിലേക്കുള്ള ഏറ്റവും ദുരംകുറഞ്ഞ തുറമുഖങ്ങള്‍ സ്ഥിതിചെയ്യുന്നതും ഇവിടെയാണ്. ഈ കാരണങ്ങള്‍ കൊണ്ടുതന്നെ ആഗോള രാഷ്ട്രീയത്തില്‍ തന്ത്രപ്രധാനമായ ഒരു മേഖലയാണ് ബലൂചിസ്ഥാന്‍. പാക്കിസ്ഥാന്‍ സൈന്യത്തിന്റെ നിരവധി മനുഷത്വരഹിതമായ നടപടികള്‍ നേരിടേണ്ടി വന്നിട്ടുള്ള ബലൂച് ജനതയ്ക്ക് ഇന്ത്യയോടാണ് കൂടുതല്‍ താല്‍പര്യം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.