ചൈനീസ് ഭീഷണിക്കിടെ നാന്‍സി പെലോസി തായ്‌വാനില്‍; യുദ്ധവിമാനങ്ങളുമായി പ്രകോപനം സൃഷ്ടിച്ച് ചൈന

ചൈനീസ് ഭീഷണിക്കിടെ നാന്‍സി പെലോസി തായ്‌വാനില്‍; യുദ്ധവിമാനങ്ങളുമായി പ്രകോപനം സൃഷ്ടിച്ച് ചൈന

തായ്‌പേയ്: ചൈനീസ് ഭീഷണിക്കിടെ യുഎസ് സ്പീക്കര്‍ നാന്‍സി പെലോസി തായ്‌വാനിലെത്തി. നാന്‍സി പെലോസിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി വന്‍ സുരക്ഷയാണ് തായ്‌പേയി വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

തായ്‌വാന്റെ യുദ്ധവിമാനങ്ങള്‍ നാന്‍സി പെലോസിയുടെ പ്രത്യേക വിമാനത്തിന് അകമ്പടി നല്‍കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. 25 വര്‍ഷത്തിനിടെ ഇതാദ്യമായാണ് യുഎസില്‍ നിന്നും ഉന്നത സ്ഥാനത്തിരിക്കുന്ന ഒരാള്‍ തായ്‌പേയ് സന്ദര്‍ശിക്കുന്നത്. പെലോസിയുടെ വരവിന് തൊട്ടുപിന്നാലെ ചൈനീസ് യുദ്ധവിമാനങ്ങള്‍ തായ്വാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചതായി പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നാന്‍സി പെലോസിയുടെ തായ്വാന്‍ സന്ദര്‍ശനത്തിന് അമേരിക്ക വലിയ വില നല്‍കേണ്ടിവരുമെന്ന് ചൈന മുന്നറിയിപ്പ് നല്‍കിയിരുന്നു. പരമാധികാരവും സുരക്ഷയുമായി ബന്ധപ്പെട്ട ചൈനയുടെ താല്‍പര്യങ്ങള്‍ക്ക് തുരങ്കം വെക്കുന്നതിലുള്ള ഉത്തരവാദിത്വം യുഎസ് ഏറ്റെടുക്കുകയും അതിനുള്ള വില നല്‍കുകയും ചെയ്യേണ്ടിവരുമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹുവാ ചുനിയിങ് പറഞ്ഞിരുന്നു.

ഇതിനിടെ, ജപ്പാനില്‍ നിന്ന് എട്ട് അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ തായ്വാന്‍ അതിര്‍ത്തിയിലേക്ക് നീങ്ങിക്കഴിഞ്ഞു. നാല് യുദ്ധക്കപ്പലുകളും അമേരിക്ക കടലില്‍ വിന്യസിച്ചിട്ടുണ്ട്. നിശബ്ദരായിരിക്കില്ലെന്ന് ചൈന പ്രഖ്യാപിച്ചിട്ടുണ്ട്. അമേരിക്ക പ്രകോപനമുണ്ടാക്കുകയാണെന്ന് ആരോപിച്ച് റഷ്യയും രംഗത്തെത്തി.

തായ്വാനും ചൈനയും തമ്മിലുള്ള തര്‍ക്കത്തിന് വര്‍ഷങ്ങള്‍ പഴക്കമുണ്ട്. 1949 ഒക്ടോബര്‍ ഒന്നിനാണ് വിപ്ലവം ജയിച്ച് ചൈന നിലവില്‍ വന്നത്. അക്കാലത്ത് മാവോ സേതൂങ് വിപ്ളവം ജയിച്ച് ജനകീയ ചൈനയെ റിപ്പബ്ലിക് ആയി പ്രഖ്യാപിച്ചു. അന്ന് പരാജിതനായ ചിയാങ് കയ് ഷെക് തന്റെ സൈന്യത്തോടൊപ്പം തായ്വാന്‍ ദ്വീപിലേക്ക് പലായനം ചെയ്തു.

പിന്നീട് തായ്പെയ് തലസ്ഥാനമാക്കി ഭരണമാരംഭിക്കുകയും ചെയ്തു. തായ്വാനാണ് യഥാര്‍ഥ ചൈന റിപ്പബ്ലിക് എന്ന് ചിയാങ് അവകാശപ്പെടുകയും കമ്യൂണിസ്റ്റ് വിരുദ്ധരായ രാജ്യങ്ങള്‍ ഇത് അംഗീകരിച്ചു കൊടുക്കയും ചെയ്തു. അങ്ങനെ തായ്വാന്റെ റിപ്പബ്ലിക് ഓഫ് ചൈന എന്ന നാമം ഇന്നും തുടരുന്നു. തങ്ങളുടെ ഭാഗം തന്നെയാണ് തായ്‌വാനെന്നാണ് ചൈനീസ് അവകാശവാദം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.