ബ്രിട്ടനില്‍ ഇസ്ലാമിക തീവ്രവാദത്തെ വേരോടെ പിഴുതെറിയും: റിഷി സുനക്

ബ്രിട്ടനില്‍ ഇസ്ലാമിക തീവ്രവാദത്തെ വേരോടെ പിഴുതെറിയും: റിഷി സുനക്

ലണ്ടന്‍: അധികാരത്തിലെത്തിയാല്‍ രാജ്യത്തെ ഇസ്ലാമിക തീവ്രവാദത്തെ വേരോടെ പിഴുതെറിയുമെന്ന് ബ്രിട്ടനിലെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും ഇന്ത്യന്‍ വംശജനുമായ റിഷി സുനക്. ബ്രിട്ടണ്‍ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ് ഇസ്ലാമിക ഭീകരവാദം. തീവ്രവാദത്തിന്റെ നിര്‍വചനം വിപുലീകരിച്ച് നിലവിലുള്ള തീവ്രവാദ വിരുദ്ധ നിയമം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് റാലിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

'നമ്മുടെ രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കുകയാണ് ഒരു പ്രധാനമന്ത്രിയുടെ പ്രധാന ചുമതല. ഇസ്ലാമിക തീവ്രവാദത്തെ നേരിടാനുള്ള ശ്രമം ശക്തമാക്കും. രാജ്യത്തിനെതിരേ പ്രവര്‍ത്തിക്കുന്നവരെ വേരോടെ പിഴുതെറിയും. ആ കടമ നിറവേറ്റാന്‍ താന്‍ എന്തും ചെയ്യും. സ്വാതന്ത്ര്യത്തിന്റെയും സഹിഷ്ണുതയുടെയും വൈവിധ്യത്തിന്റെയും ദീപസ്തംഭമാണ് ബ്രിട്ടന്‍. നമ്മുടെ ജീവിതരീതിയെ തുരങ്കം വയ്ക്കാനും നശിപ്പിക്കാനും ശ്രമിക്കുന്നവരെ ഒരിക്കലും വിജയിക്കാന്‍ അനുവദിക്കരുത്. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന സംഘടനകളെ രാജ്യത്ത് നിന്നും പിഴുതെറിയുമെന്നും റിഷി സുനക് കൂട്ടിച്ചേര്‍ത്തു.

ബ്രിട്ടന്റെ സംരക്ഷണത്തിനും ഇസ്ലാമിക ഭീകരവാദത്തെ ചെറുക്കുന്നതിനുമായി നിര്‍ണായക പദ്ധതികള്‍ ആസൂത്രണം ചെയ്തതായി റിഷി സുനകിനായി പ്രചാരണം നടത്തുന്ന റെഡി4റിഷി സംഘം പ്രസ്താവനയിലൂടെ അറിയിച്ചു. ബ്രിട്ടണ്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ഇസ്ലാമിക ഭീകവാദം ആണെങ്കിലും ഇതിനെ പ്രതിരോധിക്കാനുള്ള നടപടികള്‍ നിലവില്‍ കാര്യക്ഷമമല്ല. ഇസ്ലാമിക ഭീകരര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നുണ്ട്.

അധികാരമേറ്റ ആദ്യ ദിവസം തന്നെ ബ്രിട്ടനിലുള്ള ചൈനയുടെ കൈകടത്തലുകള്‍ അവസാനിപ്പിക്കുമെന്ന് നേരത്തെ റിഷി സുനക് പറഞ്ഞിരുന്നു. ചൈന രാജ്യത്തിന്റെ ടെക്‌നോളജി കൊള്ളയടിക്കുകയും യൂണിവേഴ്‌സിറ്റികളില്‍ നുഴഞ്ഞുകയറുകയും ചെയ്യുന്നുണ്ട്. ഇതിനെല്ലാം തടയിടുമെന്നാണ് സുനക് അന്ന് പറഞ്ഞത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.