മേയര്‍ക്ക് ഏകാധിപത്യം; ആര്യ രാജേന്ദ്രനെതിരെ ആക്ഷേപം ശക്തമാകുന്നു

മേയര്‍ക്ക് ഏകാധിപത്യം; ആര്യ രാജേന്ദ്രനെതിരെ ആക്ഷേപം ശക്തമാകുന്നു

തിരുവനന്തപുരം: ആര്യ രാജേന്ദ്രന് ഏകാധിപത്യവും അംഗീകാരം ഒറ്റയ്ക്കടിക്കാനുള്ള പദ്ധതിയെന്നു ആക്ഷേപം. സ്വന്തം മുന്നണിയിലെ കൗണ്‍സിലര്‍മാരെ പോലും നഗരസഭയിലെ സംഭവ വികാസങ്ങള്‍ മേയര്‍ അറിയിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാകുന്നു. ഇതുകൂടാതെ എല്‍.ഡി.എഫ് യോഗത്തില്‍ പോലും സംഭവങ്ങള്‍ ചര്‍ച്ച ചെയ്യാത്തതിന്റെ അതൃപ്തി പല അംഗങ്ങളും രേഖപ്പെടുത്തിത്തുടങ്ങി. ഇതിന്റെ അവസാനത്തെ ഉദാഹരണമായിരിക്കുകയാണ് നഗരസഭയിലെ കെട്ടിട നമ്പര്‍ തട്ടിപ്പ്.

കേശവദാസപുരത്ത് സ്ഥിരീകരിച്ച നഗരസഭയിലെ ആദ്യത്തെ കെട്ടിട നമ്പര്‍ തട്ടിപ്പ് മേയറും സെക്രട്ടറിയും സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരില്‍ ചിലരും മാത്രമാണ് അറിഞ്ഞതെന്നാണ് ആക്ഷേപം. കുന്നുകുഴിയിലെ കെട്ടിട നമ്പര്‍ തട്ടിപ്പ് മേയറും ഭരണനേതൃത്വത്തിലുള്ള ചിലരും രണ്ട് ഉദ്യോഗസ്ഥരും മാത്രമേ അറിഞ്ഞിരുന്നുള്ളൂ. തട്ടിപ്പ് സ്ഥിരീകരിച്ച ശേഷം കൂടിയ എല്‍.ഡി.എഫ് യോഗത്തിലും സി.പി.എം കൗണ്‍സിലര്‍മാരുടെ യോഗത്തിലും മേയറും മറ്റുള്ളവരും ഇത് ചര്‍ച്ചയാക്കിയിരുന്നില്ല.

കൗണ്‍സിലര്‍മാരും മറ്റും അറിഞ്ഞാല്‍ സംഭവം ചോര്‍ന്നുപോകും എന്നതുകൊണ്ടാണ് മേയര്‍ കാര്യങ്ങള്‍ വെളിപ്പെടുത്താത്തതെന്നാണ് സൂചന. എന്നാല്‍ ഇതിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍മാരില്‍ ചിലരെ മാത്രമാണ് മേയര്‍ കാര്യങ്ങളെല്ലാം അറിയിച്ച് തുടര്‍ നടപടികളിലേക്ക് കടക്കുന്നത്. നിലവില്‍ പുറത്തു വന്ന പട്ടികജാതി ഫണ്ട് തട്ടിപ്പ് കേസിലെ നടപടികളും മറ്റും മേയര്‍ ചര്‍ച്ച ചെയ്തിട്ടില്ല.

കാര്യങ്ങള്‍ തങ്ങളെ അറിയിക്കാതെ മേയര്‍ സ്വയം ഏറ്റെടുത്ത് ചെയ്യുന്നതില്‍ പല കൗണ്‍സിലര്‍മാര്‍ക്കും അതൃപ്തിയുണ്ട്. അംഗീകാരം ഒറ്റയ്ക്ക് പങ്കിടാന്‍ വേണ്ടിയുള്ള ശ്രമമാണ് ഇപ്പോഴത്തെ പ്രവര്‍ത്തികളെന്നും വിമര്‍ശനമുണ്ട്. പല കാര്യങ്ങളും തീരുമാനവും മാധ്യമങ്ങളിലൂടെയും മറ്റുമാണ് കൗണ്‍സിലര്‍മാര്‍ അറിയുന്നത്. മുന്നണിയിലുള്ള പ്രധാന ഘടക കക്ഷിയായ സി.പി.ഐക്ക് പോലും ഇക്കാര്യത്തില്‍ വിമര്‍ശനമുണ്ട്. എന്നാല്‍ അവര്‍ മുന്നണി മര്യാദ പാലിച്ച് പരസ്യ വിമര്‍ശനത്തിന് മുതിരുന്നില്ല എന്നു മാത്രം.

നഗരസഭയിലെ സുപ്രധാന തീരുമാനങ്ങളെല്ലാം മേയറും ഭരണ നേതൃത്വത്തിലെ ചിലരുമാണ് എടുക്കന്നത്. എല്ലാ തീരുമാനങ്ങളും കൗണ്‍സിലര്‍മാരെ അറിയിക്കണമെന്ന് ചട്ടമില്ല. എന്നാല്‍ തീരുമാനം എടുത്തു കഴിഞ്ഞ് കൗണ്‍സിലര്‍മാരെ അറിയിക്കാനുള്ള ഉത്തരവാദിത്വം മേയര്‍ക്കുണ്ട്. എന്നാല്‍ അത് നഗരസഭയില്‍ കുറേക്കാലമായി നടക്കുന്നില്ല. പ്രശ്‌നം വഷളാകുന്ന സാഹചര്യത്തില്‍ മുന്നണി അടിസ്ഥാനത്തില്‍ വിഷയങ്ങള്‍ ഉന്നയിക്കുവാനുള്ള തയ്യാറെടുപ്പിലാണ് പല കൗണ്‍സിലര്‍മാരും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DswsSusHXImGcMNozC2Plj

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.