പാരമ്പര്യ സ്വത്ത്: ശരിയത്ത് നിയമം ഭരണഘടനാ വിരുദ്ധമെന്ന് ഹര്‍ജി; നിലപാടറിയിക്കണമെന്ന് സുപ്രീം കോടതി, മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു

 പാരമ്പര്യ സ്വത്ത്: ശരിയത്ത് നിയമം ഭരണഘടനാ വിരുദ്ധമെന്ന് ഹര്‍ജി; നിലപാടറിയിക്കണമെന്ന് സുപ്രീം കോടതി, മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു

കൊച്ചി: പാരമ്പര്യ സ്വത്തവകാശത്തില്‍ മുസ്ലിം സ്ത്രീകളോടു വിവേചനമുണ്ടെന്നും സ്വത്തവകാശം സംബന്ധിച്ച ശരിയത്ത് നിയമം ഭരണഘടനാ വിരുദ്ധമാണെന്നും കാണിച്ചുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നിലപാട് തേടി. ഇതേ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നതതല യോഗം വിളിച്ചു.

നിയമ സെക്രട്ടറി, അഡ്വക്കറ്റ് ജനറല്‍, സുപ്രീം കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകന്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന ഓണ്‍ലൈന്‍ യോഗം 11 ന് ഉച്ചകഴിഞ്ഞ് മൂന്നരയ്ക്കാണ് വിളിച്ചിരിക്കുന്നത്.

തുടര്‍ന്നു മുസ്ലിം സമുദായത്തിലെ വിവിധ സംഘടകളുടെ പ്രതിനിധികളുമായും ചര്‍ച്ച നടത്തിയ ശേഷമാകും സര്‍ക്കാര്‍ നിലപാട് സുപ്രീം കോടതിയെ അറിയിക്കുക. നിലവിലുള്ള ശരിയത്ത് നിയമം കേന്ദ്ര നിയമമായതിനാല്‍ കേന്ദ്ര സര്‍ക്കാരാണ് ഒന്നാം എതിര്‍കക്ഷി.

പെണ്‍കുട്ടികളോടുള്ള വിവേചനം ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 15, 19, 21, 25 എന്നിവയുടെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടിയാണു ഖുറാന്‍ സുന്നത്ത് സൊസൈറ്റി അടക്കമുള്ളവര്‍ ഹര്‍ജി നല്‍കിയത്.

പാരമ്പര്യ സ്വത്തവകാശത്തില്‍ ശരിയത്ത് നിയമം മുഹമ്മന് നബി പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ വ്യാഖ്യാനിച്ച് എഴുതിയതാണെന്നാണ് ഹര്‍ജിക്കാരുടെ വാദം. സ്വത്തില്‍ മാത്രമല്ല, പല വിഷയത്തിലും ലിംഗ അസമത്വമുണ്ട്. പിതാവ് മരിച്ചാല്‍ നാമമാത്ര അവകാശം മാത്രമാണ് സ്ത്രീകള്‍ക്കു ലഭിക്കുന്നത്. പലയിടത്തും അനീതി നിലനില്‍ക്കുന്നുണ്ടെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

മുസ്ലിം സ്ത്രീകളുടെ സ്വത്തവാകാശം സംബന്ധിച്ച ശരിയത്ത് നിയമം ഭരണഘടനാ വിരുദ്ധമെന്നു പ്രഖ്യാപിക്കണമെന്നാണ് ഖുറാന്‍ സുന്നത്ത് സൊസൈറ്റി നല്‍കിയ ഹര്‍ജിയിലെ ആവശ്യം. ചേകന്നൂര്‍ മൗലവി സ്ഥാപിച്ച പുരോഗമന സ്വഭാവമുള്ള സംഘടനയാണു ഖുറാന്‍ സുന്നത്ത് സൊസൈറ്റി.

എന്നാല്‍ മുസ്ലിം ലീഗ് ശരിയത്ത് ഹര്‍ജിക്കാരുടെ വാദത്തെ ശക്തമായി എതിര്‍ക്കുകയുമാണ്. ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങളനുസരിച്ചു മുസ്ലീം വ്യക്തി നിയമം പിന്തുടരാന്‍ അവകാശമുണ്ടെന്നും ഭരണഘടനാ വിരുദ്ധമാണെന്ന വാദം തെറ്റാണെന്നും മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു.

നിലവിലെ ശരിയത്ത് നിയമമനുസരിച്ച് മുസ്ലിം സ്ത്രീകളുടെ സ്വത്തവകാശം വിവേചനപരമായ രീതിയിലാണ് നടപ്പാക്കുന്നതെന്നാണ് ഹര്‍ജിയില്‍ പറഞ്ഞിട്ടുള്ളത്. മരണപ്പെട്ട വ്യക്തിയുടെ സ്വത്തുക്കള്‍ മക്കളില്ലെങ്കില്‍ മാത്രമാണ് അയാളുടെ സഹോദരങ്ങള്‍ക്കു ലഭിക്കൂവെന്നാണ് ഖുറാന്‍ പറയുന്നത്.

എന്നാല്‍ വ്യക്തി നിയമം അതിനെ ആണ്‍കുട്ടി ഇല്ലെങ്കില്‍ എന്ന രീതിയിലാണ് വ്യാഖ്യാനിച്ചിരിക്കുന്നത്. ഹര്‍ജിയില്‍ ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമിയും കക്ഷി ചേര്‍ന്നിരുന്നു.വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DswsSusHXImGcMNozC2Plj

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.