കൊല്ലം: ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കില്‍ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൊല്ലം തേവലക്കര നടുവിലക്കര ഗംഗാ ഭവനില്‍ രാധാകൃഷ്ണന്റെയും ഷീലയുടെയും മകന്‍ ശ്രീരാഗാണ് (36) മരിച്ചത്. ഷിപ്പിങ് ഡയറക്ടര്‍ ജനറല്‍ ഓഫീസില്‍ നിന്ന് ബന്ധുക്കള്‍ക്കും കൊല്ലം എംപി എന്‍.കെ.പ്രേമചന്ദ്രനും ഇതു സംബന്ധിച്ച വിവരം ലഭിച്ചു.
ഇറ്റലി ആസ്ഥാനമായുള്ള സ്‌കോര്‍പ്പിയോ ഷിപ്പിങ് കമ്പനിയിലെ ഇലക്ട്രോ ഓഫീസറായിരുന്നു ശ്രീരാഗ്. മൊസാംബിക്കിലെ ബെയ്‌റ തുറമുഖത്തിന് സമീപം പുറം കടലില്‍ നങ്കൂരമിട്ടിരുന്ന കപ്പലിലേക്ക് പോയ ശ്രീരാഗടക്കമുള്ള 21 അംഗ സംഘം സഞ്ചരിച്ചിരുന്ന ബോട്ടാണ് മുങ്ങിയത്.
പതിനഞ്ച് പേര്‍ രക്ഷപ്പെട്ടു. രക്ഷപ്പെട്ടവരില്‍ ഒരാള്‍ റാന്നി സ്വദേശിയാണ്. അപകടം നടന്ന സ്ഥലത്ത് നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളിലൊന്ന് ശ്രീരാഗിന്റേതാണെന്ന് ഇന്നാണ് സ്ഥിരീകരിച്ചത്.
ഭാര്യയും നാല് വയസും രണ്ട് മാസവും പ്രായമുളള കുഞ്ഞു മക്കളും മാതാപിതാക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് ശ്രീരാഗ്. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. എം.ടി സീ ക്വസ്റ്റ് എന്ന എണ്ണ കപ്പലിലേക്ക് ഇന്ത്യന്‍ ജീവനക്കാരെ കൊണ്ടു പോയ ലോഞ്ച് ബോട്ടാണ് മുങ്ങിയത്.
മൊസാംബിക്കില്‍ ബോട്ട് മുങ്ങിയുണ്ടായ അപകടത്തില്‍ അഞ്ച് ഇന്ത്യക്കാരെയാണ് കാണാതായത്. ശ്രീരാഗിനെ കൂടാതെ മറ്റൊരു മലയാളിയെ കൂടി കാണാതായിട്ടുണ്ട്. എറണാകുളം പിറവം എടയ്ക്കാട്ടുവയല്‍ വെളിയനാട് പോത്തംകുടിലില്‍ ഇന്ദ്രിജിത്ത് സന്തോഷിനെ (22) കാണാതായ വിവരം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പിറവം വെളിയനാട്ടെ വീട്ടില്‍ നിന്ന് നാല് ദിവസം മുമ്പാണ് ഇന്ദ്രജിത് മൊസാംബിക്കിലെ ജോലി സ്ഥലത്തേക്ക് പോയത്. ബെയ്‌റ തുറമുഖത്ത് നങ്കൂരമിട്ടിരുന്ന കപ്പലില്‍ ജോലിക്ക് കയറാനായി പോകുന്ന വഴിയാണ് യാത്ര ചെയ്തിരുന്ന ബോട്ട് അപകടത്തില്‍പ്പെട്ടത്. ഇന്ദ്രജിത്തിന്റെ പിതാവ് സന്തോഷും മൊസാംബിക്കില്‍ കപ്പല്‍ ജീവനക്കാരനാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.