ദോഹ: ഫിഫ ലോകകപ്പിന്റെ 100 ദിന കൗണ്ട് ഡൗൺ ആഘോഷങ്ങൾക്കൊരുങ്ങി ഖത്തർ. ആഘോഷങ്ങളിൽ പങ്കെടുക്കുന്ന ഖത്തറിലെ താമസക്കാർക്ക് ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിന്റെ ടിക്കറ്റ് സ്വന്തമാക്കാനും അവസരം. ഈ മാസം 11 മുതൽ 13 വരെയാണ് കൗണ്ട് ഡൗൺ ആഘോഷം.
ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയാണ് 100 ദിന കൗണ്ട് ഡൗൺ ആഘോഷത്തിനൊപ്പം ഫുട്‌ബോൾ ആരാധകർക്ക് അൽ ബെയ്ത് സ്‌റ്റേഡിയത്തിൽ ഖത്തറും ഇക്വഡോറും തമ്മിലുള്ള ലോകകപ്പ് ഉദ്ഘാടന മത്സരത്തിന്റെ ടിക്കറ്റ് (കാറ്റഗറി-1) നേടാനുള്ള അവസരം ഒരുക്കുന്നത്.
ഖത്തറിൽ താമസിക്കുന്നവർക്ക് മാത്രമാണ് ടിക്കറ്റ് നേടാനുള്ള അവസരം നൽകുന്നത്.
100 ദിന കൗണ്ട് ഡൗൺ ആഘോഷങ്ങളിൽ പങ്കെടുക്കുന്ന ഫുട്‌ബോൾ ആരാധകർ ആഘോഷത്തിൽ പങ്കെടുക്കുന്ന ചിത്രങ്ങളെടുത്ത് 100 ഡേയ്‌സ് ടു ഗോ എന്ന ഹാഷ്ടാഗിൽ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യണം.
11 മുതൽ 13 വരെ ദോഹ ഫെസ്റ്റിവൽ സിറ്റിയിൽ ഉച്ചയ്ക്ക് 1:00 മുതൽ രാത്രി 10:00 വരെയും പ്ലേസ് വിൻഡോമിൽ 12:00 മുതൽ രാത്രി 10:00 വരെയും മാൾ ഓഫ് ഖത്തറിൽ 12, 13 തീയതികളിൽ ഉച്ചയ്ക്ക് 12:00 മുതൽ രാത്രി 10:00 വരെയുമാണ് ആഘോഷങ്ങൾ. കൗണ്ട് ഡൗൺ ദിനമായ 13ന് ഗ്രാൻഡ് ഫിനാലെയും നടക്കും.
വാളന്റീർ അഭിമുഖം ഇതോടൊപ്പം ലോകകപ്പ് സംഘാടനത്തിൽ സുപ്രധാനമായ വളന്റിയർ അഭിമുഖം ഇനി ഏതാനും ദിവസം കൂടി മാത്രം. ലോകകപ്പ് നടത്തിപ്പിൽ നട്ടെല്ലായി മാറുന്ന വളന്റിയർമാരുടെ അഭിമുഖം ആഗസ്റ്റ് 13ഓടെ അവസാനിക്കും. വളന്റിയറാവാനുള്ള രജിസ്ട്രേഷൻ ജൂലൈ 31ന് പൂർത്തിയായിരുന്നു. ലോകകപ്പ് കൗണ്ട് ഡൗൺ 100 ദിനത്തിലെത്തുന്ന അതേ ദിവസം തന്നെയാണ് മാസങ്ങളായി തുടരുന്ന അഭിമുഖ നടപടികളും പൂർത്തിയാക്കുന്നത്.
അതേസമയം, തെരഞ്ഞെടുക്കപ്പെട്ടവർക്ക് തങ്ങളുടെ ജോലിയും സേവന സമയവും വ്യക്തമാക്കിയുള്ള അറിയിപ്പുകൾ ഇതിനകം അയച്ചു തുടങ്ങിയതായി സുപ്രീം കമ്മിറ്റി അറിയിച്ചു. സ്റ്റേഡിയങ്ങൾ, ഫാൻ സോണുകൾ, വിമാനത്താവളം, ഹോട്ടലുകൾ, ടീം ബേസ്ക്യാമ്പ്, പരിശീല മൈതാനങ്ങൾ തുടങ്ങി വിവിധ കേന്ദ്രങ്ങളിലാണ് വളന്റിയർ സേവനം നിശ്ചയിച്ചിരിക്കുന്നത്. വളന്റിയർ അഭിമുഖം പൂർത്തിയാക്കിയവർ പുതിയ വിവരങ്ങൾ അറിയാൻ ഇ- മെയിലും, വെബ്സൈറ്റ് വിവരങ്ങളും പരിശോധിക്കണമെന്ന് എസ്.സി നിർദേശിച്ചു.
നാലു ലക്ഷത്തോളം പേരാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ വളന്റിയറാവാൻ സന്നദ്ധരായി ഫിഫ പോർട്ടലിൽ രജിസ്റ്റർ ചെയ്തത്. 20,000 വളന്റിയർമാരെയാണ് ലോകകപ്പിന്റെ സംഘാടനത്തിൽ ആവശ്യമായിട്ടുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.