തൊഴിലാളി ക്ഷാമം; മാനേജര്‍മാരോട് ഗ്രൗണ്ട് ഹാന്‍ഡ് ലിംഗ് ജോലികള്‍ ചെയ്യാന്‍ ക്വാണ്ടസിന്റെ നിര്‍ദേശം

തൊഴിലാളി ക്ഷാമം; മാനേജര്‍മാരോട് ഗ്രൗണ്ട് ഹാന്‍ഡ് ലിംഗ് ജോലികള്‍ ചെയ്യാന്‍ ക്വാണ്ടസിന്റെ നിര്‍ദേശം

സിഡ്‌നി: കോവിഡിനെതുടര്‍ന്നുള്ള രൂക്ഷമായ തൊഴിലാളി ക്ഷാമം മൂലം ഓസ്‌ട്രേലിയന്‍ വിമാനക്കമ്പനിയായ ക്വാണ്ടസ് എയര്‍വേയ്‌സ് കടുത്ത പ്രതിസന്ധിയില്‍. തൊഴിലാളി ക്ഷാമം നേരിടാനുള്ള പദ്ധതിയുടെ ഭാഗമായി ഉയര്‍ന്ന സ്ഥാനത്തിരിക്കുന്ന ജീവനക്കാരോട് ഗ്രൗണ്ട് ഹാന്‍ഡ്ലര്‍മാരായി പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് കമ്പനി.

സീനിയര്‍ റാങ്കിലുള്ള 100 മാനേജര്‍മാരോടാണ് മൂന്ന് മാസത്തേക്ക് ഗ്രൗണ്ട് ഹാന്‍ഡ്ലറായി മാറാന്‍ ആവശ്യപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് മാനേജ്‌മെന്റ് പുറത്തിറക്കി. അതേസമയം ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് ക്രൂവിന്റെ അതേ വേതനം നല്‍കുമെന്ന് നിര്‍ദ്ദേശമില്ല.

ബാഗുകള്‍ തരംതിരിക്കുകയും സ്‌കാന്‍ ചെയ്യുകയും ലഗേജുകള്‍ നീക്കുകയുമാണ് ഗ്രൗണ്ട് ഹാന്‍ഡ്ലര്‍മാരുടെ ചുമതല. അനുകൂലമായി പ്രതികരിക്കുന്നവര്‍ക്ക് സിഡ്നി, മെല്‍ബണ്‍ വിമാനത്താവളങ്ങളില്‍ പരിശീലനം നല്‍കുമെന്ന് എയര്‍ലൈനിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ കോളിന്‍ ഹ്യൂസ് ഒരു ആഭ്യന്തര ഇ-മെയിലില്‍ ജീവനക്കാരോട് പറഞ്ഞു. ലഗേജുകള്‍ കൈകാര്യം ചെയ്യാന്‍ 100 മാനേജര്‍മാരെ കുറഞ്ഞത് നിയമിക്കുമെന്നും ഹ്യൂസ് കൂട്ടിച്ചേര്‍ത്തു.

ലഗേജ് കൈകാര്യം ചെയ്യുന്ന 1,600 ജീവനക്കാരെയാണ് ലോക്ഡൗണ്‍ സമയത്ത് ക്വാണ്ടസ് പിരിച്ചുവിട്ടത്. തുടര്‍ന്ന് ഈ ജോലികള്‍ കരാറുകാര്‍ക്ക് ഔട്ട്സോഴ്സ് ചെയ്തു. ഇത് നിയമവിരുദ്ധമാണെന്ന് ഫെഡറല്‍ കോടതി വിധിച്ചു. തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് ക്വാണ്ടാസ് പ്രതികരിച്ചിരുന്നു.

ലോക്ഡൗണിനു ശേഷം വിമാനസര്‍വീസുകള്‍ സാധാരണ പോലെ പുനരാരംഭിച്ചതോടെ ജീവനക്കാരുടെ കടുത്ത ക്ഷാമം സുഗമമായ പ്രവര്‍ത്തനത്തിന് തിരിച്ചടിയായി.

വിമാനങ്ങള്‍ വൈകുന്നതും റദ്ദാക്കുന്നതും എയര്‍പോര്‍ട്ടുകളിലെ യാത്രക്കാരുടെ നീണ്ട ക്യൂവും പരാതികള്‍ ഉയരാന്‍ കാരണമായി. യാത്രക്കാരോട് കമ്പനി ക്ഷമാപണം നടത്തുന്ന അവസ്ഥയില്‍ വരെയെത്തിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.