പട്ന: ബിഹാറില്‍ പുതിയ സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും. മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ ഇന്ന് ഉച്ചക്കു ശേഷം രണ്ടിന് സത്യപ്രതിജ്ഞ ചെയ്യും. ആര്‍ജെഡി നേതാവ് തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകും. ഇന്നലെ, നിതീഷ് കുമാറും തേജസ്വി യാദവും ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി സര്‍ക്കാര്‍ രൂപവത്ക്കരണത്തിന് അവകാശവാദം ഉന്നയിച്ചിരുന്നു. മഹാസഖ്യത്തിന് ഏഴ് പാര്‍ട്ടികളുടെയും 164 എം.എല്‍. എമാരുടെയും പിന്തുണയുണ്ടെന്ന് നിതീഷ് കുമാര്‍ അവകാശപ്പെട്ടു. എം.എല്‍.എമാരുടെ പിന്തുണ അറിയിക്കുന്ന കത്ത് ഗവര്‍ണര്‍ക്ക് കൈമാറിയിരുന്നു.
ജനതാദള്‍ യുണൈറ്റഡ് (ജെഡിയു) നേതാവ് നിതീഷ് കുമാര്‍ ഇത് എട്ടാം തവണയാണ് ബിഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. ബിജെപിയുമായുള്ള കടുത്ത ഭിന്നതയെ തുടര്‍ന്നാണ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ചത്.
ഉച്ചയ്ക്ക് രണ്ടിന് രാജ്ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍. മന്ത്രിസഭയിലെ മറ്റംഗങ്ങളെ അതിന് ശേഷം തീരുമാനിക്കുമെന്നാണ് സൂചന.
ഇന്നലെയാണ് ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിച്ച് നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. തുടര്‍ന്ന് രാഷ്ട്രീയ ജനതാദള്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷകക്ഷികളുമായി സഹകരിച്ച് പുതിയ 'മഹാസഖ്യം' പ്രഖ്യാപിക്കുകയും ചെയ്തു. ആര്‍ജെഡിയും കോണ്‍ഗ്രസും നല്‍കിയ പിന്തുണയ്ക്ക് നിതീഷ് കുമാര്‍ നന്ദിയറിയിക്കുകയും ചെയ്തു.
2013 വരെ ബി.ജെ.പിയുമായി മികച്ച ബന്ധമായിരുന്നു ജനതാദളും നിതീഷും പുലര്‍ത്തിയിരുന്നത്. 2015-ല്‍ ബി.ജെ.പിയുമായുള്ള ബന്ധം അവസാനിപ്പിച്ച നിതീഷ് ലാലു പ്രസാദ് യാദവും കോണ്‍ഗ്രസുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്ക്കരിച്ചു. 2017 ല്‍ നിതീഷ് 'മൂവര്‍സഖ്യ'ത്തില്‍ നിന്ന് വേര്‍പിരിഞ്ഞു. മന്ത്രിയായിരുന്ന തേജസ്വി യാദവിന്റെ അഴിമതി അനുവദിക്കാനാവില്ലെന്നായിരുന്നു നിതീഷിന്റെ വാദം.
രാഷ്ട്രപതി ഭരണത്തിന് ശ്രമിച്ചാല്‍ ബി.ജെ.പിക്ക് ശക്തമായ മറുപടി നല്‍കുമെന്ന് ആര്‍.ജെ.ഡി വ്യക്തമാക്കി. ബിഹാറിലേത് നല്ല തുടക്കമാണെന്ന് സമാജ്വാദി പാര്‍ട്ടി അഖിലേഷ് യാദവ് പ്രതികരിച്ചു. ബി.ജെ.പിക്കെതിരെ എല്ലാ സംസ്ഥാനങ്ങളിലും ശബ്ദമുയരണമെന്നും അദ്ദേഹം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.