മൃഗങ്ങളില്‍നിന്ന് പടരും മനുഷ്യരിലേക്ക്; ചൈനയില്‍ പുതിയ വൈറസ് 'ലാംഗ്യ'; 35 പേര്‍ ചികിത്സയില്‍

മൃഗങ്ങളില്‍നിന്ന് പടരും മനുഷ്യരിലേക്ക്;  ചൈനയില്‍ പുതിയ വൈറസ് 'ലാംഗ്യ'; 35 പേര്‍ ചികിത്സയില്‍

ബീജിങ്: കോവിഡിനു പിന്നിലെ ചൈനയില്‍ പുതിയ വൈറസിനെ കണ്ടെത്തി. ഷാന്‍ഡോംഗ്, ഹെനാന്‍ മേഖലകളിലെ ആളുകള്‍ക്കാണ് ലാംഗ്യ ഹെനിപാവൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതുവരെ 35 പേര്‍ക്ക് വൈറസ് ബാധിച്ചതായി തായ്വാനിലെ സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (സിഡിസി) അറിയിച്ചു.

മൃഗങ്ങളില്‍ നിന്നാണ് ഈ വൈറസിന്റെ ഉത്ഭവം. ലാംഗ്യ ഹെനിപാവൈറസ്, ലേ വി എന്നും ഈ വൈറസ് അറിയപ്പെടുന്നു. പനി ബാധിച്ച് ചികിത്സ തേടിയവരുടെ തൊണ്ടയില്‍ നടത്തിയ സ്രവ പരിശോധനയിലാണ് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. ലാംഗ്യ വൈറസ് ബാധിച്ച് ഇതുവരെ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ആരോഗ്യ വിദഗ്ധര്‍ സ്ഥിതിഗതികള്‍ കര്‍ശനമായി നിരീക്ഷിച്ചുവരികയാണ്.

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് ഈ വൈറസ് പകര്‍ന്നുവെന്നാണ് വിദഗ്ധര്‍ പറയുന്നത്. കടുത്ത പനി, ക്ഷീണം, ചുമ, ഛര്‍ദ്ദി തുടങ്ങിയവയാണ് രോഗത്തിന്റെ ലക്ഷണങ്ങള്‍. ഒപ്പം വൈറ്റ് ബ്ലഡ് സെല്‍സില്‍ കുറവ്, കരള്‍, കിഡ്നി എന്നിവ തകരാറിലാവുക, പ്ലേറ്റ്ലെറ്റ് കൗണ്ട് കുറയുക എന്നതും കണ്ടുവരുന്നു.


നിലവില്‍ ഈ രോഗത്തിന് വാക്സിനോ ചികിത്സയോ കണ്ടെത്തിയിട്ടില്ല. വൈറസ് ബാധിച്ചവരുടെ അവസ്ഥ ഗുരുതരമല്ലെന്നും അതിനാല്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു. മനുഷ്യര്‍ക്ക് പുറമെ ചൈനയിലെ 2% ആടുകളിലും 5% നായകളിലും വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.

മനുഷ്യനില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് പകരുന്നത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഒരു പഠനത്തെ ഉദ്ധരിച്ച് തായ്വാനിലെ സിഡിസി ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ചുവാങ് ജെന്‍-ഹ്സിയാങ് പറഞ്ഞു. അതേസമയം, ഇത്തരത്തില്‍ വൈറസ് പകരുമോയെന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

2019 ലാണ് ലാംഗ്യ വൈറസ് ആദ്യമായി മനുഷ്യരില്‍ കണ്ടെത്തിയത്. പുതുതായി കണ്ടെത്തിയ വൈറസായതുകൊണ്ട് തന്നെ തായ് വാനിലെ ലബോറട്ടറികളില്‍ ഇവ കണ്ടെത്താനുള്ള ഫലപ്രദമായ ടെസ്റ്റിംഗ് രീതികള്‍ പരീക്ഷിച്ചുവരികയാണ്.

സാധാരണ വവ്വാലുകളില്‍ കണ്ടുവരുന്ന മാരകമായ നിപ വൈറസിന്റെ അതേ കുടുംബത്തില്‍ പെട്ടതാണ് ലാംഗിയ. കോവിഡ്, മങ്കി പോക്‌സ് ഭീഷണികള്‍ അകലും മുന്‍പാണ് പുതിയ വൈറസ് ബാധ സ്ഥിരീകരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.