അമേരിക്കയുടെ ആർട്ടമിസ് ദൗത്യവും ചൈനയും റഷ്യയും ചേർന്ന് ലൂണാർ സ്റ്റേഷൻ നിർമിക്കാനുള്ള ദൗത്യവുമെല്ലാം മനുഷ്യനെ വീണ്ടും ചന്ദ്രനിലേക്ക് കൊണ്ടുപോകാനുള്ള തയാറെടുപ്പിലാണ്. ഭാവിയിൽ മനുഷ്യൻ ചന്ദ്രനിലേക്ക് കുടിയേറുകയാണെങ്കിൽ ചന്ദ്രനിൽ കൃഷിചെയ്യേണ്ടിവരും. ഒരു നൂറ്റാണ്ടിനുള്ളില്‍ ബഹിരാകാശ രംഗത്ത് ഇത് സംഭവിക്കാവുന്നതാണ്.
ചന്ദ്രനിലെ മണ്ണിൽ ചെടികൾ വളർത്തുന്നതിൽ അമേരിക്കയിലെ ഫ്ലോറിഡ സർവ്വകലാശാലയിലെ ഗവേഷകർ വിജയിച്ചിരിക്കുന്നു എന്ന വാർത്ത അതും ഒരഭൗമ വസ്തുവിൽ ഒരു സസ്യം വളർന്നു പൊങ്ങുന്നത് ലോകത്തെ തികച്ചും അതിശയിപ്പിക്കുന്നു. ഭാവി ബഹിരാകാശ ദൗത്യങ്ങളിൽ ചന്ദ്രനിൽ ഭക്ഷണവും ഓക്സിജനും ഉൽപ്പാദിപ്പിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പ്.
ചന്ദ്രനും പല ഗ്രഹങ്ങൾക്കും ഛിന്നഗ്രഹങ്ങൾക്കും അവയുടെ ഉപരിതലത്തിൽ ഒരു പ്രത്യേക തരം മണ്ണുണ്ട്, അതിനെ റെഗോലിത്ത് എന്ന് വിളിക്കുന്നു. ഭൂമിയിലെ മണ്ണിൽ നിന്ന് വ്യത്യസ്തമായി, ചന്ദ്രനിലെ റെഗോലിത്തിന് ജൈവ വസ്തുക്കളില്ല: വിത്തുകളോ വേരുകളോ ബാക്ടീരിയകളോ ഇല്ല.
1969 – 72 കാലഘട്ടത്തിൽ നടന്ന അപ്പോളോ ദൗത്യത്തിന്റെ ഭാഗമായി ചന്ദ്രയാത്ര നടത്തിയവർ ചന്ദ്രനിൽ നിന്ന് പാറയും മണ്ണും ഭൂമിയിലെത്തിച്ചിരുന്നു. ആറ് ദൗത്യങ്ങളുടെ ഭാഗമായി ചന്ദ്രനിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇത്തരത്തിൽ 382 കിലോഗ്രാം പാറയും മണ്ണും ശേഖരിച്ച് നാസയിൽ ഗവേഷണം നടത്തി വരുന്നുണ്ട്. ഈ സാമ്പിളുകളിൽ നിന്ന് ഫ്ലോറിഡ സർവ്വകലാശാലയുടെ സ്പേസ് പ്ലാനറ്റ് ലാബിന് ലഭിച്ച 12 ഗ്രാം ചന്ദ്ര മണ്ണിൽ ഗവേഷണം നടത്തിയ റോബർട്ട് ഫേളും,അന്ന ലിസാ പോളുംസംഘവുമാണ് വിജയിച്ചത്.
അപ്പോളോ 11, 12, 17 ദൗത്യങ്ങളുടെ ഭാഗമായി ചന്ദ്രന്റെ മൂന്ന് വ്യത്യസ്ത പ്രദേശത്ത് നിന്നായി കൊണ്ടുവന്ന മണ്ണിലാണ് അവര്‍ ഗവേഷണം നടത്തിയത്. ഒരു ഗ്രാം വീതം വരുന്ന ചന്ദ്ര മണ്ണിനെ 12 ചെറുപാത്രങ്ങളിൽ നിറച്ചു മറ്റ് 16 ചെറു പാത്രങ്ങളിൽ ഭൂമിയിലെ പല ഭാഗങ്ങളില്‍ നിന്നുള്ള ഫലഭൂയിഷ്ടി തീരെയില്ലാത്ത മണ്ണിന്റെ സാമ്പിളുകളും നിറച്ചു. എല്ലാ പാത്രങ്ങളിലേക്കും കടുക് ഇനത്തില്‍ പെട്ട അറബിഡോസ്പിസിസ് താലിയാന എന്ന ചെടിയുടെ വിത്തുകൾ വിതച്ചു. ചെടിക്ക് വളരാൻ ആവശ്യമായ വെള്ളവും വളവും നൽകി. 48 – 60 മണിക്കൂറിൽ എല്ലാ സാമ്പിളുകളിലും പുതിയ നാമ്പുകൾ വന്നു.
ചന്ദ്ര മണ്ണിൽ വളർന്ന ചെടികൾക്ക് സാമ്പിള്‍ ചെടികളേക്കാൾ ശേഷി കുറവായിരുന്നു. ചന്ദ്രമണ്ണിൽ അടങ്ങിയിട്ടുള്ള സ്ഫടിക – ലോഹ വസ്തുക്കൾ ചെടിയുടെ വളർച്ചയെ മോശമായി ബാധിച്ചിരുന്നു എന്നും ഈ ചെടികൾ വലിയ തോതിലുള്ള സമ്മർദ്ദങ്ങൾ അനുഭവിച്ചു എന്നും ജനിതക പഠനങ്ങളിൽ കണ്ടെത്തി.
എന്നാലും ഈ ചെറിയ സസ്യ നാമ്പ് ശാസ്ത്രലോകത്തിന് നൽകുന്ന പ്രതീക്ഷകൾ ചെറുതല്ല. ചന്ദ്രനിലേക്ക് ആദ്യ വനിതയെ അയക്കുന്നതിനുള്ള നാസയുടെ ആർട്ടെമിസ് പദ്ധതിക്കും ചൊവ്വ പര്യവേഷണത്തിനും വേഗം കൂട്ടുന്നതാണ് ഈ പരീക്ഷണ വിജയം. ഭൂമിയിലെ തന്നെ കൃഷിയോഗ്യമല്ലാത്ത സ്ഥലത്ത് കൃഷി നടത്തുന്നതിനും അതുവഴി മാനവരാശിക്ക് മെച്ചപ്പെട്ട ഭാവിയും പ്രതീക്ഷയും നൽകാനും ഈ പരീക്ഷണ വിജയത്തിന് സാധിക്കും എന്ന് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.