പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കാനില്ല; അതില്‍ ഭേദം തോല്‍വിയെന്ന് റിഷി സുനക്

പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കാനില്ല; അതില്‍ ഭേദം തോല്‍വിയെന്ന് റിഷി സുനക്

ലണ്ടന്‍: രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുന്നതിനേക്കാള്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സ്ഥാനാര്‍ഥി തിരഞ്ഞെടുപ്പില്‍ തോല്‍ക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ഇന്ത്യന്‍ വംശജനായ ബ്രിട്ടനിലെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി റിഷി സുനക്.

''വളരെ ബുദ്ധിമുട്ടുള്ള ശൈത്യകാലത്ത് ആളുകളെ സഹായിക്കുക എന്നതാണ് ഞാന്‍ ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. ആദ്യ മുന്‍ഗണന എപ്പോഴും ആളുകളില്‍ നിന്ന് പണം എടുക്കാതിരിക്കുക എന്നതാണ്'' - ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം നിലപാട് വ്യക്തമാക്കി.

ജനം ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ശൈത്യകാലത്ത് അവര്‍ക്ക് അധിക സഹായം നല്‍കുകയെന്ന ധാര്‍മിക ഉത്തരവാദിത്തം തനിക്കുണ്ട്. കോവിഡ് കാലത്ത് ചാന്‍സലര്‍ എന്ന നിലയിലുള്ള തന്റെ പ്രവര്‍ത്തനത്തെ ജനം വിലയിരുത്തിയിട്ടുണ്ട്. റെക്കാഡ് ഭൂരിപക്ഷത്തോടെ ജനം തന്നെ തിരഞ്ഞെടുക്കുമെന്നാണ് വിശ്വാസമെന്നും സുനക് പറഞ്ഞു.

ദുര്‍ബല വിഭാഗങ്ങള്‍ക്ക് സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് താന്‍ ശ്രമിച്ചത്. ആളുകള്‍ പണപ്പെരുപ്പത്തെക്കുറിച്ചും വിലക്കയറ്റത്തെക്കുറിച്ചും ആശങ്കാകുലരാണ്. പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടാല്‍ ഏറ്റവും കൂടുതല്‍ പിന്തുണ ആവശ്യമുള്ള ആളുകള്‍ക്ക് വേണ്ടി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

പണപ്പെരുപ്പവും സാമ്പത്തിക പ്രതിസന്ധിയുമാണ് തിരഞ്ഞെടുപ്പ് വേദിയിലെ പ്രധാന അജണ്ട. സുനകും എതിര്‍ സ്ഥാനാര്‍ത്ഥി ലിസ് ട്രസും തങ്ങളുടെ സാമ്പത്തിക നയ രീതികള്‍ ഇതിനകം തന്നെ മത്സരവേദികളില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിലക്കയറ്റം കുറയ്ക്കുമെന്ന് സുനക് വാഗ്ദാനം ചെയ്യുമ്പോള്‍ നികുതിനിരക്കുകള്‍ കുറക്കുമെന്ന വാഗ്ദാനമാണ് എതിര്‍ സ്ഥാനാര്‍ഥിയായ ലിസ് ട്രസ് മുന്നോട്ടുവെയ്ക്കുന്നത്.

രാജ്യത്തെ വിലക്കയറ്റം ഇതേ രീതിയില്‍ തുടര്‍ന്നാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വിജയിക്കുമെന്ന പ്രതീക്ഷയേയില്ലെന്ന് ഈസ്റ്റ്‌ബോണില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സുനക് പറഞ്ഞിരുന്നു. ബാങ്ക് ഓഫ് ഇംഗ്ലണ്ട് നല്‍കിയ മുന്നറിയിപ്പിനെ ആദാരമാക്കിയാണ് സുനക് ഇത് ചൂണ്ടിക്കാട്ടിയത്.

നിലവില്‍ 9.4 ശതമാനമായ വിലക്കയറ്റം 13.4 ശതമാനത്തിന് മുകളില്‍വരെ എത്തിയേക്കാമെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പ്രവചനം. താന്‍ പ്രധാനമന്ത്രിയായാല്‍ വിലക്കയറ്റത്തിന് കടിഞ്ഞാണിടാനാകും മുന്‍ഗണനയെന്നും സുനക് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ വിലക്കയറ്റം സംബന്ധിച്ച പ്രവചനങ്ങളെ ലിസ് തള്ളിക്കളഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.