പരസ്യം പിടിച്ചില്ല: കുഞ്ചാക്കോ ബോബന്‍ ചിത്രം ബഹിഷ്‌കരിക്കണമെന്ന് ഇടത് സൈബര്‍ പോരാളികള്‍; ദേശാഭിമാനിയിലും പരസ്യം വന്നെന്ന് വി.ഡി സതീശന്‍

പരസ്യം പിടിച്ചില്ല: കുഞ്ചാക്കോ ബോബന്‍ ചിത്രം ബഹിഷ്‌കരിക്കണമെന്ന് ഇടത് സൈബര്‍ പോരാളികള്‍; ദേശാഭിമാനിയിലും പരസ്യം വന്നെന്ന് വി.ഡി സതീശന്‍

കൊച്ചി: ഇന്ന് റിലീസ് ചെയ്ത കുഞ്ചാക്കോ ബോബന്‍ നായകനായ 'ന്നാ താന്‍ കേസ് കൊട്' സിനിമയുടെ പരസ്യം വിവാദത്തില്‍. 'തീയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട് എന്നാലും വന്നേക്കണേ' എന്നായിരുന്നു പത്രങ്ങള്‍ക്ക് നല്‍കിയ പരസ്യം. ഇതിനെതിരെ ഇടത് സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ നിന്ന് വലിയ തോതില്‍ സൈബര്‍ ആക്രമണം നടക്കുന്നുണ്ട്. സിനിമ ബഹിഷ്‌കരിക്കണമെന്നാണ് ആഹ്വാനം.

സംസ്ഥാനത്തുടനീളം റോഡുകള്‍ തകര്‍ന്ന സംഭവത്തില്‍ കോടതി പോലും സംസ്ഥാന സര്‍ക്കാറിനെ വിമര്‍ശിച്ച സാഹചര്യത്തില്‍ പരസ്യവാചകം സര്‍ക്കാര്‍ വിരുദ്ധമാണെന്ന് ആരോപിച്ചാണ് ഇടത് അനുകൂല സൈബര്‍ പോരാളികള്‍ രംഗത്തെത്തിയത്. പാതകളിലെ കുഴികള്‍ സംബന്ധിച്ച് സര്‍ക്കാരും പ്രതിപക്ഷവും തമ്മിലും സര്‍ക്കാരും ബിജെപിയും തമ്മിലും ഏറ്റുമുട്ടല്‍ സജീവമായിരിക്കുന്ന പശ്ചാത്തലത്തിലാണ് സിനിമ പരസ്യം ചര്‍ച്ചയായിരിക്കുന്നത്.

കുഴികള്‍ കൂടുതല്‍ ദേശീയപാതയിലാണെന്ന് സിപിഎം നേതാക്കളും പിഡബ്ല്യുഡി റോഡുകളിലാണെന്ന് ബിജെപി നേതാക്കളും പരസ്പരം കുറ്റപ്പെടുത്തുന്നതിനിടെ തിയേറ്ററിലേക്കുള്ള വഴിയിലെ കുഴി ആരുടേതാണെന്ന് പരസ്യത്തില്‍ വ്യക്തമാക്കുന്നില്ല. എന്നാല്‍ ഇടത് സൈബര്‍ പേജുകള്‍ പരസ്യത്തെ കുറ്റപ്പെടുത്തിയും സിനിമാ ബഹിഷ്‌കരണത്തിന് ആഹ്വാനംചെയ്തും രംഗത്തെത്തിയതോടെയാണ് വിവാദങ്ങള്‍ക്ക് ചൂടുപിടിച്ചത്.

ആവിഷ്‌കാര സ്വാതന്ത്ര്യത്തേക്കുറിച്ച് പുരപ്പുറത്ത് കയറി സംസാരിക്കുന്നവരാണ് ഇപ്പോള്‍ പരസ്യത്തിന്റെ പേരില്‍ സിനിമാ ബഹിഷ്‌കരണത്തിന് തുനിഞ്ഞിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പ്രതികരിച്ചു. റോഡിലെ കുഴികള്‍ യാഥാര്‍ഥ്യമാണ്. അതില്ലെന്ന് ആരു പറഞ്ഞിട്ടും കാര്യമില്ല.

എന്റെ മനസിലാണ് കുഴിയെന്നാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി പറഞ്ഞത്. എന്റെ മനസ്സിലെ കുഴിയില്‍ വീണ് ആരും മരിക്കില്ല. റോഡിലെ കുഴിയില്‍ വീണാണ് ആളുകള്‍ മരിക്കുന്നത്. അതുകൊണ്ട് അത് നികത്തുക തന്നെ വേണം. സിപിഎം മുഖപത്രത്തിന്റെ ഒന്നാം പേജിലും ഈ പരസ്യം വന്നിട്ടുണ്ടെന്നും സതീശന്‍ പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.