കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക്ക് അഡ്മിനിസ്ട്രേറ്ററായി ഫ്രാൻസിസ് മാർപാപ്പാ നിയമിച്ച മാർ ആൻഡ്രൂസ് താഴത്ത് അതിരൂപതയുടെ ഭരണ സംവിധാനങ്ങളിൽ (കൂരിയ) വൻ അഴിച്ചു പണി നടത്തിത്തുടങ്ങി. എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികരിൽ നിന്ന് ഭരണ നൈപുണ്യം ഉള്ളവരെ അവരുടെ പക്ഷം നോക്കാതെ തെരഞ്ഞെടുക്കാൻ മാർ ആൻഡ്രൂസ് താഴത്തിന് സാധിച്ചു എന്നാണ് സഭാ നിരീക്ഷകർ പറയുന്നത്. വിമത പക്ഷത്ത് നിൽക്കുന്ന എല്ലാവരെയും ഒരുമിച്ച് കൂരിയയിൽ നിന്ന് പുറത്ത് നിർത്തിയാൽ അത് ശക്തമായ പ്രതിഷേധങ്ങൾക്കും അതിലൂടെ പ്രശ്നങ്ങൾ കൂടുതൽ വഷളാക്കുന്നതിലേക്കും നീങ്ങുമെന്നും നന്നായി മനസിലാക്കിയാണ് മാർ താഴത്ത് തന്റെ തീരുമാനങ്ങൾ പ്രഖ്യാപിച്ചത്.
വിമതപ്രവർത്തനങ്ങൾക്ക് തന്ത്രങ്ങൾ മെനഞ്ഞ ചില വൈദികരെ മാറ്റി നിർത്തിയപ്പോൾ മറ്റ് ചിലരെ നേതൃത്വത്തിലേക്ക് കൊണ്ടു വരികയും ചെയ്യുന്ന തന്ത്രപരമായ തീരുമാനമായാണ് ഇതിനെ പൊതുവെ കരുതപ്പെടുന്നത്. അതിരൂപതയുടെ ചാൻസലർ ആയി സേവനം അനുഷ്ഠിച്ചിരുന്ന ഫാ. ബിജു പെരുമായനെ അവധിയിൽ പ്രവേശിപ്പിച്ചു. സുപ്രധാനമായ അതിരൂപത പി.ആർ.ഒ സ്ഥാനത്ത് നിന്ന് ഫാ. മാത്യു കിലുക്കനെ മാറ്റി. അദ്ദേഹത്തിന് പുതിയ ഉത്തരവാദിത്വങ്ങൾ ഒന്നും നൽകിയിട്ടില്ല.
മറ്റൊരു പ്രധാനപ്പെട്ട പ്രൊക്യൂറേറ്റർ തസ്തികയിൽ ഫാ. പോൾ മാടശേരിയെയും അസിസ്റ്റന്റ് പ്രൊക്യൂറേറ്ററായി ഫാ. പിന്റോ പുന്നക്കലിനെയും നിയമിച്ചു.
കോട്ടപ്പടി ഭൂമി വിറ്റ് അതിരുപതയുടെ കടം വീട്ടലായിരിക്കും അവരുടെ മുൻപിലുള്ള സുപ്രധാന ഉത്തരവാദിത്വം.
സുപ്രധാന നിയമനങ്ങൾ താഴെപ്പറയുന്നു.
ഫാ. കല്ലുങ്കൽ മാർട്ടിൻ (ചാൻസലർ & പി.ആർ.ഒ)
ഫാ. സോണി മഞ്ഞളി (വൈസ് ചാൻസലർ )
ഫാ. ആന്റണി പെരുമായൻ (സിഞ്ചെല്ലൂസ്)
ഫാ. വർഗീസ് പൊട്ടക്കൽ (പ്രോട്ടോ-സിഞ്ചെല്ലൂസ്)
മുൻ സിഞ്ചെല്ലൂസ് ആയിരുന്ന ഫാ. ജോസ് പുതിയിടത്തിനെ പറവൂർ ഫൊറോനാ വികാരിയായും, ഫാ. ജോയ് അയ്നിയാടനെ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രി ഡയറക്ടറായും, ഫാ. ഹോർമിസ് മൈനാട്ടിയെ ലിസി ആശുപതിയിലെ സ്പിരിച്വൽ ഡയറക്ടറായും നിയമിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.