‘മോണ്യുമെന്റ് ഓഫ് ഒപ്രഷൻ’: ഒരു കലാകാരന്റെ ‘ബ്ലാക്ക് ലൈവ്‌സ് മാറ്റർ’ ഭാഷ്യം

‘മോണ്യുമെന്റ് ഓഫ് ഒപ്രഷൻ’: ഒരു കലാകാരന്റെ ‘ബ്ലാക്ക് ലൈവ്‌സ് മാറ്റർ’ ഭാഷ്യം

തിമോത്തി ഷ്മാൾസ് : കാനഡയിലെ ഓൺടാരിയോ പ്രൊവിൻസിലെ എൽമിറാ എന്ന ഒരു ടൗണിലാണ് തിമോത്തി ഷ്മാൾസ് ജനിച്ചത്. ചെറുപ്രായത്തിൽ തന്നെ തനിക്കുവേണ്ട കളിപ്പാട്ടങ്ങളും മറ്റും സ്വയം നിർമ്മിക്കാൻ ഒരു താല്പര്യം കൊച്ചു തിമോത്തിക്ക് തോന്നിയിരുന്നു. നിർമ്മിക്കാനുള്ള ഈ കലാവിരുത് വളർത്തിയെടുത്തതിന്റെ ഫലമായി ഇന്ന് ലോകം അറിയുന്ന ഒരു ശില്പകലാവിദഗ്ദ്ധനായി മാറിയിരിക്കുകയാണ് തിമോത്തി ഷ്മാൾസ് എന്ന ഈ കാനഡക്കാരൻ.

 ലോകമെമ്പാടും ചർച്ചാവിഷയമായ അമേരിക്കൻ കറുത്ത വംശജനായ ജോർജ്ജ് ഫ്‌ളോയിഡിന്റെ കൊലപാതകവും അതിനെത്തുടർന്നുണ്ടായ പ്രക്ഷോഭങ്ങളും ജനരോഷം ആളിക്കത്തി വെള്ളക്കാരുടെ പൈതൃകസ്മാരകങ്ങൾക്കെതിരായ ആക്രമണമായി മാറുന്നത് ലോകം മുഴുവൻ കണ്ടുനിൽക്കുമ്പോൾ വ്യത്യസ്തമായ ഒരു പ്രതികരണവുമായി ലോകമെമ്പാടും നീതിയുടെയും പ്രത്യാശയുടെയും സന്ദേശം നൽകുന്ന 'ഹോംലെസ്സ് ജീസസ് 'എന്ന നൂറോളം നഗരങ്ങളിൽ സ്ഥാപിക്കപ്പെട്ട ശില്പത്തിന്റെ സൃഷ്ടാവ് കാനഡക്കാരനായ തിമോത്ത് ഷ്മാൾസ്.

 2020 മെയ് 25 നാണ് വെള്ളക്കാരനായ ഒരു പോലീസ് ഉദ്യോഗസ്ഥനാൽ ജോർജ്ജ് ഫ്‌ളോയിസ് എന്ന കറുത്ത വംശജനായ അമേരിക്കക്കാരൻ കൊല്ലപ്പെട്ടത്. അതിനെത്തുടർന്ന് ‘ബ്ലാക്ക് ലൈവ്‌സ് മാറ്റർ’ എന്ന മുദ്രാവാക്യവുമായി ആരംഭിച്ച പ്രക്ഷോഭം പിന്നീട് യു. എസിലെ വെളുത്തവർഗ്ഗക്കാരുടെ ചരിത്രസ്മാരകങ്ങളും പ്രതിമകളും നശിപ്പിക്കുന്ന രീതിയിൽ അക്രമാസക്തമായി മാറുകയായിരുന്നു. വിവാദങ്ങൾ നിറഞ്ഞ, നശിപ്പിക്കപ്പെട്ടതും നശിപ്പിക്കപ്പെടാൻ സാധ്യത ഉളളതുമായ ഈ സ്മാരകങ്ങൾക്ക് അരികിൽ ആയിരിക്കും അഴികൾക്കിടയിൽ നിന്നും നിസ്സഹായമായി പുറത്തേക്ക് നീട്ടുന്ന കരങ്ങൾ ചിത്രീകരിച്ചിരിക്കുന്ന ‘മൊണ്യുമെന്റ് ഓഫ് ഒപ്രഷൻ’ (Monument of Oppression) അഥവാ അടിച്ചമർത്തലിന്റെ സ്മാരകം എന്ന് പേരിട്ടിരിക്കുന്ന ഈ ശില്പം നിർ മ്മിക്കുക.

 ഈ ശില്പങ്ങൾ ചേർത്തുവച്ചു ചരിത്രത്തെ മനസ്സിലാക്കുന്നതിലൂടെ കാഴ്ചക്കാരിൽ അതിശയം ഉളവാകുകയും ഒപ്പംതന്നെ അവർ അതിലൂടെ തുറന്ന മനസ്സോടെ ചരിത്രത്തെ സമീപിക്കാൻ പ്രാപ്തരാകുകയും ചെയ്യുമെന്നും, ഇത് തങ്ങൾ വസിക്കുന്ന സമൂഹത്തെപ്പറ്റി വ്യക്തമായ ഒരു കാഴ്ചപ്പാട് രൂപപ്പെടുത്താൻ ഓരോ വ്യക്തിയെയും സഹായിക്കുമെന്നും ഷ്മാൾസ് വിശ്വസിക്കുന്നു. നമുക്ക് ഒരിക്കലും ചരിത്രത്തെ മാറ്റി എഴുതാനാവില്ല. ചരിത്രസ്മാരകങ്ങളെ നശിപ്പിക്കാൻ നമുക്ക് അവകാശവുമില്ല. എന്നാൽ, അവയെ പുനർവായിക്കാൻവേണ്ട കൂട്ടിച്ചേർക്കലുകൾ ഈ തലമുറയ്ക്ക് നടത്താനാകും. അതിലൂടെ ചരിത്രത്തിൽ നിന്നും പാഠം ഉൾക്കൊണ്ടുകൊണ്ട് തെറ്റുകളെ തിരുത്തി മുന്നോട്ടുപോകാനാണ് നാം ശ്രദ്ധിക്കേണ്ടത്. തന്റെ പദ്ധതിയെപ്പറ്റി വിവരിക്കുന്ന യൂ-ട്യൂബിലെ മൂന്നുമിനിട്ടിൽ താഴെ മാത്രം ദൈർഘ്യമുള്ള വീഡിയോയിൽ തിമോത്തി ഷ്മാൾസ് പറയുന്നു.

‘മൊണ്യുമെന്റ് ഓഫ് ഒപ്രഷൻ’ (Monument of Oppression)


 2011 ലെ ക്രിസ്തുമസ് കാലത്ത് കാനഡയിലെ ടൊറന്റേയിലെ തെരുവിലൂടെ കടന്നുപോയപ്പോൾ കൊടുംതണുപ്പിൽ വിറയ്ക്കുന്ന ശരീരവുമായി ഒരു നേർത്ത കമ്പിളിപ്പുതപ്പിനുള്ളിൽ വഴിയരികിലെ ഒരു ബഞ്ചിൽ ഇരിക്കുന്ന പാവപ്പെട്ട ഒരു മനുഷ്യനെ ശ്രദ്ധിച്ചതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് രൂപംകൊണ്ടതാണ് തിമോത്തി ഷ്മാൾസിന്റെ പ്രശസ്തമായ ‘ഹോംലെസ്സ് ജീസസ്’ എന്ന ശില്പം. ഒരു കത്തോലിക്കാ വിശ്വാസിയായ തിമോത്തി ഷ്മാൾസിന് ആ കാഴ്ച ബൈബിളിലെ ക്രിസ്തുവിന്റെ ചില വചനങ്ങൾ ഓർമ്മപ്പെടുത്തി. ബൈബിളിലെ വി. മത്തായിയുടെ സുവിശേഷം 25-ാം അദ്ധ്യായത്തിലെ ആ വചനങ്ങളുടെ സംഗ്രഹം ഇപ്രകാരമാണ്. പാവങ്ങളെയോ വിശക്കുന്നവരെയോ പരിത്യക്തരെയോ നീ സഹായിക്കുമ്പോൾ ക്രിസ്തുവിനെത്തന്നെയാണ് നീ സഹായിക്കുന്നത് പാർശ്വവത്ക്കരിക്കപ്പെട്ടവരിൽ ദൈവത്തെ കാണാനുള്ള ഉൾക്കാഴ്ച അതോടുകൂടി തിമോത്തിക്ക് ലഭിച്ചു. ഹൃദയമലിയിക്കുന്ന കാഴ്ച പ്രദാനം ചെയ്യുന്ന ‘ഹോംലെസ്സ് ജീസസ്’ എന്ന ആ ശില്പം നൂറോളം വ്യത്യസ്ത നഗരങ്ങളിൽ സ്ഥാപിക്കപ്പെട്ടുകഴിഞ്ഞു.

‘ഹോംലെസ്സ് ജീസസ്’ (Homeless Jesus)


 ആർട്‌സ് സ്‌കൂളിൽ പഠനം ആരംഭിച്ചു എങ്കിലും അത് പൂർത്തിയാക്കാൻ സാധിക്കാതെ പിന്മാറിയ തിമോത്തി ഷ്മാൾസ്, എന്നാൽ, തന്റെ കലാജീവിതം ഉപേക്ഷിക്കാൻ തയ്യാറായിരുന്നില്ല. തന്റെ ഇരുപതുകളിൽ ഒറ്റമുറി വീട്ടിൽ കഴിച്ചുകൂട്ടി ദിവസത്തിൽ 15 മണിക്കൂറോളം ശില്പകലാജോലിയിൽ വ്യാപൃതനായിരുന്ന തിമോത്തി ഷ്മാൾസ്, ചുറ്റുപാടും കണ്ടുമുട്ടിയ പാർശ്വവത്ക്കരിക്കപ്പെട്ട മനുഷ്യരുടെ ജീവിതങ്ങളെ തൊട്ടറിഞ്ഞിരുന്നു. അപ്രകാരം താൻ അനുഭവിച്ചതും മറ്റുള്ളവരിൽ കണ്ടതുമായ കാഴ്ചകളാണ് സ്വന്തം കരവിരുതിലൂടെ ഇന്ന് ലോകത്തിന് ഈ കലാകാരൻ കാട്ടിക്കൊടുക്കുന്നത്.

105- ാം അഭയാർത്ഥി കുടിയേറ്റദിനമായിരുന്ന 2019 സെപ്റ്റംബർ 29-ാം തീയതി റോമിലെ വത്തിക്കാൻ ചത്വരത്തിൽ ഫ്രാൻസിസ് മാർപ്പാപ്പ അനാച്ഛാദനം ചെയ്ത 20 അടി നീളവും 11 അടി വീതിയുമുള്ള വെങ്കലത്തിൽ നിർമ്മിച്ച ഒരു ചെറുവള്ളത്തിൽ 140 അഭയാർത്ഥികൾ തിങ്ങിനിറഞ്ഞു സഞ്ചരിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്ന 'എയ്ഞ്ചൽസ് അൺഅവയേഴ്‌സ്' (Angels Unawares) അഥവാ 'മാലാഖമാരെ അറിയാതെ' എന്ന് പേര് നൽകപ്പെട്ട തിമോത്തി ഷ്മാൾസിന്റെ ചിത്രം ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

'എയ്ഞ്ചൽസ് അൺഅവയേഴ്‌സ്' (Angels Unawares)


 കലകളും അവയുടെ സൃഷ്ടാക്കളായ കലാകാരന്മാരുമാണ് മനുഷ്യനെ സ്വപ്നം കാണാനും പ്രതീക്ഷകളിൽ ജീവിക്കാനും പ്രതിസന്ധികളെ തരണം ചെയ്യാനും എല്ലാക്കാലത്തും സഹായിച്ചിട്ടുള്ളത്. പല വലിയ മാറ്റങ്ങൾക്ക് നാന്ദി കുറിക്കുന്നതോടൊപ്പം ഓരോ കാലഘട്ടത്തെയും അവ ഓരോന്നിന്റെയും സവിശേഷതകൾ ചോർന്നുപോകാതെ ആവിഷ്‌ക്കരിക്കാനും അതാത് കാലഘട്ടത്തിലെ കലാസൃഷ്ടികളിലൂടെ സാധിച്ചിട്ടുണ്ട്.

 2020 ലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ‘മൊണ്യുമെന്റ് ഓഫ് ഒപ്രഷനു’ പുറമേ ഷ്മാൾസ് രൂപം നൽകിയിരിക്കുന്ന കളിമൺ സൃഷ്ടികളാണ് ‘ഹെൽത്ത് കെയർ പ്രെയറും’ , ‘ജീസസ് 2020 , ദി സൺ ഓഫ് മാൻ’ എന്ന സൃഷ്ടിയും. വളരെ സുന്ദരവും കാലികവും അർത്ഥപൂർണ്ണവുമായ ഇരു ശില്പങ്ങളുടെയും വെങ്കലത്തിൽ ഉള്ള സൃഷ്ടികളുടെ പണിപ്പുരയിൽ കൂടിയാണ് ഷ്‌മോൾസ് ഇപ്പോൾ. ചിന്തോദ്ദീപകമായ തിമോത്തി ഷ്‌മോൾസിന്റെ ശില്പങ്ങൾക്കായി ലോകം കാത്തിരിക്കുന്നു.

Author: Graceson Vengackal 

Courtesy:

1. All pictures are taken from Google images

2. Douglas Todd: Renowned sculptor touts ‘shock’ rebuttal to, not destruction of, historical statues, article in vancouversun Link: https://vancouversun.com/opinion/columnists/douglas-todd-renowned-sculptor-touts-shock-rebuttal-to-not-destruction-of-historical-statues

3. Youtube Video of Timothy Schmalz on Monument of Oppression: https://www.youtube.com/watch?v=jac8fsPu14s


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.