'ഉച്ചഭക്ഷണത്തില്‍ നിന്ന് ബീഫും ചിക്കനും ഒഴിവാക്കിയത് പഴങ്ങളും, ഡ്രൈഫ്രൂട്ട്സും നല്‍കാന്‍'; ലക്ഷദ്വീപ് ഭരണകൂടം സുപ്രീം കോടതിയില്‍

'ഉച്ചഭക്ഷണത്തില്‍ നിന്ന് ബീഫും ചിക്കനും ഒഴിവാക്കിയത് പഴങ്ങളും, ഡ്രൈഫ്രൂട്ട്സും നല്‍കാന്‍'; ലക്ഷദ്വീപ് ഭരണകൂടം സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: സ്‌കൂളുകളിലെ ഉച്ചഭക്ഷണ മെനുവില്‍ നിന്ന് ബീഫും ചിക്കനും ഉള്‍പ്പടെയുള്ള മാംസാഹാരം ഒഴിവാക്കിയത് കുട്ടികള്‍ക്ക് പഴങ്ങളും ഡ്രൈ ഫ്രൂട്ട്സും നല്‍കാനാണെന്ന് ലക്ഷദ്വീപ് ഭരണകൂടം സുപ്രീം കോടതിയില്‍. കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലാണ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരുടെ വിശദീകരണം.

മാംസാഹാരം വൃത്തിയായി സൂക്ഷിക്കുന്നതിനും കൊണ്ടു പോകുന്നതിനും ദ്വീപില്‍ ബുദ്ധിമുട്ടാണെന്ന് ഭരണകൂടത്തിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു. കടുത്ത സാമ്പത്തിക നഷ്ടമായതു കൊണ്ടാണ് കവരത്തി, മിനിക്കോയ് എന്നീ ദ്വീപുകളിലെ ഡയറി ഫാമുകള്‍ അടച്ച് പൂട്ടിയതെന്നും ഭരണകൂടം പറയുന്നു.

കുട്ടികളുടെ വളര്‍ച്ചയ്ക്കും വികസനത്തിനും ആവശ്യമായ പോഷകാഹാരം ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായാണ് സ്‌കൂളുകളുടെ ഉച്ച ഭക്ഷണ മെനുവില്‍ പരിഷ്‌കരണം കൊണ്ട് വന്നത്. മെനുവില്‍ മീന്‍, മുട്ട, മാംസം എന്നിവ ഉള്‍പെടുത്താന്‍ വിദഗ്ദ്ധര്‍ നിര്‍ദേശിച്ചിരുന്നു. ഇതിനോട് ഒപ്പം നേരത്തെ മെനുവില്‍ ഇല്ലാതിരുന്ന പഴങ്ങളും ഡ്രൈ ഫ്രൂട്ട്‌സും ഉള്‍പ്പെടുത്താനും നിര്‍ദേശിച്ചിരുന്നതായും ഭരണകൂടം അറിയിച്ചു.

പഴങ്ങളും, ഡ്രൈ ഫ്രൂട്ട്സും ഉള്‍പ്പെടുത്തിയപ്പോള്‍ ചിക്കനും മറ്റ് മാംസാഹാരങ്ങളും ഒഴിവാക്കിയതായാണ് പ്രഫുല്‍ ഖോഡ പട്ടേലിന്റെ വിശദീകരണം. മുമ്പുണ്ടായിരുന്ന മെനുവില്‍ ചിക്കന്‍ ഉള്‍പ്പടെയുള്ള മാംസാഹാരങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പലപ്പോഴും അവ ലഭ്യമല്ലാത്തതിനാല്‍ നല്‍കിയിരുന്നില്ല. എന്നാല്‍, മീന്‍, മുട്ട, പഴങ്ങള്‍, ഡ്രൈ ഫ്രൂട്ട്‌സ് എന്നിവ കുട്ടികള്‍ക്ക് മുടക്കമില്ലാതെ നല്‍കാന്‍ സാധ്യമാണെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

മാംസാഹാരം ഒഴിവാക്കാന്‍ തീരുമാനം എടുത്ത യോഗത്തില്‍ അഡ്മിനിസ്‌ട്രേറ്റര്‍ പങ്കെടുത്തിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. കവരത്തി നിവാസിയായ അജ്മല്‍ അഹമ്മദ് നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് ഇന്ദിര ബാനര്‍ജിയുടെ അധ്യക്ഷതയിലുള്ള സുപ്രീം കോടതി ബെഞ്ച് കേന്ദ്ര സര്‍ക്കാരിനും ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനും ദ്വീപ് ഭരണകൂടത്തിലെ ചില ഉദ്യോഗസ്ഥര്‍ക്കും നോട്ടീസ് അയച്ചിരുന്നു.

ഈ നോട്ടീസിനാണ് പ്രഫുല്‍ പട്ടേലും ദ്വീപ് ഭരണകൂട ഉദ്യോഗസ്ഥരും ഒറ്റ സത്യവാങ്മൂലത്തിലൂടെ മറുപടി നല്‍കിയത്. സുപ്രീം കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സ്‌കൂളുകളിലെ ഉച്ചഭക്ഷണ മെനു താല്‍ക്കാലികമായി പുനസ്ഥാപിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.