ഓസ്ട്രേലിയയില്‍ കോഴി മുട്ട ക്ഷാമം രൂക്ഷം; കാരണങ്ങള്‍ ഇവയൊക്കെയാണ്

ഓസ്ട്രേലിയയില്‍ കോഴി മുട്ട ക്ഷാമം രൂക്ഷം; കാരണങ്ങള്‍ ഇവയൊക്കെയാണ്

പെര്‍ത്ത്: ഓസ്‌ട്രേലിയയില്‍ തീന്‍മേശകളിലെ പ്രധാന വിഭവമായ മുട്ടകള്‍ക്ക് കടുത്ത ക്ഷാമം. ഇതേതുടര്‍ന്ന് വില വര്‍ധിക്കുക മാത്രമല്ല, സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ അടക്കം സ്‌റ്റോക്കും നന്നെ കുറഞ്ഞു. ഭക്ഷണശാലകളില്‍ മുട്ട അടങ്ങിയ വിഭവങ്ങളുടെ എണ്ണത്തിലും അളവിലും കുറവു വരുത്തിയിട്ടുണ്ട്. സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ കോള്‍സ് രണ്ട് കാര്‍ട്ടണില്‍ കൂടുതല്‍ ഒരാള്‍ക്കു നല്‍കരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ചില ഭക്ഷണ ശാലകളില്‍ പ്രഭാത ഭക്ഷണത്തിനൊപ്പം രണ്ട് മുട്ട വിളമ്പിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ഒെരണ്ണമാണു നല്‍കുന്നത്.

മുട്ടകള്‍ക്ക് ഇത്രമാത്രം ക്ഷാമം ഉണ്ടാകാന്‍ കാരണങ്ങള്‍ പലതാണ്. ഓസ്‌ട്രേലിയക്കാരുടെ ഭക്ഷണശീലത്തില്‍ മുട്ട പ്രധാന വിഭവമാണ്. 2020-21 സാമ്പത്തിക വര്‍ഷത്തെ കണക്കനുസരിച്ച് 17 മില്യണ്‍ മുട്ടകളാണ് ഓസ്‌ട്രേലിയക്കാര്‍ പ്രതിദിനം കഴിച്ചത്. കോവിഡ് ലോക്ഡൗണ്‍ കാലത്ത് ധാന്യങ്ങള്‍ അടക്കമുള്ള ഭക്ഷണ സാധനങ്ങള്‍ക്ക് ക്ഷാമം നേരിട്ടിരുന്നു. പലചരക്ക് സാധനം വാങ്ങുന്നതില്‍ ആളുകളുടെ ശൈലിയിലുണ്ടായ മാറ്റമാണ് ഇതിന് കാരണം. ലോക്ഡൗണിനെതുടര്‍ന്ന് ഭക്ഷ്യ ക്ഷാമമുണ്ടാകുമോ എന്നു ഭയന്ന് പലരും ആവശ്യത്തില്‍ കൂടുതല്‍ സംഭരിച്ചു. അതിനാല്‍ മറ്റ് സാധനങ്ങള്‍ക്കൊപ്പം മുട്ടകള്‍ക്കും നേരിയ ക്ഷാമം അനുഭവപ്പെട്ടു.

എന്നാല്‍ ലോക്ഡൗണിനു ശേഷവും രാജ്യത്ത് മുട്ട ക്ഷാമം രൂക്ഷമാകുന്നതാണ് കണ്ടത്. ലോക്ഡൗണിനു ശേഷം മുട്ട ഉല്‍പാദനത്തിലുണ്ടായ കുറവാണ് ക്ഷാമത്തിനു കാരണമെന്നാണ് വിലയിരുത്തല്‍.

രാജ്യത്തിന്റെ അതിര്‍ത്തികള്‍ രണ്ടു വര്‍ഷത്തോളം അടച്ചിട്ടതോടെ ഇറക്കുമതിയിലടക്കം തടസങ്ങള്‍ നേരിട്ടു. ലോക്ഡൗണ്‍ കാലത്ത് കഫേകളും റസ്‌റ്റോറന്റുകളും അടച്ചിട്ടതോടെ മുട്ട ഉല്‍പാദകര്‍ മാസങ്ങളോളം പിന്‍വാങ്ങിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ ക്ഷാമമെന്നാണ് വിലയിരുത്തപ്പെടുന്നത്. ലോക്ഡൗണിനു ശേഷം മുട്ട ഉപയോഗിക്കുന്നതിലുള്ള ശൈലീ മാറ്റവും ഇതിനു കാരണമായി.

2020-21 സാമ്പത്തിക വര്‍ഷം 6.3 ബില്യണ്‍ മുട്ടകളാണ് ഓസ്‌ട്രേലിയയലിലെ മുട്ട കര്‍ഷകര്‍ ഉല്‍പാദിപ്പിച്ചത്. ഇതില്‍ 55 ശതമാനവും ഫ്രീ റേഞ്ച് മുട്ടകളാണ്.


കോഴികളെ നാടന്‍ രീതിയില്‍ തുറസായ സ്ഥലങ്ങളില്‍ അഴിച്ചുവിട്ട് അവ തീറ്റ സ്വയം കണ്ടെത്തി ചികഞ്ഞു തിന്നുന്ന രീതിയാണ് ഫ്രീ റേഞ്ച് കോണ്‍സെപ്റ്റ്. ഇത്തരത്തില്‍ പോഷകഗുണമേറിയ തീറ്റ നല്‍കി, ഗുണമേന്മയുള്ള മുട്ട ഉല്‍പാദിപ്പിക്കാന്‍ കഴിയും.

ഫ്രീ റേഞ്ച് മുട്ടകള്‍ ആവശ്യപ്പെടുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ 48 ശതമാനം വളര്‍ച്ചയാണ് ഫ്രീ റേഞ്ച് മുട്ടകളുടെ കാര്യത്തിലുണ്ടായത്.

ഫ്രീ റേഞ്ച് മുട്ടകള്‍ ഉല്‍പാദിപ്പിക്കാനാണ് കര്‍ഷകര്‍ക്കു കൂടുതല്‍ താല്‍പര്യം. കൂടുതല്‍ ലാഭം ലഭിക്കും എന്നതാണ് കര്‍ഷകരെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്. കോവിഡിന് മുന്‍പ് ഈ മേഖലയില്‍ വന്‍ നിക്ഷേപമാണ് പല കര്‍ഷകരും നടത്തിയത്.

എന്നാല്‍ തുറസായ സ്ഥലങ്ങളില്‍ വളര്‍ത്തുന്ന ഇത്തരം കൃഷിക്കു കൂടുതല്‍ ചിലവാണ് എന്നതു മാത്രമല്ല കൂടുതല്‍ സ്ഥലവും ആവശ്യമാണ്. സാധാരണ കൂടുകളില്‍ വളര്‍ത്തുന്ന കോഴികള്‍ക്ക് കൃത്യമായ താപനില ഉറപ്പാക്കാന്‍ കഴിയും. എന്നാല്‍ ഏക്കറു കണക്കിന് സ്ഥലങ്ങളില്‍ അഴിച്ചുവിട്ടിരുന്ന കോഴികളെ ചൂടും തണുപ്പും കാറ്റും മഴയുമൊക്കെ ബാധിക്കാറുണ്ട്. ഇതും മുട്ട ഉല്‍പാദനത്തെ ബാധിച്ചിട്ടുണ്ടെന്നാണു കരുതുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26