ശ്രീനഗര്‍: ചിനാബ് ആര്‍ച്ച് പാലം പൂര്‍ത്തിയായി. ആര്‍ച്ച് പാലത്തിലെ മധ്യത്തിലെ യോജിപ്പിക്കേണ്ട അവസാന ഗര്‍ഡറാണ് ഇന്ന് ഘടിപ്പിച്ചത്. യോജിപ്പിച്ച ഭാഗത്ത് ദേശീയ പതാക ഉയര്‍ത്തിയാണ് റെയില്‍വേ രാജ്യത്തിനും ജമ്മുകശ്മീരിനും അഭിമാന നേട്ടം സമ്മാനിച്ചത്. ട്വിറ്ററിലൂടെയാണ് റെയില്‍വേ ചിനാബ് പാലത്തിന്റെ ചിത്രം പങ്കുവെച്ചത്.
ലോകത്തില്‍ ആദ്യമായാണ് ഒറ്റ വില്ല് ആകൃതിയില്‍ ഇത്രയും നീളത്തില്‍ ഒരു റെയില്‍പാലം നിര്‍മ്മിക്കപ്പെടുന്നത്. ചിനാബ് നദിയുടെ ഇരുവശത്തു നിന്നും ഘട്ടംഘട്ടമായി സംയോജിപ്പിച്ച ഉരുക്കു പാലത്തിന്റെ നടുക്കുള്ള യോജിപ്പാണ് ഇന്ന് പൂര്‍ത്തിയായത്. റിയാസി ജില്ലയിലെ കൗരി ഗ്രാമത്തിലെ സലാല്‍ അണക്കെട്ടിന് മുകളിലായി ചിനാബ് നദി താഴോട്ട് പ്രവഹിക്കുന്ന മേഖലയുടെ മുകളിലൂടെയാണ് റെയില്‍ പാത കടന്നു പോകുന്നത്.
ആര്‍ച്ച് പൂര്‍ത്തിയായതോടെ പാലത്തിന്റെ 98 ശതമാനം പണിയും പൂര്‍ത്തിയായതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. ഉരുക്കുകൊണ്ടുള്ള ലോകാത്ഭുതമായ പാരീസിലെ ഈഫല്‍ ടവറിനേക്കാള്‍ 35 മീറ്റര്‍ ഉയരമാണ് തറനിരപ്പില്‍ നിന്നും ആര്‍ച്ചിന്റെ മധ്യഭാഗത്തേയ്ക്കുള്ളത്.
മുംബൈയിലെ അഫ്‌കോണ്‍ എന്ന സ്ഥാപനമാണ് നിര്‍മ്മാണ കരാര്‍ ഏറ്റെടുത്തത്. ഇതിനൊപ്പം ജമ്മുകശ്മീരിലെ 16 റെയില്‍ പാലങ്ങളും കമ്പനി പണിതുകൊണ്ടിരിക്കുകയാണ്. വടക്കന്‍ റെയില്‍വേയ്ക്ക് ഒപ്പം ഏറ്റവും ഉയരമുള്ള തൂണുകളില്‍ റെയില്‍പാത പണിത് അതിശയിപ്പിച്ച കൊങ്കണ്‍ റെയില്‍വേ സംഘവും ജമ്മുകശ്മീരില്‍ സഹായത്തിനുണ്ട്.
ചിനാബ് റെയില്‍പാല നിര്‍മ്മാണത്തില്‍ ഇതുവരെ 30,350 മെട്രിക് ടണ്‍ ഉരുക്കാണ് 1315 മീറ്റര്‍ നീളമുള്ള പാലത്തിനായി ഉപയോഗിച്ചത്. ഇതില്‍ ആര്‍ച്ചിന് മാത്രം 10,620 മെട്രിക് ടണ്‍ ഉരുക്ക് ഉപയോഗിച്ചു. ആര്‍ച്ചിന് മുകളിലായി പാലത്തിന്റെ തട്ടുകള്‍ നിര്‍മ്മിക്കാനായി 14,504 മെട്രിക് ടണ്‍ ഉരുക്കും ഉപയോഗിച്ചു. ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തില്‍ ഏറ്റവും വിഷമകരമായ ദൗത്യമാണ് പൂര്‍ത്തീകരിക്കപ്പെട്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.