അനുദിന വിശുദ്ധര്‍ - ഓഗസ്റ്റ് 14
'സഹ തടവുകാരന്റെ വധശിക്ഷ സ്വയം ഏറ്റുവാങ്ങിയ പുരോഹിത ശ്രേഷ്ഠന്‍'
'സ്നേഹിതനു വേണ്ടി ജീവന്‍ ബലി അര്‍പ്പിക്കുന്നതിനേക്കാള്‍ വലിയ സ്നേഹമില്ല' എന്ന ക്രിസ്തു വചനം ജീവിതത്തില്‍ അന്വര്‍ത്ഥമാക്കി മറ്റൊരാളുടെ ജീവന്‍ രക്ഷിക്കാന്‍ സ്വജീവന്‍ വെടിഞ്ഞ വിശുദ്ധനാണ് മാക്സിമില്യന്‍ കോള്‍ബെ. രണ്ടാം ലോകമഹാ യുദ്ധകാലത്ത് നാസികളുടെ ഭരണത്തില്‍ തടവറയിലടക്കപ്പെട്ടാണ് പോളണ്ടുകാരനായ ഈ ഫ്രാന്‍സിസ്‌കന്‍ വൈദികന്‍ രക്തസാക്ഷിത്വം വരിച്ചത്.
പോളണ്ടിലെ സ്ദുന്‍സ്‌കാ എന്ന കൊച്ചുഗ്രാമത്തില്‍ 1894 ജനുവരി എട്ടിനാണ് റെയ്മണ്ട് കോള്‍ബെ എന്ന മാക്‌സിമില്യന്‍ മേരി കോള്‍ബെ ജനിച്ചത്. 1910 ല്‍ ഫ്രാന്‍സിസ്‌കന്‍ സഭയില്‍ ചേര്‍ന്നു. പിന്നീട് റോമിലേക്ക് അയക്കപ്പെട്ട അദ്ദേഹം അവിടെ വെച്ച് 1918 ല്‍ പൗരോഹിത്യ പട്ടം സ്വീകരിച്ചു. പിറ്റേ വര്‍ഷം പോളണ്ടില്‍ തിരിച്ചെത്തിയ ഫാദര്‍ മാക്‌സിമില്യന്‍ പരിശുദ്ധ കന്യക മറിയത്തോടുള്ള അഗാധമായ സ്‌നേഹത്താല്‍ കന്യക മാതാവിനു വേണ്ടി 'ഇമ്മാക്കുലാത്ത' എന്ന പേരില്‍ ഒരു സംഘടന സ്ഥാപിച്ച് അതിന്റെ പ്രചാരത്തില്‍ മുഴുകി.
മാതൃഭക്തി പ്രചരിപ്പിക്കുന്നതിനായി ദിനപത്രവും മാസികയും പ്രസിദ്ധീകരിച്ചു. ലക്ഷക്കണക്കിന് വായനക്കാര്‍ ഈ പ്രസിദ്ധീകരണങ്ങള്‍ക്കുണ്ടായിരുന്നു. ഇവ കൂടാതെ ഒരു റേഡിയോ നിലയവും അദ്ദേഹം ആരംഭിച്ചിരുന്നു. 1927 ല്‍ വാഴ്‌സോയ്ക്ക് സമീപമുള്ള നീപോകാലനോവ് എന്ന സ്ഥലത്ത് 'അമലോത്ഭവ നഗരം' എന്ന ആത്മീയ കേന്ദ്രം സ്ഥാപിച്ചു.
ആരംഭ കാലഘട്ടങ്ങളില്‍ 'അമലോത്ഭവ നഗര'ത്തില്‍ പതിനെട്ട് സന്യാസികള്‍ ഉണ്ടായിരുന്നിടത്ത് 1939 ആയപ്പോഴേക്കും ഏതാണ്ട് 650 ഓളം പേര്‍ അംഗമാവുകയും ലോകത്തിലെ ഏറ്റവും വലിയ കത്തോലിക്കാ ആത്മീയ ഭവനമായി മാറുകയും ചെയ്തു. തന്റെ നിരന്തരമായ പ്രഘോഷണങ്ങളും എഴുത്തുകളും വഴി അദ്ദേഹം യൂറോപ്പിലും ഏഷ്യയിലും നിരവധി പ്രേഷിത ദൗത്യങ്ങള്‍ നിറവേറ്റി.
ഹിറ്റ്ലറുടെ ഭരണ കാലത്ത് മാക്സിമില്യന്‍ കോള്‍ബെ അറസ്റ്റു ചെയ്യപ്പെട്ടു. ജര്‍മന്‍ അധീനതയിലുള്ള പോളിണ്ടിലെ ഓഷ്വിറ്റ്സ് കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലേക്ക് അദ്ദേഹത്തെ കൊണ്ടു പോയി. അവിടെ അദ്ദേഹം പതിവായി ദിവ്യബലി അര്‍പ്പിക്കുകയും സഹ തടവുകാര്‍ക്ക് സമാശ്വാസം പകരുകയും ചെയ്തു.
ഒരിക്കല്‍ ആ തടവറയില്‍ നിന്ന് മൂന്നു പേര്‍ തടവു ചാടി. അതിന് പ്രതികാരമായി തടവുകാരില്‍ നിന്ന് പത്തു പേര്‍ പട്ടിണി കിടന്ന് വധശിക്ഷ ഏറ്റുവാങ്ങണമെന്ന് പട്ടാള മേധാവി കല്‍പിച്ചു. പത്തു പേരില്‍ ഒരാള്‍ ഭാര്യയും മകനുമുണ്ടായിരുന്ന ഒരു കുടുംബനാഥനായിരുന്നു. അയാളുടെ സങ്കടം കണ്ട് മനസലിഞ്ഞ് കോള്‍ബെ അയാള്‍ക്കു പകരം വധ ശിക്ഷ ഏറ്റുവാങ്ങാന്‍ സന്നദ്ധനായി.
മറ്റ് ഒമ്പത് പേരോടൊപ്പം കോള്‍ബെ ഭക്ഷണവും വെള്ളവുമില്ലാതെ പട്ടിണി കിടന്നു മരിക്കാന്‍ നിയുക്തനായി. രണ്ടാഴ്ചയ്ക്കു ശേഷവും അദ്ദേഹം മരിച്ചിട്ടില്ലെന്ന് കണ്ടെത്തിയപ്പോള്‍ പട്ടാളക്കാര്‍ അദ്ദേഹത്തെ വിഷം കുത്തിവച്ച് കൊല്ലുകയായിരുന്നു.
പരിശുദ്ധ മാതാവിന്റെ സ്വര്‍ഗാരോപണത്തിന്റെ തലേന്നായിരുന്നു ഏറെ മാതൃഭക്തനായ മാക്‌സിമില്യന്‍ മേരി കോള്‍ബെയുടെ മരണം. പോള്‍ ആറാമന്‍ മാര്‍പാപ്പ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായും വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 1982 ഒക്ടോബര്‍ 10 ന് കോള്‍ബെയെ വിശുദ്ധനായും പ്രഖ്യാപിച്ചു. പത്രപ്രവര്‍ത്തകര്‍, കുടുംബം, തടവറയില്‍ കഴിയുന്നവര്‍, സത്യത്തിനു വേണ്ടി പോരാടുന്നവര്‍, ലഹരിക്ക് അടിമയായവര്‍ തുടങ്ങിയവരുടെ മധ്യസ്ഥനാണ് വിശുദ്ധ മാക്സിമില്യന്‍ കോള്‍ബെ.
മറിയത്തോടൊപ്പം ക്രിസ്തുവിലേക്ക് പോകുന്ന യാത്രയാണ് മനുഷ്യന്റെ ആത്മീയ ജീവിതം എന്നാണ് മാക്സിമില്യന്‍ കോള്‍ബെ വിശ്വസിച്ചിരുന്നത്. എല്ലാ ക്രൈസ്തവരും മറിയത്തിന് സ്വയം സമര്‍പ്പിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. മറിയത്തിന്റെ അമലോത്ഭവ ഹൃദയത്തിന്റെ പ്രചാരകനായിരുന്നു അദ്ദേഹം.
മാനസാന്തരം നേടുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം മരിയന്‍ മാര്‍ഗമാണെന്ന് അദ്ദേഹം പഠിപ്പിച്ചു. 'പാപികളുടെ മാനസാന്തരത്തിനും തണുത്തുറഞ്ഞ ആത്മാക്കളെ വിശുദ്ധിയിലേക്ക് കൊണ്ടുവരുന്നതിനും നമുക്ക് മാതാവിന്റെ സഹായം ആവശ്യമുണ്ടെന്ന് അദ്ദേഹം പറയുമായിരുന്നു.
ഇന്നത്തെ ഇതര വിശുദ്ധര്‍
1. റോമിലെ കളിസ്റ്റസ് പാപ്പാ
2. ആഫ്രിക്കനായ ഡെമട്രിയൂസ്
3. അയര്‍ലന്‍ഡിലെ ഫാക്കനാന്‍
4. ഹങ്കറിയിലെ അനസ്റ്റാസിയൂസ്
5. ഗ്രീക്ക് കുടുംബാംഗമായ അത്തനെഷ്യാ.
('അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പര ഒരു വര്‍ഷം പൂര്‍ത്തിയാക്കി ഇന്ന് അവസാനിക്കുകയാണ്. 2021 ഓഗസ്റ്റ് 15 ന് മാതാവിന്റെ സ്വര്‍ഗാരോപണ തിരുനാള്‍ മുതല്‍ തുടങ്ങി 366 എപ്പിസോഡുകള്‍ (ഫെബ്രുവരി 28 ന് രണ്ട് എപ്പിസോഡുകള്‍) പൂര്‍ത്തിയാക്കി ഇന്ന് അവസാനിക്കുമ്പോള്‍ എല്ലാ മാന്യ വായനക്കാരോടും ഷെയര്‍ ചെയ്ത അഭ്യുദയകാംഷികളോടും നന്ദി അറിയിക്കുന്നു. തുടര്‍ന്നും വായിക്കണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് താഴെ കൊടുത്തിട്ടുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് മുഴുവന്‍ എപ്പിസോഡുകളും വായിക്കാവുന്നതാണ്).
'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.