ലണ്ടൻ: ബ്രിട്ടനിലെ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ, സീറോ മലബാർ വിശ്വാസികളുടെയും ക്നാനായ സമൂഹത്തിന്റെയും വിവാഹമെന്ന കൂദാശ സാധുവാകുന്നതിനുള്ള കാനോനിക നിയമങ്ങൾ വിശദീകരിച്ച് സർക്കുലർ പുറത്തിറക്കി.
ഫ്രാൻസിസ് മാർപാപ്പ 2016-ൽ സ്ഥാപിച്ച ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നിയമ പരിധിയിൽ ബ്രിട്ടനിൽ താമസിക്കുന്ന എല്ലാ സീറോ മലബാർ വിശ്വാസികളും ഉൾപ്പെടുമെന്ന് ബിഷപ്പ് വ്യക്തമാക്കി. ക്നാനായ വിശ്വാസികളും ഇതിൽ ഉൾപ്പെടും. ഇവരുടെ കാനോനിക അംഗത്വവും ഭരണ പരിധിയും അപ്പസ്തോലിക സിംഹാസനം (വത്തിക്കാൻ) നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.
പൗരസ്ത്യ സഭകളുടെ കാനോൻ നിയമം അനുസരിച്ച്, ഓരോ വിശ്വാസിയും അവരവരുടെ ‘സുയി ഇയുറിസ്’ (Sui Iuris) സഭയുടെ നിയമ പരിധിക്കുള്ളിലാണ്. വിവാഹമെന്ന കൂദാശ സാധുവായും നിയമപരമായും ആഘോഷിക്കുന്നതിന്, ആ സഭയുടെ ആരാധനാക്രമപരവും കാനോനികവുമായ നിയമങ്ങൾ പാലിക്കേണ്ടതാണ്. ഒരു ഇടവകയിൽ പേര് രജിസ്റ്റർ ചെയ്യുന്നത് ഭരണപരമായ കാര്യങ്ങൾക്ക് വേണ്ടി മാത്രമുള്ളതാണെന്നും, അത് ഒരു വ്യക്തിയുടെ സഭാപരമായ അംഗത്വം നിർണയിക്കുന്നില്ലെന്നും ബിഷപ്പ് വ്യക്തമാക്കി.
ബ്രിട്ടനിലെ എല്ലാ സീറോ മലബാർ വിശ്വാസികളും, ക്നാനായർ ഉൾപ്പെടെ, ഈ രൂപതയുടെ നിയമപരിധിയിലാണ് വരുന്നതെന്നും, ഇത് വത്തിക്കാൻ്റെ നിർദേശപ്രകാരം നിശ്ചയിക്കപ്പെട്ടതാണെന്നും സർക്കുലറിൽ പറയുന്നു.
പൗരസ്ത്യ കത്തോലിക്കർക്ക് ലത്തീൻ റീത്തിൽ വിവാഹം ആഘോഷിക്കാനുള്ള സാധ്യതയും സർക്കുലറിൽ പരാമർശിക്കുന്നുണ്ട്. എന്നാൽ, അതിന് രൂപതാ മെത്രാനിൽ നിന്നോ അധികാരപ്പെട്ട വൈദികനിൽ നിന്നോ ആവശ്യമായ അനുവാദം വാങ്ങിയിരിക്കണം. അതോടൊപ്പം, കാനോനികവും ഭരണപരവുമായ എല്ലാ നടപടി ക്രമങ്ങളും പൂർത്തി ആക്കിയിരിക്കണമെന്നും സർക്കുലർ വ്യക്തമാക്കുന്നു.
സർക്കുലറിൽ അപ്പസ്തോലിക സിംഹാസനത്തിൻ്റെ മാർഗനിർദേശം ഉദ്ധരിച്ചുകൊണ്ട് ഇപ്രകാരം പറയുന്നു:
“തോമാ ശ്ലീഹായുടെ ആഗമനം സീറോ മലബാർ സഭയിൽ പൗരസ്ത്യ-സുറിയാനി പാരമ്പര്യത്തിന് കരുത്തും വളർച്ചയും നൽകുന്നതിൽ വലിയ പങ്ക് വഹിച്ചതിനാൽ, ക്നാനായ പാരമ്പര്യം സംരക്ഷിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുമ്പോഴും, അതിനെ രൂപപ്പെടുത്തിയ പൗരസ്ത്യ സഭയിൽ നിന്ന് അകന്ന് പോകുന്നത് യുക്തിസഹമല്ല.”
കോട്ടയം അതിരൂപതാ മെത്രാപ്പോലീത്തയുടെ അഭ്യർഥന മാനിച്ച്, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത രാജ്യത്തുടനീളം പതിനഞ്ച് ക്നാനായ പേഴ്സണൽ മിഷനുകൾ സ്ഥാപിക്കുകയും ക്നാനായ വിശ്വാസികളുടെ ആത്മീയ പരിപാലനത്തിനായി എട്ട് ക്നാനായ വൈദികരെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. ക്നാനായ പാരമ്പര്യം സംരക്ഷിക്കുകയും വിശ്വാസികളുടെ ആത്മീയ വളർച്ചയും സാംസ്കാരിക ഐക്യവും ഉറപ്പാക്കുകയുമാണ് ഇതിന്റെ ലക്ഷ്യം.
പരിശുദ്ധ മറിയം, മാർ യൗസേപ്പിതാവ്, മാർ തോമാ ശ്ലീഹ, രൂപതയുടെ സ്വർഗീയ മധ്യസ്ഥയായ വിശുദ്ധ അൽഫോൻസാമ്മ എന്നിവരുടെ മാധ്യസ്ഥ്യത്താൽ എല്ലാ വിശ്വാസികളിലും ദൈവത്തിന്റെ അനുഗ്രഹം നിറയട്ടെ എന്ന് ആശംസിച്ച് കൊണ്ട് മാർ സ്രാമ്പിക്കൽ തൻ്റെ സന്ദേശം ഉപസംഹരിച്ചു.
ഈ സർക്കുലർ വരുന്ന ഒക്ടോബർ 12, 2025 ഞായറാഴ്ചയോ, അതിനടുത്ത ഞായറാഴ്ചയോ എല്ലാ ഇടവകകളിലും മിഷനുകളിലും നിയുക്ത മിഷനുകളിലും വിശുദ്ധ കുർബാന മധ്യേ വായിക്കണമെന്ന് രൂപത നിർദേശിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.