യെരേവന്‍: സര്‍ക്കാരിനെതിരെ അട്ടിമറിശ്രമം നടത്തിയെന്ന് ആരോപിച്ച് അര്‍മേനിയന്‍ അപ്പസ്‌തോലിക് സഭയിലെ ആര്‍ച്ച് ബിഷപ്പ് മൈക്കല്‍ അജപഹ്യാനെ രണ്ട് വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്ക് വിധിച്ച് കോടതി. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ക്രൈസ്തവ സഭകളിലൊന്നായ അര്‍മേനിയന്‍ അപ്പസ്‌തോലിക് സഭയുടെ പ്രമുഖനായ ആര്‍ച്ച് ബിഷപ്പിനെതിരെ എടുത്ത ഈ നടപടി അധികാരികളുടെ സഭാ വിരുദ്ധ നിലപാടിന്റെ തെളിവാണെന്ന് സഭാവൃത്തങ്ങള്‍ പറഞ്ഞു.
62 കാരനായ ആര്‍ച്ച് ബിഷപ് അജപഹ്യാന്‍ ജൂണില്‍ അറസ്റ്റിലായിരുന്നു. സര്‍ക്കാരിനെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഒരു വര്‍ഷമായി നിരവധി പ്രസ്താവനകള്‍ നടത്തിയതായാണ് പ്രോസിക്യൂഷന്റെ ആരോപണം. എന്നാല്‍ ഗവണ്‍മെന്റ് നയങ്ങളെ വിമര്‍ശിക്കുകയും സ്വതന്ത്രമായ അഭിപ്രായ പ്രകടനത്തിനുള്ള അവകാശം വിനിയോഗിക്കുകയും ചെയ്തതേയുള്ളൂവെന്നതാണ് പ്രതിഭാഗത്തിന്റെ വാദം.
ചെറിയ വിചാരണയ്ക്കു ശേഷം യെരേവാനിലെ കോടതി ശിക്ഷ വിധിച്ചു. വിധി രാഷ്ട്രീയ പ്രേരിതമാണെന്ന് പ്രതിഭാഗ അഭിഭാഷകന്‍ ആറാ സൊഹ്റാബ്യാന്‍ ആരോപിച്ചു. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് അര്‍മേനിയന്‍ അപ്പസ്‌തോലിക് സഭ സ്ഥിരീകരിച്ചു.
അസര്‍ബൈജാനുമായി അതിര്‍ത്തി ഗ്രാമങ്ങള്‍ കൈമാറാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തെ തുടര്‍ന്ന് അര്‍മേനിയയില്‍ വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയർന്ന സാഹചര്യത്തിലാണ് ഈ വിധി വന്നിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.