ന്യൂഡല്‍ഹി: ബിഹാര്‍ തിരഞ്ഞെടുപ്പിനുള്ള എന്‍ഡിഎയുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക തിങ്കളാഴ്ച പ്രഖ്യാപിക്കാനിരിക്കെ മുന്നണിയില്‍ സീറ്റ് തര്‍ക്കം രൂക്ഷമായി.
കൂടുതല്‍ സീറ്റുകള്‍ വേണമെന്ന ആവശ്യവുമായി ലോക് ജന്‍ശക്തി നേതാവ് ചിരാഗ് പസ്വാനും എച്ച്എഎം നേതാവ് ജിതന്‍ റാം മാഞ്ചിയും ആര്‍എല്‍എം നേതാവ് ഉപേന്ദ്ര കുശ് വാഹയും കടുത്ത സമ്മര്‍ദം തുടരുന്നത് ബിജെപിക്കും ജെഡിയുവിനും തലവേദനയായി.
40 സീറ്റുകള്‍ ആവശ്യപ്പെട്ട പസ്വാന് 25 ല്‍ താഴെ സീറ്റുകള്‍ മാത്രമാണ് അന്തിമവട്ട ചര്‍ച്ചയില്‍ ബിജെപിയുടെ വാഗ്ദാനം. 12 ന് ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ഡല്‍ഹിയില്‍ ചേരുന്നുണ്ട്.
പാര്‍ട്ടി തിരഞ്ഞെടുപ്പ് ചുമതലയുള്ള കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ വെള്ളിയാഴ്ച പട്നയിലെത്തി ഇടഞ്ഞു നില്‍ക്കുന്ന നേതാക്കളുമായി ചര്‍ച്ച നടത്തി. പസ്വാന്റെ പാര്‍ട്ടിക്ക് രാജ്യസഭാസീറ്റ് വാഗ്ദാനം ചെയ്തതായി സൂചനയുണ്ട്. എന്നാല്‍, ബിജെപി നേതാക്കള്‍ ഇത് നിഷേധിച്ചു.
അതിനിടെ ആര്‍ജെഡിയും കോണ്‍ഗ്രസും നേതൃത്വം നല്‍കുന്ന മഹാസഖ്യത്തിന്റെ സീറ്റുവിഭജനം ഏറക്കുറെ പൂര്‍ത്തിയായെന്നും പ്രഖ്യാപനം ഉടനുണ്ടാവുമെന്നും നേതാക്കള്‍ അറിയിച്ചു.
അതിനിടെ, മഹാസഖ്യത്തിന് ഉണര്‍വേകി ജെഡിയു മുന്‍ സാമാജികരായ സന്തോഷ് കുശ്വാഹ, രാഹുല്‍ ശര്‍മ, ജെഡിയു ബങ്ക എംപി ഗിരിധരി പ്രസാദ് യാദവിന്റെ മകന്‍ ചാണക്യ പ്രസാദ്, ലോക് ജന്‍ശക്തി പാര്‍ട്ടി നേതാവ് അജയ് കുശ്വാഹ എന്നിവര്‍ ആര്‍ജെഡിയില്‍ ചേര്‍ന്നു.
ഇത് പാര്‍ട്ടിയെയും മഹാസഖ്യത്തെയും ശക്തിപ്പെടുത്തുമെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് പറഞ്ഞു. ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയും (ജെഎംഎം) മഹാസഖ്യവുമായി ചേര്‍ന്ന് മത്സരിക്കും.
സിപിഎം എംഎല്‍എമാരായ അജയ് കുമാറും സത്യേന്ദ്ര യാദവും ബിഭൂതിപുരിലും മാഞ്ചിയിലും മഹാ സഖ്യത്തിന്റെ സ്ഥാനാര്‍ഥികളായി വീണ്ടും മത്സരിക്കുമെന്ന് സിപിഎം നേതൃത്വം അറിയിച്ചു. സഖ്യത്തിലെ സീറ്റ് വിഭജനത്തില്‍ തീരുമാനമായ ശേഷം മറ്റ് സ്ഥാനാര്‍ഥികളുടെ പേരുകള്‍ പ്രഖ്യാപിക്കുമെന്ന് സംസ്ഥാന കമ്മിറ്റി അംഗം മനോജ് ചന്ദ്രവംശി പറഞ്ഞു.
അതേസമയം ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ അന്തിമ വോട്ടര്‍ പട്ടികയ്ക്ക് മേല്‍ ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി. ബൂത്തില്‍ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമില്ല. ആധാറും തൊഴിലുറപ്പ് പദ്ധതി കാര്‍ഡും ബാങ്ക് പാസ് ബുക്കും ഉള്‍പ്പെടെ പന്ത്രണ്ട് രേഖകള്‍ ഉപയോഗിക്കാമെന്നും കമ്മിഷന്‍ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.