സിഡ്നി: ഓസ്‌ട്രേലിയയെ ഞെട്ടിച്ച് കാന്‍ബറ എയര്‍പോര്‍ട്ടില്‍ വെടിവെയ്പ്പ്. പ്രാദേശിക സമയം ഇന്ന് ഉച്ചതിരിഞ്ഞാണ് രാജ്യതലസ്ഥാനത്തെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവമുണ്ടായത്. പരിശോധനകളില്ലാതെ എയര്‍പോര്‍ട്ടിനുള്ളില്‍ പ്രവേശിച്ച തോക്കുധാരി തുടരെത്തുടരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയൊച്ചകള്‍ കേട്ടതോടെ യാത്രക്കാര്‍ ഭയന്നോടി.
ആക്രമണത്തെത്തുടര്‍ന്ന് എയര്‍പോര്‍ട്ട് അടച്ചു പൂട്ടിയതായി സുരക്ഷാ അധികൃതര്‍ അറിയിച്ചു. സംഭവസ്ഥലത്ത് നിന്ന് ഓസ്ട്രേലിയന്‍ ഫെഡറല്‍ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. ആര്‍ക്കും പരുക്കേല്‍ക്കാതിരുന്നത് ആശ്വാസകരമായി.
പ്രധാന ടെര്‍മിനല്‍ ബില്‍ഡിങ്ങിലാണ് സംഭവം നടന്നത്. ഒന്നിന് പിറകെ ഒന്നായി അക്രമി അഞ്ചു റൗണ്ട് നിറയൊഴിച്ചു. മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ, അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി. യാത്രക്കാരുടെ വേഷത്തിലെത്തിയ അക്രമിയെ പൊലീസ് കീഴടക്കുന്ന വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സംഭവത്തെ തുടര്‍ന്ന് ടെര്‍മിനലില്‍ നിന്നും യാത്രക്കാരെ മുഴുവന്‍ സുരക്ഷാസേന ഒഴിപ്പിച്ചു. മൂന്നു മണിക്കൂറോളം വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചു.
ഒരു അക്രമിയുടെ സാന്നിധ്യം മാത്രമാണ് ഉണ്ടായിരുന്നതെന്ന് ഓസ്‌ട്രേലിയന്‍ പൊലീസ് വ്യക്തമാക്കി. ഇയാളില്‍ നിന്നും വെടിവയ്ക്കാന്‍ ഉപയോഗിച്ച തോക്ക് പിടിച്ചെടുത്തിട്ടുണ്ട്. പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്.
ഉച്ചയ്ക്ക് 1:30 നാണ് അക്രമി വിമാനത്താവളത്തില്‍ പ്രവേശിച്ചത്. ഡിപ്പാര്‍ച്ചര്‍ ചെക്ക്-ഇന്‍ ഏരിയയിലെ ഗ്ലാസ് ജനാലയ്ക്ക് സമീപം ഇരിക്കുകയായിരുന്ന പ്രതി വെടിയുതിര്‍ക്കുകയായിരുന്നു. ടെര്‍മിനലിലെ ഗ്ലാസ് ജനാലയിലേക്കാണ് ഇയാള്‍ വെടിയുതിര്‍ത്തതെന്ന് എ.സി.ടി പോലീസിംഗ് ഡിറ്റക്ടീവ് ആക്ടിംഗ് സൂപ്രണ്ട് ഡേവ് ക്രാഫ്റ്റ് പറഞ്ഞു. യാത്രക്കാരുടെയോ ജീവനക്കാരുടെയോ നേരെ വെടിയുതിര്‍ത്തില്ല. വെടിയേറ്റ് ഗ്ലാസ് ജനാല തകര്‍ന്നു.
വെടിയൊച്ചകള്‍ കേട്ടതോടെ ഭയന്ന യാത്രക്കാര്‍ പലയിടത്തേക്കും ഓടിയൊളിച്ചു. ഏറെ നേരം ആശങ്കയുടെ മുള്‍മുനയിലായിരുന്നു വിമാനത്താവളം.
അക്രമിയുടെ ലക്ഷ്യം എന്താണെന്നു വ്യക്തമായിട്ടില്ല.
ടെര്‍മിനലുകള്‍ വീണ്ടും തുറക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി ഡേവ് ക്രാഫ്റ്റ് വ്യക്തമാക്കി.
സംഭവത്തെ തുടര്‍ന്ന് ചില വിമാനങ്ങള്‍ റദ്ദാക്കി. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിനു മുന്‍പ് യാത്രക്കാര്‍ അവരുടെ എയര്‍ലൈനുമായി ബന്ധപ്പെടണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് കാന്‍ബെറ എയര്‍പോര്‍ട്ട് അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.