ചിന്താമൃതം: നെഹ്രുവിന്റെ മറവിയും ഇന്ത്യയുടെ സ്വാതന്ത്ര്യവും

ചിന്താമൃതം: നെഹ്രുവിന്റെ മറവിയും ഇന്ത്യയുടെ സ്വാതന്ത്ര്യവും

അഹിംസയിൽ അടിയുറച്ച കടുത്ത സ്വാതന്ത്ര്യ സമര പ്രക്ഷോഭങ്ങളുടെ ഫലമായി 1947 ആഗസ്റ്റ് 15 ന് ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ചു. "ആസാദി കാ അമൃത് മഹോത്സവ്‌" എന്ന പേരിൽ സ്വാതന്ത്ര്യത്തിന്റെ 75–ാമത് വാർഷികം ആഘോഷിക്കുന്ന ഈയവസരത്തിൽ രസകരമായ ഒരു സംഭവം ഓർമിപ്പിക്കട്ടെ.

ഓഗസ്റ്റ് 14 പാതിരാത്രി. ഇന്നത്തെ പാർലമെന്റ് മന്ദിരം എന്ന് നമ്മൾ വിളിക്കുന്ന ഡൽഹിയിലെ കൗൺസിൽ മന്ദിരത്തിൽ ഡോ. രാജേന്ദ്ര പ്രസാദിന്റെ അധ്യക്ഷതയിൽ കോൺസ്റ്റിറ്റ്യുവെന്റ് അസംബ്ലി കൂടുന്നു. പ്രസാദിന്റെ ചെറു പ്രസംഗത്തിനു ശേഷം രക്തസാക്ഷികളെ സ്മരിച്ചു കൊണ്ടു രണ്ടു മിനിറ്റ് നിശ്ശബ്ദത. തുടർന്ന് 12 മണിയടിക്കുമ്പോൾ അംഗങ്ങൾ എടുക്കേണ്ട പ്രതിജ്ഞാവാചകം അടങ്ങുന്ന പ്രമേയം അവതരിപ്പിക്കാൻ അധ്യക്ഷൻ രാജേന്ദ്ര പ്രസാദ്, ഇടക്കാല ഗവൺമെന്റിന്റെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവിനോട് ആവശ്യപ്പെട്ടു. രാത്രി 12 മണി ആയപ്പോൾ ഭാരതം സ്വതന്ത്രമായി എന്ന പ്രഖ്യാപനമുണ്ടായി. ആഹ്ളാദ പ്രകടനങ്ങളുമായി ജനങ്ങൾ തെരുവിലേക്കിറങ്ങി.

രാത്രിയിൽ തന്നെ ഡോ രാജേന്ദ്ര പ്രസാദും, ജവഹർലാൽ നെഹ്രുവും, സർദാർ വല്ലഭായി പട്ടേലും മൗണ്ട് ബാറ്റൺ പ്രഭുവിനെ കാണാനെത്തി. അപ്പോൾ സമയം ഏകദേശം വെളുപ്പിന് 2 മണി. പത്രക്കാരും ഉദ്യോഗസ്ഥരും മറ്റുമായി മൗണ്ട് ബാറ്റൺ പ്രഭുവിന്റെ ഓഫിസ് നിറയെ ആളുകൾ. തിക്കിലും തിരക്കിലും കൂടി നെഹ്രുവും കൂട്ടരും വൈസ്രോയിയുടെ ഇരിപ്പിടത്തിനടുത്തെത്തി.

‘‘ഇന്ത്യയുടെ കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി ഇന്ത്യയുടെ ഭരണം ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചു കൊണ്ടുള്ള സഭയുടെ പ്രമേയം രാജേന്ദ്ര പ്രസാദ് മൗണ്ട് ബാറ്റൺ പ്രഭുവിനെ അറിയിച്ചു. അദ്ദേഹം അതംഗീകരിച്ച് രാവിലെ 8.30 ന് പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏൽക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തിയതായി പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിനെയും മറ്റും അറിയിച്ചു. തുടർന്ന് മൗണ്ട് ബാറ്റൻ ആവശ്യപ്പെട്ടതനുസരിച്ച്‌ സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിമാരുടെ പേരുകളും അവരുടെ വകുപ്പുകളും അടങ്ങിയ സീൽ ചെയ്ത ഒരു കവർ നെഹ്‌റു മൗണ്ട് ബാറ്റനെ ഏൽപ്പിച്ചു. എല്ലാവരും പോയതിന് ശേഷം പ്രഭു കവർ തുറന്ന് നോക്കുമ്പോൾ അത് ശൂന്യമായിരുന്നു. ആവേശത്തിലും തിരക്കിലും കവർ ഒട്ടിക്കുമ്പോൾ നിയുക്ത മന്ത്രിമാരുടെ പേരെഴുതിയ കടലാസ് അകത്ത് വയ്ക്കാൻ നെഹ്‌റു മറന്നു പോയിരുന്നു.

കത്തിനുള്ളിൽ പേപ്പർ വയ്ക്കാൻ മറന്നെങ്കിലും അന്ന് രാവിലെ പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്റെ നേതൃത്വത്തിൽ സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

സ്വാതന്ത്ര്യത്തിന്റെ പുതു പുലരിയിലേക്ക് നമ്മെ നയിച്ച സ്വാതന്ത്ര്യ സമര പോരാളികളെ നമുക്ക് മറക്കാതിരിക്കാം. ഇന്ത്യക്ക് വേണ്ടി പോരാടി മരിച്ച രക്തസാക്ഷികളെ നമുക്ക് മറക്കാതിരിക്കാം. മഹാത്മജിയുടെയും, പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെയും, സുഭാഷ് ചന്ദ്രബോസിന്റേയും, വല്ലഭായി പട്ടേലിന്റേയുമൊക്കെ വലിയ സഹനങ്ങളെ നമുക്ക് മറക്കാതിരിക്കാം. സ്വതന്ത്ര ഇന്ത്യയെ വികസിത രാജ്യങ്ങൾക്കൊപ്പം വികസനത്തിന്റെ കുതിപ്പിന്റെ പാതയിലേക്ക് നയിച്ച കാഴ്ചപ്പാടുള്ള നേതാക്കന്മാരെ നമുക്ക് മറക്കാതിരിക്കാം. അവരുടെ ഓർമകൾക്കൊപ്പമാകട്ടെ ഈ വർഷത്തെ നമ്മുടെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.