കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സ്ത്രീകളുടെ പ്രതിഷേധസമരത്തിന് നേരെ താലിബാന്റെ വെടിവയ്പ്പ്. തലസ്ഥാനമായ കാബൂളില്‍ ശനിയാഴ്ച നടന്ന സമരത്തില്‍ പങ്കെടുത്ത സ്ത്രീകളെ ഭയപ്പെടുത്താനും പിരിച്ചുവിടാനുമാണ് വായുവിലേക്കു വെടിയുതിര്‍ത്തതെന്നാണ് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്യുന്നത്.
സമരം ചെയ്ത സ്ത്രീകളെ താലിബാന്‍ സേന മര്‍ദിച്ചതായും സമരം കവര്‍ ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കും മര്‍ദനമേറ്റതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
'ഓഗസ്റ്റ് 15 ഒരു കറുത്ത ദിനമാണ്' എന്നതടക്കം എഴുതിയ ബാനറുകള്‍ ഉയര്‍ത്തിപ്പിടിച്ചായിരുന്നു പ്രതിഷേധം. 'ഭക്ഷണം, ജോലി, സ്വാതന്ത്ര്യം' എന്നെഴുതിയ ബാനറുകളുമുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം യു.എസ് സേന അഫ്ഗാനില്‍ നിന്ന് പിന്മാറിയതിനു പിന്നാലെ ഓഗസ്റ്റ് 15നായിരുന്നു താലിബാന്‍ ഭരണം പിടിച്ചെടുത്തത്. ഇതാണ് ബാനറില്‍ പരാമര്‍ശിച്ചത്.
'നീതി, നീതി, ഈ അവഗണനയില്‍ ഞങ്ങള്‍ മടുത്തു' തുടങ്ങിയ മുദ്രാവാക്യങ്ങളും പ്രതിഷേധക്കാര്‍ ഉയര്‍ത്തുന്നുണ്ട്. ജോലി ചെയ്യാനും രാഷ്ട്രീയ ഇടപെടലിനുമുള്ള അവകാശമാണ് സമരക്കാര്‍ ആവശ്യപ്പെടുന്നത്.
താലിബാന്‍ സര്‍ക്കാരിന്റെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കാബൂളിലെ ഓഫീസിന് മുന്നിലേക്കായിരുന്നു നാല്‍പതോളം വനിതാ സമരക്കാര്‍ മാര്‍ച്ച് നടത്തിയത്. ഈ സമയത്തായിരുന്നു സൈന്യം ഇവരെ പിരിച്ചുവിടാന്‍ വായുവിലേക്കു വെടിവെച്ചത്.
വെടിവയ്പ്പിനു ശേഷം ഓടി മാറിയ സ്ത്രീകളെ സൈന്യം തെരഞ്ഞുപിടിച്ച് മര്‍ദ്ദിച്ചതായും എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്യുന്നു. ഏറെ മാസങ്ങള്‍ക്ക് ശേഷമാണ് അഫ്ഗാനില്‍ സ്ത്രീകള്‍ സമരരംഗത്തിറങ്ങുന്നത്.
അഫ്ഗാനില്‍ താലിബാന്‍ ഭരണം പിടിച്ചെടുത്ത് ഒരു വര്‍ഷം തികയുന്ന ഘട്ടത്തിലാണ് രാജ്യത്തെ സ്ത്രീകള്‍ പ്രതിഷേധത്തിനിറങ്ങിയിരിക്കുന്നതും താലിബാന്‍ ഇവര്‍ക്കെതിരെ അക്രമ നടപടികള്‍ സ്വീകരിക്കുന്നതും.
അധികാരത്തിലേറിയത് മുതല്‍ വിദ്യാഭ്യാസവും സഞ്ചാര സ്വാതന്ത്ര്യവുമടക്കമുള്ള സ്ത്രീകളുടെ അവകാശങ്ങളെ നിരാകരിക്കുന്ന തരത്തിലുള്ള നടപടികളാണ് താലിബാന്‍ സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.