ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പങ്കുചേര്‍ന്ന് ഓസ്‌ട്രേലിയയും; ത്രിവര്‍ണ ദീപാലംകൃതമായി സിഡ്‌നി ഓപ്പറാ ഹൗസ്

ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പങ്കുചേര്‍ന്ന് ഓസ്‌ട്രേലിയയും; ത്രിവര്‍ണ ദീപാലംകൃതമായി സിഡ്‌നി ഓപ്പറാ ഹൗസ്

സിഡ്‌നി: ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പങ്കുചേര്‍ന്ന് ഓസ്‌ട്രേലിയന്‍ സംസ്ഥാനവും. ന്യൂ സൗത്ത് വെയില്‍സിലെ സിഡ്‌നിയില്‍, ശില്‍പഭംഗി കൊണ്ട് ആയിരക്കണക്കിന് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ഓപ്പറാ ഹൗസ് ചരിത്രത്തിലാദ്യമായി ത്രിവര്‍ണ ശോഭയണിഞ്ഞു. തിങ്കളാഴ്ച്ച രാത്രിയാണ് ഇന്ത്യന്‍ ദേശീയ പതാകയുടെ നിറങ്ങളാല്‍ ഓപ്പറാ ഹൗസ് ദീപാലംകൃതമായത്. രാത്രിയിലെ ഈ അതിമനോഹരമായ കാഴ്ച്ച കാണാനും ചിത്രങ്ങളെടുക്കാനും നിരവധി പേരാണ് എത്തിയത്.

ന്യൂ സൗത്ത് വെയില്‍സ് പ്രീമിയര്‍ ഡൊമിനിക് പെറോട്ടെറ്റും മള്‍ട്ടി കള്‍ച്ചറലിസം മന്ത്രി മാര്‍ക്ക് കൂറും ഇന്ത്യയുടെ ആഹ്‌ളാദത്തില്‍ പങ്കുചേരുന്നതായി അറിയിച്ചു. സിഡ്‌നിയിലെ ഏറ്റവും വലിയ ആകര്‍ഷണ കേന്ദ്രമായ ഓപ്പറാ ഹൗസിനെ ത്രിവര്‍ണത്താല്‍ അലങ്കരിച്ചതിനെ ഇരുവരും സ്വാഗതം ചെയ്തു. നദിക്കരയില്‍ സ്ഥിതി ചെയ്യുന്ന ഓപ്പറാ ഹൗസിന്റെ മുകള്‍ ഭാഗമാണ് ഇന്ത്യന്‍ പതാകയുടെ നിറമണിഞ്ഞത്. ഓളം വെട്ടുന്ന നദിയില്‍ ത്രിവര്‍ണ നിറങ്ങള്‍ പ്രതിഫലിച്ചത് അതിമനോഹരമായ കാഴ്ച്ചയായി.



1973- ലാണ് നദിക്കരയില്‍ അത്യാധുനിക സംവിധാനങ്ങളോടെ ഈ ഓപ്പറാ ഹൗസ് നിര്‍മ്മിച്ചത്. നാലേക്കറില്‍ പരന്നുകിടക്കുന്ന നിര്‍മിതിക്ക് 65 മീറ്റര്‍ ഉയരമുണ്ട്. 20- നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തമായ നിര്‍മിതികളില്‍ ഒന്നായാണ് യുനെസ്‌കോ പൈതൃക പട്ടികയില്‍ ഇടംപിടിച്ച കെട്ടിടം അറിയപ്പെടുന്നത്.

ന്യൂ സൗത്ത് വെയില്‍സിന്റെ ഏറ്റവും അടുത്ത സുഹൃത്താണ് ഇന്ത്യ. ഈ ബന്ധം കൂടുതല്‍ ശക്തി പ്രാപിച്ചു വളരുന്നതിനാണ് നാം സാക്ഷ്യം വഹിക്കുന്നതെന്ന് പ്രീമിയര്‍ ഡൊമിനിക് പെറോട്ടെറ്റ് പറഞ്ഞു.

ഏറെക്കാലമായി പരസ്പരം പങ്കിട്ട പൊതുതാല്‍പ്പര്യങ്ങളിലും മൂല്യങ്ങളിലും അധിഷ്ഠിതമാണ് നമ്മുടെ സൗഹൃദം. നിക്ഷേപങ്ങളിലൂടെയും വ്യാപാരത്തിലൂടെയും ആ ബന്ധം ഇനിയും ശക്തിപ്പെടും.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച ചരിത്ര സന്ദര്‍ഭം അനുസ്മരിച്ച് ന്യൂ സൗത്ത് വെയില്‍സും ഇന്ത്യയും ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള പ്രതിബദ്ധത ഉയര്‍ത്തിപ്പിടിക്കുമെന്നും പ്രീമിയര്‍ പറഞ്ഞു.


ന്യൂ സൗത്ത് വെയില്‍സിനെയും ഇന്ത്യയെയും ബന്ധിപ്പിക്കുന്ന നിരവധി കാര്യങ്ങളുണ്ടെന്ന് മള്‍ട്ടി കള്‍ച്ചറലിസം മന്ത്രി മാര്‍ക്ക് കോര്‍ പറഞ്ഞു.

ഏറ്റവും പുതിയ സെന്‍സസ് പ്രകാരം ഇന്ത്യക്കാരാണ് ഓസ്ട്രേലിയയിലെ രണ്ടാമത്തെ വലിയ ജനവിഭാഗം. ഇന്ത്യയില്‍നിന്നുള്ള വിനോദസഞ്ചാരികളും വിദ്യാര്‍ത്ഥികളും വലിയ തോതില്‍ ഇവിടെയെത്തുന്നു. ഈ രാജ്യത്തിന്റെ ബഹുസ്വരത ലോകമെമ്പാടുമുള്ള രാജ്യങ്ങളുമായി മികച്ച ബന്ധം നിലനിര്‍ത്താന്‍ സഹായിക്കുന്നതായും മന്ത്രി മാര്‍ക്ക് കോര്‍ പറഞ്ഞു.

ക്വീന്‍സ് ലാന്‍ഡ് പാര്‍ലമെന്റിലും വിപുലമായ സ്വാതന്ത്യ ദിനാഘോഷ പരിപാടികളാണു നടന്നത്.

പെര്‍ത്തിലും സ്വാതന്ത്ര്യദിനാഘോഷം

പെര്‍ത്ത്: ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി നാവിക സേനയുടെ ഐ.എന്‍.എസ് സുമേധ ഓസ്ട്രേലിയയിലെ പെര്‍ത്ത് തുറമുഖത്ത് ത്രിവര്‍ണ പതാക ഉയര്‍ത്തി. ഓസ്ട്രേലിയന്‍ ഡിഫന്‍സ് ഫോഴ്സിലെ ഉദ്യോഗസ്ഥരും സൈനികര്‍ക്കൊപ്പം ചടങ്ങില്‍ പങ്കുച്ചേര്‍ന്നു. ഇന്ത്യ , പെര്‍ത്ത്‌ കോണ്‍സുലേറ്റ് ജനറല്‍, ഇന്ത്യന്‍ സൊസൈറ്റി ഓഫ് വെസ്റ്റേണ്‍ ഓസ്‌ട്രേലിയ എന്നിവ ചേര്‍ന്ന് പെര്‍ത്തില്‍ സംഘടിപ്പിച്ച ഇന്ത്യന്‍ ഡേ പരേഡില്‍ ഐ.എന്‍.എസ് സുമേധയില്‍ നിന്നുള്ള ഇന്ത്യന്‍ നേവല്‍ ബാന്‍ഡും പങ്കെടുത്തു.


അന്റാര്‍ട്ടിക്ക ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും ദേശീയ പതാകയുയര്‍ത്താന്‍ നാവിക സേന തീരുമാനിച്ചിരുന്നു. ഈ ദൗത്യത്തിനായി തിരഞ്ഞെടുത്തിരിക്കുന്ന സേനയുടെ കപ്പലാണ് ഐഎന്‍എസ് സുമേധ.

റോയല്‍ ഓസ്‌ട്രേലിയന്‍ നേവിയുമായുള്ള നയതന്ത്ര ഇടപെടലുകള്‍, സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ എന്നിവ ഉള്‍പ്പെടെ നിരവധി അഭ്യാസങ്ങള്‍ സംഘടിപ്പിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.