പ്രിയ വര്‍ഗീസിന്റെ നിയമനം മരവിപ്പിച്ച് ഗവര്‍ണര്‍; കണ്ണൂര്‍ വിസിക്ക് കാരണം കാണിക്കല്‍ നോട്ടീസ്

പ്രിയ വര്‍ഗീസിന്റെ നിയമനം മരവിപ്പിച്ച് ഗവര്‍ണര്‍; കണ്ണൂര്‍ വിസിക്ക് കാരണം കാണിക്കല്‍ നോട്ടീസ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിനെ കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായി നിയമിച്ച നടപടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സ്റ്റേ ചെയ്തു. ചാന്‍സലറുടെ അധികാരം ഉപയോഗിച്ചാണ് ഗവര്‍ണറുടെ നടപടി.

ചട്ടങ്ങള്‍ മറികടന്നായിരുന്നു പ്രിയ വര്‍ഗീസിന്റെ നിയമനം എന്ന വിമര്‍ശനങ്ങള്‍ വ്യാപകമായി ഉയര്‍ന്നിരുന്നു. താന്‍ ചാന്‍സലര്‍ ആയിരിക്കുന്നിടത്തോളം കാലം ചട്ട ലംഘനങ്ങളും സ്വജനപക്ഷപാതവും അംഗീകരിക്കില്ലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. അതിനു പിന്നാലെയാണ് നടപടി. റാങ്ക് പട്ടിക റദ്ദാക്കാനും സാധ്യതയുണ്ടെന്നാണ് വിവരം. കണ്ണൂര്‍ വിസി ഡോ. ഗോപിനാഥ് രവീന്ദ്രന് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്.

കണ്ണൂര്‍ സര്‍വകലാശാലയില്‍ പ്രിയ വര്‍ഗീസിനെ നിയമിച്ചു കൊണ്ടുള്ള ഉത്തരവ് രണ്ട് ദിവസത്തിനകം ഉണ്ടാകുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞിരുന്നു. സിമിലാരിറ്റി ചെക്കിംഗ് ബാക്കിയുള്ളതിനാലാണ് നിയമനം വൈകുന്നത്. ഇക്കാര്യം പൂര്‍ത്തിയാകുന്നതോടെ നിയമന ഉത്തരവ് നല്‍കുമെന്നും വൈസ് ചാന്‍സലര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഗവര്‍ണര്‍ നിയമ നടപടികള്‍ റദ്ദാക്കി ഉത്തരവിറക്കിയത്.

തൃശൂര്‍ കേരള വര്‍മ്മ കോളേജില്‍ അധ്യാപികയായിരുന്ന പ്രിയ വര്‍ഗീസിനെ കഴിഞ്ഞ നവംബറില്‍ വൈസ് ചാന്‍സ്ലറുടെ കാലാവധി നീട്ടുന്നതിനു തൊട്ടുമുന്‍പ് അഭിമുഖം നടത്തി ഒന്നാം റാങ്ക് നല്‍കിയ നടപടി വിവാദമായിരുന്നു.ഇതേ തുടര്‍ന്ന് കണ്ണൂര്‍ സര്‍വകലാശാല നിയമനം നല്‍കാതെ റാങ്ക് പട്ടിക മാറ്റിവെച്ചിരിക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ മാസം ചേര്‍ന്ന സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം പട്ടിക അംഗീകരിച്ചു.

എന്നാല്‍ യു.ജി.സി ചട്ടപ്രകാരം എട്ട് വര്‍ഷത്തെ അധ്യാപന പരിചയമില്ലാതെയാണ് പ്രിയ വര്‍ഗീസിന് കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ ഒഴിവില്‍ ഒന്നാം റാങ്ക് നല്‍കിയത് എന്ന പരാതി ഉയര്‍ന്നിരുന്നു. യു.ജി.സി ചട്ടങ്ങള്‍ പൂര്‍ണമായും അവഗണിച്ച് പ്രിയയ്ക്ക് നിയമനം നല്‍കാനുള്ള നടപടി തടയണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.