വ്യാജ രേഖ ചമച്ച് ഡോക്ടറായ ഇന്ത്യന്‍ വംശജനെ ന്യൂസിലാന്‍ഡില്‍ ജോലിയില്‍ നിന്ന് പുറത്താക്കി

വ്യാജ രേഖ ചമച്ച് ഡോക്ടറായ ഇന്ത്യന്‍ വംശജനെ ന്യൂസിലാന്‍ഡില്‍ ജോലിയില്‍ നിന്ന് പുറത്താക്കി

ഓക്‌ലാന്‍ഡ്: വ്യാജ രേഖ ചമച്ച് ന്യൂസിലാന്‍ഡിലെ ഓക്‌ലാന്‍ഡ് മിഡില്‍മോര്‍ ആശുപത്രിയില്‍ ഡോക്ടറായി ജോലി ചെയ്യുകയായിരുന്ന ഇന്ത്യന്‍ വംശജനെ ജോലിയില്‍ നിന്ന് പുറത്താക്കി. ആശുപത്രിയില്‍ നല്‍കിയ രേഖകള്‍ വ്യാജമായി നിര്‍മിച്ചതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

ഫെബ്രുവരിയിലാണ് ഇയാള്‍ ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിച്ചത്. ആറു മാസത്തിനിടെ ആയിരക്കണക്കിന് രോഗികളെ പരിശോധിച്ച് ചികിത്സ നിശ്ചയിച്ചിരുന്നു. രേഖകള്‍ വ്യാജമെന്ന് കണ്ടെത്തിയതിനാല്‍ ഓഗസ്റ്റ് ഒന്നിന് ഇയാളെ ജോലിയില്‍ നിന്ന് ഒഴിവാക്കി. ഇയാള്‍ പരിശോധിച്ച രോഗികളെ കണ്ടെത്തി നിരീക്ഷിക്കാന്‍ തീരുമാനമെടുത്തിരിക്കുകയാണ് ഇപ്പോള്‍ ആശുപത്രി അധികൃതര്‍.

ഓക്ലന്‍ഡ് സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദ സര്‍ട്ടിഫിക്കറ്റാണ് ജോലിക്കായി ആശുപത്രിയില്‍ നല്‍കിയത്. സംഭവം വിവാദമായതോടെ യുവരാജിന് ബിരുദം നല്‍കിയിരുന്നില്ലെന്ന വിശദീകരണവുമായി സര്‍വകലാശാലയും രംഗത്തെത്തി. 2012 മുതല്‍ ഓക്ലന്‍ഡ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായിരുന്നു. എന്നാല്‍ മോശമായ പെരുമാറ്റവും അസൈന്‍മെന്റുകളിലെ കൃത്രിമത്വവും പരീക്ഷകളില്‍ പങ്കെടുക്കാതിരുന്നതും കാരണം രണ്ടാം വര്‍ഷത്തില്‍ പഠനം നിര്‍ത്തേണ്ടിവന്നു. യുവരാജ് ഇതുവരെ ബിരുദം നേടിയതായി ഒരു രേഖയും ഇല്ലെന്ന് രാജ്യത്തെ മറ്റൊരു മെഡിക്കല്‍ കോളജിന്റെ ആസ്ഥാനമായ ഒട്ടാഗോ സര്‍വകലാശാലയും സ്ഥിരീകരിച്ചു.



ഇക്കാര്യം യുവരാജ് മാതാപിതാക്കളില്‍ നിന്ന് മറച്ചുവച്ചു. മെഡിക്കല്‍ വിദ്യാര്‍ത്ഥിയായി തുടരുകയാണെന്നാണ് മാതാപിതാക്കളെ ധരിപ്പിച്ച് വച്ചിരുന്നത്. യുവരാജിന്റെ സര്‍ട്ടിഫിക്കറ്റ് ശേഖരങ്ങളില്‍ പോളണ്ടിലെയും ഓസ്‌ട്രേലിയയിലെയും അമേരിക്കയിലെയും സര്‍വകലാശാലകളിലെ സര്‍ട്ടിഫിക്കറ്റുകളുടെ ശേഖരം ഉണ്ട്. എന്നാല്‍ ഇവിടെ പഠിച്ചതായി സ്ഥിരീകരിക്കുന്ന രേഖകളൊന്നും അതത് യൂണിവേഴ്‌സിറ്റികളില്‍ ഇല്ലതാനും.

ഓക്‌ലാന്‍ഡിലെ പാതി ഉപേക്ഷിച്ച പഠനത്തിന് ശേഷം സിഡ്‌നി യൂണിവേഴ്‌സിറ്റില്‍ മൂന്ന് വര്‍ഷത്തെ പഠനത്തിന് ചേര്‍ന്നുവെന്നാണ് യുവരാജ് പറഞ്ഞ് വിശ്വസിപ്പിക്കുന്നത്. 2016ല്‍ പോളണ്ടിലെ ജാഗിയേലോനിയന്‍ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള സ്‌കൂള്‍ ഓഫ് മെഡിസിനില്‍ ചേര്‍ന്നു. എന്നാല്‍ ഒന്നിലധികം വിഷയങ്ങളില്‍ തോറ്റതിനാല്‍ 2020 ലെ ബിരുദ പട്ടികയില്‍ തന്റെ പേര് ഉണ്ടായിരുന്നില്ലെന്നാണ് യുവരാജ് സുഹൃത്തുക്കളോട് പറഞ്ഞിരുന്നത്.

പിന്നീട് അമേരിക്കയിലെ ബോസ്റ്റണ്‍ സര്‍വകലാശാലയില്‍ പഠിച്ചതായും സുഹൃത്തുക്കളെ പറഞ്ഞു വിശ്വസിപ്പിച്ചു. ഈ കാലത്ത് മസാച്യുസെറ്റ്‌സ് ജനറല്‍ ഹോസ്പിറ്റലില്‍ ഡോക്ടറായി ജോലി ചെയ്തുവെന്നും പറഞ്ഞു. എന്നാല്‍ ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയിലോ മസാച്യുസെറ്റ്സ് ജനറല്‍ ആശുപത്രിയിലോ യുവരാജുമായി ബന്ധപ്പെടുന്ന ഒരു രേഖയും കണ്ടെത്താനായില്ല.



പഠനത്തിന് ശേഷം ന്യൂസിലാന്‍ഡിലെ ഗ്രീന്‍ലെയ്ന്‍ മെഡിക്കല്‍ സെന്ററില്‍ ഒരു കോവിഡ് -19 കോണ്‍ടാക്റ്റ് ട്രെയ്സിംഗ് ടീമില്‍ ഇദ്ദേഹം പ്രവര്‍ത്തിച്ചതായുള്ള വിവരങ്ങള്‍ ഉണ്ട്. അശ്രദ്ധമായി വാഹനം ഓടിച്ചതിനും വാഹനം നിര്‍ത്താതെ പോയതിനും യുവരാജ് കൃഷ്ണനെതിരെ 2020 ല്‍ ന്യൂസിലാന്‍ഡ് പൊലീസ് മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

ഇതിന്റെ വിചാരണ നടക്കവെ ശിക്ഷയില്‍ നിന്ന് ഒഴിവാകാന്‍, ഡോക്ടറാകാനുള്ള അവസാന പരീക്ഷയ്ക്ക് പഠിക്കാനിരിക്കുകയാണെന്നും ശിക്ഷിക്കപ്പെട്ടാല്‍ തന്റെ ഭാവി നഷ്ടമാകുമെന്നും യുവരാജ് കോടതിയില്‍ പറഞ്ഞു. ഇത് വിശ്വസിച്ച കോടതി അദ്ദേഹത്തെ ശിക്ഷിക്കാതെ വിട്ടു. കോവിഡ് -19 റെസ്പോണ്‍സ് യൂണിറ്റില്‍ ജോലി ചെയ്തിരുന്നതായ രേഖയാണ് ഇതിനായി യുവരാജ് കോടതിയില്‍ സമര്‍പ്പിച്ചത്.

ഓക്‌ലാന്‍ഡില്‍ ജനിച്ച യുവരാജിന് ഡോക്ടര്‍ ആകണമെന്നത് ചെറുപ്പം മുതലേ ഉണ്ടായിരുന്ന ആഗ്രഹമായിരുന്നു. ന്യൂസിലാന്റില്‍ ബസിനസ് ചെയ്യുന്ന മാതാപിതാക്കളില്‍ മുന്ന് മക്കളില്‍ ഒരാളാണ് ഇയാള്‍. യുവാരാജിന്റെ സഹോദരമാരില്‍ ഒരാള്‍ ഡോക്ടറാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.