ന്യൂഡല്‍ഹി: ശ്രീലങ്കയിലെ ഹംബന്‍തോട്ട തുറമുഖത്തു നങ്കൂരമിട്ട ചൈനയുടെ ചാരക്കപ്പലിനെ നിരീക്ഷിച്ച് ഇന്ത്യ. യുവാന്‍ വാങ് 5 എന്ന കപ്പല്‍ തങ്ങളുടെ നിരീക്ഷണവലയത്തിലാണെന്ന് ഇന്ത്യ വ്യക്തമാക്കി. രാജ്യത്തിന്റെ സുരക്ഷാ, സാമ്പത്തിക താല്‍പര്യങ്ങളെ ബാധിക്കുന്ന ഏതു നീക്കത്തെയും പ്രതിരോധിക്കാനുള്ള സംവിധാനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ടെന്നും നാവികസേനാ വൃത്തങ്ങള്‍ അറിയിച്ചു.
ഇന്ത്യന്‍ സമുദ്ര മേഖലയില്‍ നിലയുറപ്പിച്ചിട്ടുള്ള സേനാ കപ്പലുകളാണ് ചാരക്കപ്പലിനെ നിരീക്ഷിക്കുന്നത്. കപ്പല്‍ സമുദ്ര ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയുള്ളതാണെന്ന ചൈനയുടെ വാദം ഇന്ത്യ പൂര്‍ണ വിശ്വാസത്തിലെടുത്തിട്ടില്ല. കരയിലേയും ഉപഗ്രഹങ്ങളിലേയും സിഗ്‌നലുകള്‍ പിടിച്ചെടുത്തു വിശകലനം ചെയ്യുകയാണ് കപ്പലിന്റെ യഥാര്‍ഥ ലക്ഷ്യമെന്നാണ് ഇന്ത്യയുടെ സംശയം.
ചാരക്കപ്പല്‍ ഈ മാസം 22നു തുറമുഖം വിടുമെങ്കിലും അവിടം സ്ഥിരതാവളമാക്കി മാറ്റുന്നതിന്റെ ഭാഗമായി ഭാവിയില്‍ കൂടുതല്‍ ചൈനീസ് കപ്പലുകള്‍ എത്തുമെന്നാണ് ഇന്ത്യയുടെ നിഗമനം. അതിനു തടയിടാന്‍ നയതന്ത്ര, സേനാ തലങ്ങളില്‍ ശ്രീലങ്കയുമായി ഇന്ത്യ ചര്‍ച്ചകള്‍ നടത്തും.
അതേസമയം കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയിലെ ചൈനയുടെ നാവിക താവളം പൂര്‍ണ്ണ സജ്ജമാണെന്നും ഇവിടെ യുദ്ധക്കപ്പല്‍ വിന്യസിച്ചിട്ടുണ്ടെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. ഒരു ദേശീയ മാധ്യമമാണ് ഉപഗ്രഹ ചിത്രങ്ങള്‍ സഹിതം വാര്‍ത്ത പുറത്തുവിട്ടത്.
ചൈന വിദേശത്ത് നിര്‍മ്മിച്ച ആദ്യ സൈനിക താവളമാണ് ജിബൂട്ടിയിലേത്. 590 ദശലക്ഷം ഡോളര്‍ ചെലവില്‍ നിര്‍മ്മിച്ച ഇവിടെ 2016 മുതല്‍ നിര്‍മ്മാണങ്ങള്‍ തുടരുന്നുണ്ട്. ഏഡന്‍ ഉള്‍ക്കടലിനെയും ചെങ്കടലിനെയും വേര്‍തിരിക്കുന്ന തന്ത്ര പ്രധാനമായ ബാബ് -എല്‍-മന്‍ഡേബ് കടലിടുക്കിലാണ് താവളം. അന്താരാഷ്ട്ര സമുദ്ര വ്യാപാരത്തില്‍ നിര്‍ണായകമായ സൂയസ് കനാലിന് സമീപമാണിത്.
പുറത്തുനിന്നുള്ള ആക്രമണങ്ങളെ അതിജീവിക്കാന്‍ കഴിയുന്ന തരത്തിലാണ് നാവികത്താവളം നിര്‍മ്മിച്ചത്. 320 മീറ്റര്‍ നീളമുള്ള ബര്‍ത്തിങ് ഏരിയയിലാണ് ചൈനയുടെ യുദ്ധക്കപ്പല്‍ വിന്യസിച്ചിട്ടുള്ളത്. 'ചാങ്ങ്ബയ് ഷാന്‍' എന്ന കപ്പലിന് 800 സൈനികര്‍, സൈനിക വാഹനങ്ങള്‍, ഹെലികോപ്റ്ററുകള്‍ എന്നിവ വഹിക്കാനാകും.
കടലില്‍ നിന്ന് കരയിലേക്കുള്ള ആക്രമണം മുതല്‍ രക്ഷാ ദൗത്യങ്ങളില്‍ വരെ ചൈനീസ് സൈന്യത്തിന്റെ നട്ടെല്ലാണ് ഇത്തരം കപ്പലുകള്‍. നിലവില്‍ ഈ ക്ലാസിലെ അഞ്ച് കപ്പലുകളാണ് ചൈനീസ് നാവിക സേനയ്ക്ക് ഉള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.