താനൂര്‍: മലപ്പുറം താനൂരിലെ ബേക്കറിയില്‍ കയറിയ കള്ളന്‍ കാശൊന്നും കിട്ടാതായപ്പോള്‍ മധുര പലഹാരങ്ങള്‍ ആറ് ചാക്കുകളിലാക്കി കടന്നതായി പരാതി. ജ്യോതി നഗര്‍ കോളനി കുറ്റിക്കാട്ടില്‍ അഹമ്മദ് അസ്ലമിനെ(24) സംഭവത്തില്‍ അറസ്റ്റ് ചെയ്തതു. പകരയില്‍ അധികാരത്ത് അഹമ്മദിന്റെ ബേക്കറിയിലാണ് മോഷണം നടന്നത്.
കഴിഞ്ഞ ദിവസം രാത്രി 12നും പുലര്‍ച്ചെ 1.30നും ഇടയ്ക്കു കടയുടെ ഗ്രില്‍ തകര്‍ത്ത് അകത്തു കയറിയാണ് മോഷണം. പണം കിട്ടാതെ നിരാശനായപ്പോഴാണ് ഹല്‍വ, ബിസ്‌കറ്റ്, ഈത്തപ്പഴം എന്നിവയും വിലയേറിയ ചോക്ലേറ്റും തിരഞ്ഞെടുത്ത് ചാക്കിലാക്കി കടന്നത്. പ്രതിയെ 24 മണിക്കൂറിനകം വേങ്ങരയില്‍വച്ച് പൊലീസ് സംഘം പിടിച്ചു.
ഒട്ടേറെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ ഓട്ടോയിലാണ് പ്രതി വന്നതെന്ന് കണ്ടെത്തിയിരുന്നു. നമ്പര്‍ വ്യക്തമല്ലെങ്കിലും അന്വേഷണ സംഘം മേഖലയിലെ ഇരുനൂറോളം ഓട്ടോകള്‍ പരിശോധിച്ചു. ഓട്ടോ ഡ്രൈവറായ പ്രതി മുഖം മറച്ചാണ് കടയ്ക്കുള്ളില്‍ കയറിയത്.
മൊത്തം 35,000 രൂപ വിലവരുന്ന പലഹാരങ്ങളാണ് ഓട്ടോയില്‍ കയറ്റി കൊണ്ടു പോയത്. മിക്കതും വീട്ടില്‍ നിന്ന് പൊലീസ് കണ്ടെടുത്തു.
എസ്‌ഐ ആര്‍.ബി.കൃഷ്ണലാല്‍, സീനിയര്‍ സിപിഒമാരായ കെ.സലേഷ്, മുഹമ്മദ് കുട്ടി, സിപിഒമാരായ അഭിലാഷ്, ലിബിന്‍, അനൂപ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.