കൊച്ചി: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിനെ കണ്ണൂര്‍ സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസറായി നിയമിക്കാനുള്ള നീക്കം ഗവര്‍ണര്‍ മരവിപ്പിച്ചതിനു പിന്നാലെ പട്ടികയില്‍ രണ്ടാം റാങ്കിലുള്ള ഡോ.ജോസഫ് സ്‌കറിയ ഹൈക്കോടതിയെ സമീപിച്ചു. കണ്ണൂര്‍ സര്‍വകലാശാലയിലേക്കുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ നിയമന പട്ടികയില്‍ നിന്നും പ്രിയ വര്‍ഗീസിനെ ഒഴിവാക്കി റാങ്ക് പട്ടിക പുനക്രമീകരിക്കണമെന്നാണ് ആവശ്യം. 
അതിനിടെ, പ്രിയ വര്‍ഗീസിനെ അസിസ്റ്റന്റ് പ്രൊഫസറായി നിയമിക്കാനുള്ള നീക്കം സ്റ്റേ ചെയ്ത ഗവര്‍ണറുടെ നടപടിക്കെതിരെ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ഉടനെ കോടതിയെ സമീപിക്കില്ല. നിയമനം മരവിപ്പിക്കാനുള്ള ഗവര്‍ണറുടെ ഉത്തരവ് സ്റ്റേ ആയി കണക്കാക്കാമോ എന്നതില്‍ വ്യക്തത തേടിയതിന് ശേഷം മാത്രം കോടതിയെ സമീപിക്കാനാണ് തീരുമാനം.
 പ്രിയ വര്‍ഗീസിന്റെ നിയമന നീക്കത്തിനെതിരെ പരാതി നല്‍കിയ ഡോ.ജോസഫ് സ്‌കറിയ കാലിക്കറ്റ് സര്‍വകലാശാല മലയാളം വിഭാഗം പ്രൊഫസര്‍ റാങ്ക് പട്ടികയില്‍ ഒന്നാം സ്ഥാനത്തുണ്ട്. എന്നാല്‍ ഡോ.ജോസഫ് സ്‌കറിയയെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മലയാള വിഭാഗം പ്രൊഫസറായി നിയമിക്കാനുള്ള നീക്കം തടയുമെന്ന നിലപാടിലാണ് ഇടത് സിന്‍ഡിക്കറ്റ് അംഗങ്ങള്‍. 
കഴിഞ്ഞ സിന്‍ഡിക്കേറ്റ് യോഗത്തില്‍ ഇടത് അംഗങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതിനാല്‍ പട്ടികയില്‍ ഒന്നാം റാങ്കുകാരനായ അദ്ദേഹത്തിന്റെ നിയമന നീക്കത്തില്‍ നിന്നും വൈസ് ചാന്‍സലര്‍ പിന്‍മാറിയിരുന്നു. റാങ്ക് പട്ടികയുമായി ബന്ധപ്പെട്ട കോടതി നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതിന് ശേഷം മാത്രം നിയമനവുമായി മുന്നോട്ട് പോകാമെന്നാണ് ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ നിലപാട്.
പ്രൊഫസര്‍ തസ്തികയിലേക്കുള്ള ഡോ.ജോസഫ് സ്‌കറിയയുടെ അപേക്ഷ യോഗ്യത ഇല്ലെന്ന് ചൂണ്ടിക്കാട്ടി സര്‍വകലാശാല തള്ളിയിരുന്നു. എന്നാല്‍ ഇതിനെതിരെ ജോസഫ് സ്‌കറിയ കോടതിയില്‍ നിന്ന് ഉത്തരവ് നേടിയിരുന്നു.   പ്രൊഫസര്‍ തസ്തികയില്‍ നിയമനത്തിനുള്ള അഭിമുഖം ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ ജനുവരിയില്‍ തന്നെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ പൂര്‍ത്തിയായിരുന്നു.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.