അരിസോണ: മനുഷ്യന്റെ ഉള്ളില്‍ ചെറിയ അളവിലെത്തിയാല്‍ പോലും വേഗത്തില്‍ മരണകാരണമാകുന്ന മാരക രാസപദാര്‍ത്ഥം ഉള്‍ക്കൊള്ളുന്ന ലഹരിമരുന്ന് ഗുളികകള്‍ അമേരിക്കയില്‍ പിടികൂടി. മഴവില്‍ നിറങ്ങളില്‍ മിഠായി രൂപത്തിലുള്ള 15,000-ത്തിലധികം ഫെന്റനില്‍ ഗുളികകളാണ് അരിസോണയിലെ കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഏജന്റുമാര്‍ പിടിച്ചെടുത്തത്. കുട്ടികളെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് ഫെന്റനില്‍ ഗുളികകള്‍ പുതിയ രൂപത്തില്‍ എത്തിയതെന്നാണ് ഉദ്യോഗസ്ഥരുടെ അനുമാനം.
അരിസോണയിലെ നോഗല്‍സ് പോര്‍ട്ട് ഓഫ് എന്‍ട്രിയില്‍ വച്ചാണ് ഗുളികകള്‍ പിടിച്ചെടുത്തത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ഇത്തരം ഗുളികകള്‍ കണ്ടെത്തുന്നതെന്ന് പോര്‍ട്ട് ഡയറക്ടര്‍ മൈക്കല്‍ ഡബ്ല്യു ഹംഫ്രീസ് പറഞ്ഞു. ഒരു വ്യക്തിയുടെ കാലില്‍ കെട്ടിവച്ചിരുന്ന നിലയിലായിരുന്നു ഫെന്റനില്‍ ഗുളികകള്‍. അന്തര്‍ദേശീയ ക്രിമിനല്‍ സംഘങ്ങളാണ് ലഹരികടത്തിനു പിന്നിലുള്ളതെന്നാണ് നിഗമനം.
ചൊവ്വാഴ്ച, ഇതേസ്ഥലത്തു വച്ച് 250,000 ഫെന്റനില്‍ ഗുളികകളും 11 പൗണ്ട് ഹെറോയിനും 10 പൗണ്ട് മെത്താംഫെറ്റാമൈനും അടങ്ങിയ ഒരു വാഹനം പിടിച്ചെടുത്തിരുന്നു.
അതീവ അപകടകാരിയായ ഈ മയക്കുമരുന്നുകള്‍ അമേരിക്കന്‍ നഗരങ്ങളില്‍ എത്തുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണമെന്ന് മൈക്കല്‍ ഡബ്ല്യു ഹംഫ്രീസ് നിര്‍ദേശിച്ചു.
കഴിഞ്ഞ ഓഗസ്റ്റ് ഒന്‍പതിന് നൊഗല്‍സ് പോര്‍ട്ട് ഓഫ് എന്‍ട്രിയിലെ കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഏജന്റുമാര്‍ 70,000 ഫെന്റനില്‍ ഗുളികകള്‍ പിടിച്ചെടുത്തിരുന്നു. ജൂലൈ 31 മുതല്‍ ഓഗസ്റ്റ് ഏഴു വരെ 1.1 ദശലക്ഷത്തിലധികം ഫെന്റനില്‍ ഗുളികകള്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഫെന്റനിലിന്റെ വര്‍ദ്ധിച്ചുവരുന്ന ഉപയോഗത്തെക്കുറിച്ച് പൊതുജനങ്ങള്‍ ബോധവാന്മാരായിരിക്കണമെന്ന് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പു നല്‍കുന്നു. വിവിധ നിറങ്ങളിലുള്ള ഗുളികകള്‍ കുട്ടികളെ കൂടുതലായി ആകര്‍ഷിക്കുമെന്ന് ആശങ്കയുണ്ട്. മയക്കുമരുന്നിന്റെ ഉപയോഗം തടയാന്‍ മാതാപിതാക്കള്‍ കുട്ടികള്‍ക്ക് മുന്നറിയിപ്പ് നല്‍കണമെന്നും നിര്‍ദേശമുണ്ട്.
അമേരിക്കയില്‍ ഏറ്റവും അപകടകാരിയായ ലഹരി മരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ടതാണ് ഫെന്റനില്‍. കാന്‍സര്‍ മൂര്‍ച്ഛിച്ച രോഗികള്‍ക്ക് വേദനാസംഹാരിയായി ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന ഗുളികയാണിത്. മോര്‍ഫിനേക്കാള്‍ നൂറുമടങ്ങ് ശക്തമാണ് ഫെന്റനില്‍ എന്നും സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ വ്യക്തമാക്കുന്നു.
അപ്പാചെ, ചൈന ഗേള്‍, ചൈനാ ടൗണ്‍ തുടങ്ങി പല വിളിപ്പേരുകളില്‍ ഫെന്റനില്‍ അറിയപ്പെടാറുണ്ട്. ഫെന്റനിലിന്റെ അമിതോപയോഗം മൂലം 2016-ല്‍ യുഎസില്‍ ഇരുപതിനായിരത്തിലേറെ പേര്‍ മരിച്ചെന്നാണു കണക്ക്.
അനസ്തേഷ്യ നല്‍കുന്നതിനും വേദന സംഹാരിയായും നിയന്ത്രിത അളവില്‍, ശാസ്ത്രീയമായ രീതിയില്‍ ഫെന്റനില്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. പരിശീലനം ലഭിച്ച ശാസ്ത്രജ്ഞര്‍ ഉന്നത ഗുണനിലവാരമുളള ലബോറട്ടറികളില്‍ മാത്രമേ ഈ രാസവസ്തു നിര്‍മ്മിക്കുകയുളളൂ.
മേയില്‍ ടെക്സസിലെ ഒരു വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ രണ്ടു സീനിയര്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ മരണം ഫെന്റനില്‍ ഓവര്‍ഡോസ് മൂലമാണെന്ന് കണ്ടെത്തിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.