അഡിസ് അബാബ: പൈലറ്റുമാര്‍ ഉറങ്ങിപ്പോയതോടെ വിമാനം ലാന്‍ഡ് ചെയ്യുന്നത് വൈകിയെന്ന് റിപ്പോര്‍ട്ട്. എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിലെ പൈലറ്റുമാരാണ് ലാന്‍ഡ് ചെയ്യേണ്ട സമയത്തുപോലും ഉണരാതെ ഉറങ്ങിപ്പോയത്. ഇതുമൂലം വിമാനം മിനിറ്റുകളോളം വ്യോമപത തെറ്റി പറക്കേണ്ടി വന്നു. പിന്നീട് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമില്‍ നിന്ന് അലാറം മുഴക്കിയതോടൊണ് പൈലറ്റുമാര്‍ ഉണര്‍ന്ന് വിമാനം ലാന്‍ഡ് ചെയ്യിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് സംഭവം. സുഡാനിലെ ഖാര്‍തൂമില്‍ നിന്ന് എത്യോപ്യ തലസ്ഥാനമായ അഡിസ് അബാബയിലേക്ക് പറന്ന ബോയിങ് 737-800 ഇടി-343 വിമാനത്തിലെ രണ്ട് പൈലറ്റുമാരാണ് 37,000 അടി ഉയരത്തില്‍ പറക്കവെ ഗാഢനിദ്രയിലായതെന്ന് ഏവിയേഷന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനം ഓട്ടോ പൈലറ്റായിരുന്നത് കൊണ്ട് തന്നെ ഫ്ളൈറ്റ് മാനേജ്മെന്റ് കമ്പ്യൂട്ടര്‍ (എഫ്എംസി) വഴി റൂട്ട് സജ്ജീകരിച്ച ശേഷമായിരുന്നു പൈലറ്റുമാരുടെ ഉറക്കം.
ലാന്‍ഡ് ചെയ്യേണ്ട സമയം കഴിഞ്ഞിട്ടും വിമാനം കാണാത്തതിനെത്തുടര്‍ന്ന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (എടിസി) വിമാനത്തിലുള്ള പൈലറ്റുമാരുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് ഇറങ്ങേണ്ട റണ്‍വേയ്ക്ക് മുകളിലൂടെ വിമാനം നിയന്ത്രണമില്ലാതെ പറന്നതോടെ ഓട്ടോ പൈലറ്റ് സംവിധാനം അലാം മുഴക്കിയതോടെയാണ് പൈലറ്റുമാര്‍ ഉണര്‍ന്നതെന്നാണ് പുറത്തുവരുന്ന വിവരം. ഇതിനകം തന്നെ റണ്‍വേയില്‍ ഇറങ്ങാന്‍ 25 മിനിറ്റലധികം വൈകിയിരുന്നു. തുടര്‍ന്ന് പെട്ടെന്ന് വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കി വിമാനം സുരക്ഷിതമായി റണ്‍വേയിലിറക്കുകയായിരുന്നു.
സംഭവം നടന്നതായും വിമാനം റണ്‍വേയ്ക്ക് മുകളിലൂടെ പറന്നതായും വ്യോമയാന നിരീക്ഷണ സംവിധാനമായ എഡിഎസ്ബിയില്‍ നിന്നുള്ള ഡാറ്റ സ്ഥിരീകരിച്ചു. അഡിസ് അബാബ എയര്‍പോര്‍ട്ടിന് സമീപമുള്ള ലൂപ്പ് കാണിക്കുന്ന വിമാനത്തിന്റെ ഫ്ലൈറ്റ് പാതയുടെ ഒരു ചിത്രം ഇത് പോസ്റ്റ് ചെയ്തിട്ടുണ്ട്.
സംഭവം പുറത്തായതോടെ പ്രതികരണവുമായി ഏവിയേഷന്‍ അനലിസ്റ്റ് അലക്സ് മക്കെരാസ് രംഗത്തുവന്നു. വളരെ ആശങ്കയുണ്ടാക്കുന്ന സംഭവമാണ് ഉണ്ടായത്. ക്ഷീണം മൂലമാണ് പൈലറ്റുമാര്‍ ഉറങ്ങിപ്പോയതെന്നും അധികൃതര്‍ വ്യക്തമാക്കി. അതേസമയം, പൈലറ്റുമാര്‍ക്കെതിരെ നടപടി സ്വീകരിക്കുമോ എന്ന കാര്യത്തില്‍ കമ്പനി നിലപാട് വ്യക്തമാക്കിയിട്ടില്ല. പൈലറ്റുമാരുടെ വീഴ്ചയ്‌ക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. ആഫ്രിക്കയിലെ ഏറ്റവും വലിയ എയര്‍ലൈന്‍ കമ്പനിയാണ് എത്യോപ്യന്‍ എയര്‍ലൈന്‍സ്.
ന്യൂയോര്‍ക്കില്‍ നിന്ന് റോമിലേക്കുള്ള വിമാനം ഭൂമിയില്‍ നിന്ന് 38,000 അടി ഉയരത്തില്‍ സഞ്ചരിക്കുന്നതിനിടെ രണ്ട് പൈലറ്റുമാര്‍ ഉറങ്ങിപ്പോയതിന് സമാനമായ സംഭവം മെയ് മാസത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. എയര്‍ബസ് 330 ഫ്രാന്‍സിന് മുകളിലൂടെ പറക്കുമ്പോള്‍ ഐടിഎ എയര്‍വേയ്സിന്റെ രണ്ട് പൈലറ്റുമാരും ഉറങ്ങുകയായിരുന്നുവെന്ന് ഏവിയേഷന്‍ റെഗുലേറ്റര്‍ നടത്തിയ അന്വേഷണത്തില്‍ സ്ഥിരീകരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.