അട്ടപ്പാടി മധു വധക്കേസ്: 'പ്രതികളുടെ ജാമ്യം റദ്ദാക്കിയാല്‍ പ്രത്യാഘാതം നേരിടേണ്ടി വരും': അഭിഭാഷകന്‍ ഭീഷണിപ്പെടുത്തിയെന്ന് ജഡ്ജി

അട്ടപ്പാടി മധു വധക്കേസ്: 'പ്രതികളുടെ ജാമ്യം റദ്ദാക്കിയാല്‍  പ്രത്യാഘാതം നേരിടേണ്ടി വരും':  അഭിഭാഷകന്‍ ഭീഷണിപ്പെടുത്തിയെന്ന് ജഡ്ജി

പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കിയാല്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ഭീഷണിപ്പെടുത്തിയതായി വിചാരണ കോടതി ജഡ്ജി.

ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചതിനെ തുടര്‍ന്ന് 12 പ്രതികളുടെ ജാമ്യം റദ്ദാക്കി കൊണ്ടുള്ള വിധിയിലാണ് പ്രതിഭാഗം അഭിഭാഷകനെതിരെ കോടതി ഗുരുതരമായ ആരോപണമുന്നയിച്ചത്.


ജാമ്യം റദ്ദാക്കിയാല്‍ വിചാരണ ജഡ്ജിയുടെ പടം ഉള്‍പ്പെടെ മോശം വാര്‍ത്തകള്‍ വരുമെന്നും പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞതായി ഉത്തരവില്‍ പറയുന്നു. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് മധുവധക്കേസിലെ 12 പ്രതികളുടെയും ജാമ്യം റദ്ദാക്കി മണ്ണാര്‍ക്കാട് പ്രത്യേക കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

കേസിലെ 16 പ്രതികളില്‍ മരക്കാര്‍, ഷംസുദ്ദീന്‍,അനീഷ്, രാധാകൃഷ്ണന്‍, അബൂബക്കര്‍, സിദ്ധിഖ്, നജീബ്, ജൈജുമോന്‍, അബ്ദുല്‍ കരീം, സജീവ്, ബിജു, മുനീര്‍ എന്നീ 12 പ്രതികളുടെ ജാമ്യമാണ് റദ്ദാക്കിയത്. പ്രതികള്‍ നേരിട്ടും ഇടനിലക്കാര്‍ മുഖേനെയും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം.

കേസിലെ 12 പ്രതികളില്‍ അനീഷ്, സിദീഖ്, ബിജു എന്നിവര്‍ മാത്രമാണ് ഇന്ന് കോടതിയില്‍ ഹാജരായത്. മറ്റ് ഒമ്പത് പ്രതികള്‍ക്കുമെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.