പാര്‍ട്ടിയെ ഇനി നയിക്കാനില്ലെന്ന് രാഹുലും സോണിയയും; കോണ്‍ഗ്രസില്‍ അധ്യക്ഷന്റെ കാര്യത്തില്‍ ആശയക്കുഴപ്പം

പാര്‍ട്ടിയെ ഇനി നയിക്കാനില്ലെന്ന് രാഹുലും സോണിയയും; കോണ്‍ഗ്രസില്‍ അധ്യക്ഷന്റെ കാര്യത്തില്‍ ആശയക്കുഴപ്പം

ന്യൂഡല്‍ഹി: എഐസിസി അധ്യക്ഷസ്ഥാനം ഏറ്റെടുക്കില്ലെന്ന് ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി. ഗാന്ധി കുടുംബത്തിലെ ആര്‍ക്കും പ്രസിഡന്റ് പദത്തിനോട് താല്‍പര്യമില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

രാഹുല്‍ ഗാന്ധി അധ്യക്ഷനാകണമെന്ന് പ്രവര്‍ത്തകരും നേതാക്കളും ആവശ്യപ്പെട്ടിരുന്നെങ്കിലും ഇക്കാര്യത്തില്‍ അനുകൂലമായ മറുപടി അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. ആരോഗ്യസ്ഥിതി മോശമായതിനാല്‍ സോണിയാ ഗാന്ധിയും അധ്യക്ഷ സ്ഥാനത്ത് തുടരില്ലെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരാളെ നിര്‍ദേശിക്കാനും രാഹുല്‍ തയാറായിട്ടില്ലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വന്‍ തകര്‍ച്ചയെ തുടര്‍ന്ന് 2019 മെയ് 25 നാണ് രാഹുല്‍ അധ്യക്ഷ സ്ഥാനമൊഴിഞ്ഞത്.

ഇടക്കാല അധ്യക്ഷയായ സോണിയ മൂന്ന് വര്‍ഷത്തിലേറെയായി പദവിയില്‍ തുടരുന്നു. ആരോഗ്യ കാരണങ്ങളാല്‍ ഒഴിവാക്കണമെന്ന് സോണിയ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രിയങ്ക ഗാന്ധിയെ കൊണ്ടു വരണമെന്ന ഒരുവിഭാഗം നേതാക്കളുടെ അഭിപ്രായത്തോട് രാഹുലും സോണിയയും യോജിക്കുന്നില്ല.

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോാട്ട്, സച്ചിന്‍ പൈലറ്റ്, ഗുലാം നബി ആസാദ് എന്നിവരുടെ പേരുകളാണ് പുതിയ അധ്യക്ഷ സ്ഥാനത്തേക്ക് പറഞ്ഞു കേള്‍ക്കുന്നത്. എന്നാല്‍ ഈ നേതാക്കള്‍ക്കൊന്നും പാര്‍ട്ടിയിലുള്ളവരുടെ പൂര്‍ണ പിന്തുണ നേടാനായിട്ടില്ല. സച്ചിനും ആസാദും പാര്‍ട്ടിക്കെതിരേ അടുത്ത കാലത്ത് നിരവധി നീക്കങ്ങള്‍ നടത്തിയിരുന്നു. അതുകൊണ്ട് തന്നെ പാര്‍ട്ടിയില്‍ ഇവര്‍ക്കുള്ള പിന്തുണയും കുറവാണ്.

ജൂലൈ 21 മുതല്‍ ഓഗസ്ത് 20 വരെ പിസിസി പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ട്രഷറര്‍, എക്സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവരെ തെരഞ്ഞെടുക്കാനാണ് നിശ്ചയിച്ചിരുന്നത്. ഇതൊന്നും പൂര്‍ത്തിയായില്ല. പുതിയ സമയക്രമം തീരുമാനിക്കാന്‍ പ്രവര്‍ത്തകസമിതി ഇനി ചേരണം. മുന്‍ നിശ്ചയിച്ച പ്രകാരം ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകില്ലെന്നാണ് സൂചന.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.