ഐ.എസിന് വേണ്ടി ലിബിയയില്‍ പൊട്ടിത്തെറിച്ച ആ മലയാളി എഞ്ചിനീയര്‍ ആര്?.. കൂടുതല്‍ വിവരങ്ങള്‍ തേടി കേന്ദ്ര ഏജന്‍സികള്‍

ഐ.എസിന് വേണ്ടി ലിബിയയില്‍ പൊട്ടിത്തെറിച്ച ആ മലയാളി എഞ്ചിനീയര്‍ ആര്?.. കൂടുതല്‍ വിവരങ്ങള്‍ തേടി കേന്ദ്ര ഏജന്‍സികള്‍

ന്യൂഡല്‍ഹി: ഇസ്ലാമിക് സ്‌റ്റേറ്റ് (ഐ.എസ്) തീവ്രവാദ സംഘടനയ്ക്കു വേണ്ടി ലിബിയയില്‍ ചാവേര്‍ ആക്രമണം നടത്തിയ ഇന്ത്യക്കാരന്‍ മലയാളിയാണെന്ന് വിവരം. ഇതേ തുടര്‍ന്ന് ഇയാളെക്കുറിച്ച് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ ഊര്‍ജ്ജിത അന്വേഷണം ആരംഭിച്ചു.

കേരളത്തില്‍ നിന്നുളള യുവാവാണ് ലിബിയയിലെ സിര്‍ത്തില്‍ ചാവേര്‍ ആക്രമണത്തില്‍ മരിച്ചതെന്നും ഇയാള്‍ എങ്ങനെ ആഗോള ഭീകര സംഘടനയായ ഐ.എസില്‍ എത്തിയെന്നും സംഘടനയുടെ മുഖപത്രമായ 'വോയിസ് ഓഫ് ഖൊറെസ'നില്‍ വന്ന ലേഖനത്തില്‍ പറയുന്നുണ്ട്. അബൂബക്കര്‍ അല്‍ ഹിന്ദി എന്നാണ് ഇയാളുടെ പേരെന്നും ലേഖനത്തില്‍ പറയുന്നു.

എന്നാല്‍ ലിബിയന്‍ പട്ടണമായ സിര്‍ത്തില്‍ എന്ന് നടന്ന ആക്രമണത്തിലാണ് ഇയാള്‍ മരിച്ചതെന്ന് വ്യക്തമല്ല. അബൂബക്കര്‍ അല്‍ഹിന്ദി എന്ന പേര് വ്യാജമാണോ എന്നും സംശയമുണ്ട്. നിരവധി എഞ്ചിനീയര്‍മാരുളള കുടുംബത്തിലെ അംഗമായ ഇയാള്‍ ആദ്യം ബംഗളൂരുവില്‍ എഞ്ചിനീയറായി ജോലി ചെയ്തു. പിന്നീട് ഗള്‍ഫിലെത്തി. ഈ സമയം ഐ.എസ് ആശയവുമായി ഇന്റര്‍നെറ്റിലൂടെ അടുത്ത ഇയാള്‍ അവിടെ ഐ.എസുമായി ബന്ധമുളളവരെ ഇന്റര്‍നെറ്റിലൂടെ കണ്ടെത്തി.

തീവ്രവാദ സംഘടനയില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്ന് യമനില്‍ ജോലി ചെയ്യാന്‍ ഏല്‍പ്പിച്ചതായും എന്നാല്‍ അവിടേക്ക് പോകാനാകാത്തതിനാല്‍ ഇയാളോട് മടങ്ങാന്‍ ആവശ്യപ്പെട്ടതായും സംഘടനാ മുഖ പത്രത്തിലുണ്ട്.

തുടര്‍ന്ന് നാട്ടിലെത്തിയ യുവാവിനോട് ഇവിടെ വിവാഹാലോചന നടക്കുന്ന സമയത്ത് ലിബിയയിലേക്ക് പോകാന്‍ ആവശ്യപ്പെട്ടു. അവിടെയെത്തിയ ഇയാള്‍ക്ക് കൃത്യമായി പരിശീലനം ലഭിച്ചു. പിന്നീട് ഒരു ചാവേര്‍ ആക്രമണത്തിന് തയ്യാറായി ഇയാള്‍ തന്നെ മുന്നോട്ട് വന്നതായും സംഘടനയുടെ ചാവേര്‍ പോരാളിയായി മരിച്ചതായുമാണ് ലേഖനത്തില്‍ പറയുന്നത്.

'ആഫ്രിക്കയില്‍ കൊല്ലപ്പെടുന്ന ഇന്ത്യയില്‍ നിന്നുളള ആദ്യ രക്തസാക്ഷി' എന്നാണ് ഐ.എസ് ഇയാളെക്കുറിച്ച് പറയുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.