ന്യൂഡല്‍ഹി: യുപിഐ സേവനങ്ങള്‍ക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കുമെന്ന മാധ്യമ വാര്‍ത്തകളോട് പ്രതികരിച്ച് കേന്ദ്ര സര്‍ക്കാര്‍. യാതൊരു വിധത്തിലുള്ള സര്‍വീസ് ചാര്‍ജും ഈടാക്കാന്‍ സര്‍ക്കാരിന് പദ്ധതിയില്ലെന്ന് ധനമന്ത്രാലയം വ്യക്തമാക്കി.
ഗൂഗിള്‍ പേ, ഫോണ്‍പേ ഉള്‍പ്പെടെയുള്ള യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് ഇടാക്കുന്നത് സംബന്ധിച്ച് ആര്‍ബിഐ അഭിപ്രായം തേടിയതായി വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ക്ക് വസ്തുതയുമായി യാതൊരു ബന്ധവുമില്ലെന്നാണ് ധനകാര്യ മന്ത്രാലയം പറയുന്നത്. ഡിജിറ്റല്‍ ഇടപാടുകള്‍ പരമാവധി പ്രോത്സാഹിപ്പിക്കുകയാണ് സര്‍ക്കാര്‍ നയം.
ഈ ഘട്ടത്തില്‍ സര്‍വീസുകള്‍ക്ക് ചാര്‍ജ് ഈടാക്കിയാല്‍ ലക്ഷ്യത്തിലെത്താനാകില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. യുപിഐ എന്നത് പൊതുജനങ്ങള്‍ക്ക് വലിയ സൗകര്യവും സമ്പദ് വ്യവസ്ഥയ്ക്ക് ഉത്പാദനക്ഷമതയും നല്‍കുന്ന ഒരു ഡിജിറ്റല്‍ പൊതു സംവിധാനമാണ്. സേവന ദാതാക്കളുടെ ആശങ്കകള്‍ മറ്റ് മാര്‍ഗങ്ങളിലൂടെ പരിഹരിക്കേണ്ടതാണെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.
യുപിഐ വഴി 800 രൂപ അയയ്ക്കുമ്പോള്‍ രണ്ട് രൂപ ചെലവുണ്ടെന്നാണ് ആര്‍ബിഐയുടെ കണക്ക്. സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതിലൂടെ പണമിടപാട് ശൃംഖലയിലെ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വരുമാനം ഉറപ്പാക്കാമെന്നും ഡിസ്‌കഷന്‍ പേപ്പറില്‍ പറയുന്നു. യുപിഐ, ഐഎംപിഎസ്, എന്‍ഇഎഫ്ടി, ആര്‍ടിജിഎസ് എന്നിവയ്ക്ക് വ്യത്യസ്ത ചാര്‍ജുകള്‍ ഈടാക്കുന്നതിലാണ് റിസര്‍വ് ബാങ്ക് അഭിപ്രായം തേടിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.