തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം ചര്‍ച്ച ചെയ്യാനായി മന്ത്രിസഭാ ഉപസമിതി ഇന്ന് യോഗം ചേരും. വിഴിഞ്ഞത്ത് സമരം തുടരുന്ന പശ്ചാത്തലത്തിലാണ് യോഗം ചേരുന്നത്. പുനര്‍ഗേഹം അടക്കമുള്ള പുനരധിവാസ പ്രശ്നങ്ങള്‍ ആണ് ഫിഷറീസ് മന്ത്രി അബ്ദുറഹ്മാന്റെ അധ്യക്ഷതയില്‍ യോഗം ചര്‍ച്ച ചെയ്യുക. മന്ത്രിമാരായ കെ രാജന്, എം.വി ഗോവിന്ദന്, ആന്റണി രാജു, ചിഞ്ചുറാണി എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.
മുട്ടത്തറയിലെ ഭൂമി ഏറ്റെടുക്കുന്നതില്‍ അന്തിമ തീരുമാനം ഉണ്ടായേക്കും. ലത്തീന്‍ അതിരൂപതയുമായി ഫിഷറീസ് മന്ത്രി നടത്തിയ ചര്‍ച്ചയില്‍ ഉയര്‍ന്ന പുനരധിവാസ നിര്‍ദേശങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും. ക്യാമ്പുകളില്‍ കഴിയുന്നവരെ വീടുകളിലേക്ക് മാറ്റുന്നതിനായുള്ള റിപ്പോര്‍ട്ട് 27നുള്ളില്‍ സമര്‍പ്പിക്കാനാണ് ജില്ലാ കളക്ടര്‍ക്കും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ക്കും നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇതിന് ശേഷമായിരിക്കും മത്സ്യത്തൊഴിലാളി കുടുംബങ്ങളെ വാടക വീടുകളിലേക്ക് മാറ്റിപ്പര്പ്പിക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കുക.
വിഴിഞ്ഞത്തെ തീരദേശവാസികളുടെ പ്രതിസന്ധികള്‍ അതീവ ഗുരുതരമാണെന്ന് കെസിബിസി ഇന്നലെ വ്യക്തമാക്കിയിരുന്നു. സത്യസന്ധവും ക്രിയാത്മകവുമായ സര്‍ക്കാര്‍ ഇടപെടലുകള്‍ അടിയന്തരമായി വേണമെന്നും കെസിബിസി ആവശ്യപ്പെട്ടു. ഇപ്പോഴത്തെ അവസ്ഥ കടുത്ത മനുഷ്യാവകാശ ലംഘനമാണ്. തീരദേശവാസികളുടെ പോരാട്ടത്തിനും ലത്തീന്‍ അതിരൂപതയ്ക്കും കെസിബിസിയുടെ പൂര്‍ണ്ണ പിന്തുണയുണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു.
അതേസമയം വിഴിഞ്ഞത്ത് തുറമുഖ വിരുദ്ധ സമരം ഇന്ന് മുതല്‍ ശക്തമാക്കാനാണ് തീരുമാനം. കടല്‍ മാര്‍ഗവും നാളെ വിഴിഞ്ഞം തുറമുഖം ഉപരോധിക്കാനാണ് സമര സമിതിയുടെ തീരുമാനം. പൂന്തുറ ഇടവകയുടെ നേതൃത്തിലാണ് കടല്‍ മാര്‍ഗം ഇന്ന് തുറമുഖം വളയുക. ചെറിയതുറ, സെന്റ് സേവിയേഴ്സ്, ചെറുവെട്ടുകാട് ഇടവകകളുടെ നേതൃത്വത്തില്‍ മുല്ലൂരിലെ തുറമുഖ കവാടവും ഉപരോധിക്കും. ആറാം ദിവസമായ ഇന്നലെയും വിഴിഞ്ഞത്തെ സമര മുഖം സജീവമായിരുന്നു.
മതാധ്യാപകരുടെ നേതൃത്വത്തില്‍ സമരവേദിയില്‍ ഇന്നലെ പ്രാര്‍ത്ഥനാ ദിനം ആചരിച്ചിരുന്നു. തിരുവനന്തപുരം ലത്തീന്‍ അതിരൂപതയ്ക്ക് കീഴിലെ എല്ലാ മതബോധന കേന്ദ്രങ്ങളിലെയും അധ്യാപകരുടെ നേതൃത്വത്തിലാണ് ഇന്നലെ സമരവേദിയില്‍ പ്രാര്‍ത്ഥനാ ദിനം ആചരിച്ചത്. കഴിഞ്ഞ രണ്ട് ദിവസവും ബാരിക്കേഡുകള്‍ തകര്‍ത്ത് സമരക്കാര്‍ പദ്ധതി പ്രദേശത്തിനകത്തേക്ക് കയറി കൊടി നാട്ടിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.