മിസൈല്‍ വര്‍ഷിച്ച് റഷ്യയുടെ പ്രകോപനം; സ്വാതന്ത്ര്യദിനാഘോഷം റദ്ദാക്കി ഉക്രെയ്ന്‍

മിസൈല്‍ വര്‍ഷിച്ച് റഷ്യയുടെ പ്രകോപനം; സ്വാതന്ത്ര്യദിനാഘോഷം റദ്ദാക്കി ഉക്രെയ്ന്‍

കീവ്: പഴയ സോവിയറ്റ് ഭരണത്തില്‍ നിന്ന് മോചനം നേടിയതിന്റെ 31-ാം വാര്‍ഷികം ആഘോഷിക്കാനിരിക്കെ റഷ്യയുടെ മിസൈല്‍ ആക്രമണം ശക്തമാക്കിയതിനാല്‍ ഔദ്യോഗിക സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ റദ്ദാക്കി ഉക്രെയ്ന്‍. ഓഗസ്റ്റ് 24ന് തലസ്ഥാന നഗരമായ കീവില്‍ നടത്താനിരുന്ന ഔദ്യോഗിക ആഘോഷപരിപാടികളാണ് റദ്ദാക്കിയത്.

മറ്റ് മേഖലകളിലും ആക്രമണ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ പരസ്യമായ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് രാജ്യത്ത് വിലക്കുണ്ട്. വ്യാഴാഴ്ച വരെയാണു പൊതു ആഘോഷങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ഹര്‍കീവില്‍ നിലവിലുള്ള കര്‍ഫ്യൂ ദീര്‍ഘിപ്പിക്കാനും ഉക്രെയ്ന്‍ ആഭ്യന്തര മന്ത്രാലയം തീരുമാനമെടുത്തു. ഇന്നും നാളെയും വീടുകളിലിരുന്നു ജോലി ചെയ്താല്‍ മതിയെന്നും നിര്‍ദേശമുണ്ട്.

ഓഗസ്റ്റ് 24ന് രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ റഷ്യയുടെ ഭാഗത്ത് നിന്ന് പ്രകോപനപരമായ ആക്രമണങ്ങള്‍ ഉണ്ടായേക്കാമെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി കഴിഞ്ഞദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് ഹര്‍കീവില്‍ റഷ്യ മിസൈല്‍ ആക്രമണം ശക്തമാക്കിയത്.

ഇതോടെ ഹര്‍കീവില്‍ പ്രാബല്യത്തിലുള്ള കര്‍ഫ്യൂ 15 മണിക്കൂറാക്കി. നിലവില്‍ രാത്രി 10 മുതലാണ് രാവിലെ ഏഴ് വരെയായിരുന്നു കര്‍ഫ്യു. ഇത് വൈകുന്നേരം നാല് മുതല്‍ രാവിലെ ഏഴു വരെയാക്കി. ബുധനാഴ്ച്ച 24 മണിക്കൂറും കര്‍ഫ്യൂ നീട്ടണമെന്ന ഗവര്‍ണര്‍ ഒലെഹ് സിനെഹബിന്റെ ആവശ്യം സര്‍ക്കാര്‍ പൂര്‍ണ നിലയില്‍ സ്വീകരിച്ചില്ല. എല്ലാവരും വീട്ടില്‍ തന്നെ തുടരണമെന്നും മുന്നറിയിപ്പുകള്‍ പാലിക്കണമെന്നും ഗവര്‍ണര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ആറു മാസമായി തുടരുന്ന യുദ്ധത്തില്‍ 5,587 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായും 7,890 പേര്‍ക്ക് പരിക്കേറ്റതായും യുഎന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫീസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. തൊള്ളായിരത്തോളം പട്ടാളക്കാര്‍ കൊല്ലപ്പെട്ടതായാണ് ഉക്രെയ്‌നും പറയുന്നത്. യുദ്ധത്തിന് നേരിയ അയവ് വന്നിട്ടുണ്ടെങ്കിലും പ്രധാന നഗരങ്ങളിലും അധിനിവേശ മേഖലകളിലും യുദ്ധസാഹചര്യം ഒഴിവായിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.