വിഴിഞ്ഞം സമരം: അതിജീവനത്തിനായി സമരം ചെയ്യുന്ന ജനങ്ങളോട് നീതിയോടെ സമീപിക്കണം; കെആര്‍എല്‍സിസി

വിഴിഞ്ഞം സമരം: അതിജീവനത്തിനായി സമരം ചെയ്യുന്ന ജനങ്ങളോട് നീതിയോടെ സമീപിക്കണം; കെആര്‍എല്‍സിസി

തിരുവനന്തപുരം: ഒരു പദ്ധതി ജനസമൂഹത്തെ ഒന്നാകെ ഗുരുതരമായി ബാധിക്കുന്ന സാഹചര്യത്തില്‍ അത് പരിഹരിച്ച് മുന്നോട്ടു പോകാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്ന് 
കേരള റീജണല്‍ ലത്തീന്‍ കാത്തലിക് അസോസിയേഷന്‍ (കെആര്‍എല്‍സിസി). വിഴിഞ്ഞം തുറമുഖ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കെആര്‍എല്‍സിസി മുഖ്യമന്ത്രിയ്ക്ക് നല്‍കിയ നിവേദനത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. വിഴിഞ്ഞം തീരത്ത് സൃഷ്ടിച്ചിട്ടുളള അതീവ ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം ആവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി നിയമസഭയില്‍ നടത്തിയ പ്രതികരണങ്ങള്‍ യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്നും വൃതിചലിക്കുന്നതും മുഖ്യമന്ത്രി എന്ന നിലയിലെ ഉത്തരവാദിത്വം പ്രകടിപ്പിക്കാത്തതുമാണെന്ന് നിവേദനത്തില്‍ പറയുന്നു..

കേരളത്തിന്റെ സമ്പദ്ഘടനയുടെ വളര്‍ച്ചയ്ക്കും സമഗ്രപുരോഗതിക്കും ത്യാഗ പൂര്‍ണമായ സംഭവനകള്‍ നല്‍കിയിട്ടുള്ള ഒരു സമുദായമാണ് കേരളത്തിലെ ലത്തീന്‍ സമുദായവും കത്തോലിക്കാസഭയും. തുമ്പയിലെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം, കൊച്ചിയിലെ കപ്പല്‍ നിര്‍മ്മാണശാല എന്നിവയൊക്കെ ഇതിനുളള സജീവ ഉദാഹരണങ്ങളാണ്.

ജനങ്ങളുടെ രോദനത്തിനും പ്രതിഷേധത്തിനും അര്‍ഹമായ പരിഗണന നല്‍കാതെ നിഷേധാന്മക നിലപാട് സ്വീകരിക്കുന്ന സര്‍ക്കാര്‍ നയം ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുന്നു എന്നും കെആര്‍എല്‍സിസി അഭിപ്രായപ്പെട്ടു.

പദ്ധതിയുടെ ആരംഭത്തില്‍ തീരശോഷണം ഉണ്ടാകില്ല എന്ന റിപ്പോര്‍ട്ടുകള്‍ അങ്ങ് ചൂണ്ടിക്കാട്ടുമ്പോള്‍ അതിഭീകരമായ വിധം തീരം കടല്‍ കവര്‍ന്നെടുക്കുന്നുവെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. 2015ല്‍ സര്‍ക്കാര്‍ സമരക്കാരോടു പറഞ്ഞത് വിഴിഞ്ഞം പോര്‍ട്ട് ഒരിക്കലും തീരശോഷണത്തിനു കാരണമാകില്ലെന്നും എന്നെങ്കിലും അത്തരം ഒരു
സാഹചര്യമുണ്ടാവുകയാണെങ്കില്‍ 475 കോടി പുനരധിവാസത്തിനായി തരാമെന്നുമാണ്.

ഏഴ് വര്‍ഷത്തിനു ശേഷം ഇപ്പോള്‍ 20% മാത്രം പോര്‍ട്ട് പണി നടന്നപ്പോള്‍ വലിയ തീരശോഷണം ഈ പ്രദേശത്തു സംഭവിച്ചിരിക്കുന്നു. അതായത് ശംഖുമുഖം കടപ്പുറം ഉള്‍പ്പെടെയുള്ള തീരത്തെ 640 ഏക്കര്‍ സ്ഥലം കടലെടുത്തിരിക്കുന്നു. കടലിന്റെ ആവാസവ്യവസ്ഥ തകര്‍ന്നിരിക്കുന്നു. അനേകം വീടുകള്‍ വാസയോഗ്യമല്ലാതായിരിക്കുന്നു. കണ്‍മുമ്പില്‍ നടക്കുന്ന ഈ സംഭവങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാവുന്നത് എങ്ങനെയെന്നും കെആര്‍എല്‍സിസി ചോദിക്കുന്നു.

ഇക്കാര്യം അധികാരികളെ ബോധ്യപ്പെടുത്താന്‍ രൂപത വര്‍ഷങ്ങളായി പല രീതികളില്‍ ശ്രമിച്ചിരുന്നു. ഇപ്പോള്‍ പദ്ധതി പ്രദേശത്ത് രാപകല്‍ സമരം ചെയ്യുന്നു. തീരശോഷണത്തിന്റെ കാരണം തുറമുഖ നിര്‍മ്മാണമാണെന്ന് പ്രാദേശിക സമൂഹങ്ങള്‍ പറയുമ്പോള്‍ ആഗോള താപനവും കാലാവസ്ഥ വൃതിയാനവുമാണെന്ന് സര്‍ക്കാരും പറയുന്നു. അതുകൊണ്ടാണ്
സമരത്തിന്റെ പ്രധാന ആവശ്യമായ, തുറമുഖ നിര്‍മ്മാണം നിര്‍ത്തിവച്ച് പ്രദേശവാസികളെക്കൂടി ഉള്‍പ്പെടുത്തി ശാസ്ത്രീയമായതും സത്യസന്ധവുമായ പഠനം നടത്തണമെന്നത്
പ്രസക്തമാകുന്നതെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

തുറമുഖ നിര്‍മാണത്തിന്റെ പേരില്‍ നടക്കുന്ന പാറ ഖനനവും തന്മൂലമുള്ള പാരിസ്ഥിതിക പ്രശ്നങ്ങളും വിഴിഞ്ഞംകാരെ മാത്രം ബാധിക്കുന്നതല്ല. മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുമ്പോള്‍ മനുഷ്യ സ്‌നേഹികളായവര്‍ അതിര്‍ത്തികള്‍ മറികടന്ന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരത്തില്‍ പങ്കു ചേരും. അതിജീവനത്തിനായി സമരം ചെയ്യുന്ന ജനങ്ങളോട് നീതിയോടെ സമീപിച്ച് അവരുടെ ആവശ്യങ്ങള്‍ പരിഗണിച്ച് സമരം അവസാനിപ്പിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും നിവേദനത്തില്‍ കെ.ആര്‍.എല്‍.സി.സി ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.