ശമ്പള വിതരണം: കെഎസ്ആര്‍ടിസിക്ക് 103 കോടി രൂപ സര്‍ക്കാര്‍ നല്‍കണം; തൊഴിലാളികളെ പട്ടിണിക്കിടാനാവില്ലെന്ന് ഹൈക്കോടതി

ശമ്പള വിതരണം: കെഎസ്ആര്‍ടിസിക്ക് 103 കോടി രൂപ സര്‍ക്കാര്‍ നല്‍കണം; തൊഴിലാളികളെ പട്ടിണിക്കിടാനാവില്ലെന്ന് ഹൈക്കോടതി

കൊച്ചി: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കുള്ള ശമ്പളവും ഉല്‍സവബത്തയും നല്‍കാന്‍ 103 കോടി രൂപ സര്‍ക്കാര്‍ നല്‍കണമെന്ന് ഹൈക്കോടതിയുടെ നിര്‍ദേശം. ശമ്പള വിതരണത്തിനു മുന്‍ഗണന നല്‍കണം എന്ന ജീവനക്കാരുടെ ആവശ്യം പരിഗണിച്ചാണ് കോടതിയുടെ ഇടപെടല്‍.

കേസ് അടുത്ത ഒന്നാം തീയതി പരിഗണിക്കുന്നതിനായി മാറ്റി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളം നല്‍കുന്നതിന് 50 കോടി വീതവും ഉല്‍സവ ബത്ത നല്‍കുന്നതിനായി മൂന്നു കോടിയും നല്‍കണമെന്ന് കെഎസ്ആര്‍ടിസി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ പണം നല്‍കാനാണ് കോടതിയുടെ നിര്‍ദേശം.

സര്‍ക്കാര്‍ സഹായിക്കാതെ ജീവനക്കാര്‍ക്കു ശമ്പളം നല്‍കാനാവില്ലെന്നു കെഎസ്ആര്‍ടിസി ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടു മാസങ്ങളിലെ ശമ്പളം നല്‍കാന്‍ പത്തു ദിവസത്തെ സമയം കൂടി അനുവദിക്കണം എന്ന ആവശ്യം സര്‍ക്കാര്‍ കോടതി മുമ്പാകെ സമര്‍പ്പിച്ചു. ഇത് അംഗീകരിക്കാതിരുന്ന കോടതി തൊഴിലാളികളെ പട്ടിണിക്കിടാനാവില്ലെന്നും വ്യക്തമാക്കുകയായിരുന്നു. തുടര്‍ന്നാണ് 103 കോടി കെഎസ്ആര്‍ടിസിക്കു നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.

ഡ്യൂട്ടി പരിഷ്‌കരണം നടപ്പാക്കിയാലേ സഹായിക്കൂ എന്ന സര്‍ക്കാര്‍ നിലപാടിനു കോടതി ഉത്തരവു തിരിച്ചടിയായിരിക്കുകയാണ്. ഡ്യൂട്ടി പരിഷ്‌കരണ വിഷയം കോടതിയില്‍ ഉന്നയിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും അതിനു കോടതി തടയിട്ടു. ഇത് ഇപ്പോള്‍ പരിഗണിക്കാനാവില്ല എന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. ശമ്പളം നല്‍കാതെ ഈ വിഷയത്തില്‍ ചര്‍ച്ച സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.